Ind disable

Saturday, April 23, 2016

ഒരു കളർ ചിത്ര കഥ..

അടുത്തതൊരു കടലാണ്
ചുഴികൾ മാത്രമുള്ളൊരു പച്ചക്കടൽ
ചുവപ്പ് കണ്ടാൽ വാൾ മുനമ്പുകളുടെ
ദന്ത ശേഖരവുമായി കുതിചെത്തുന്ന
വമ്പൻ സ്രാവുകൾ മാത്രമുള്ളൊരു കടൽ..

നീ പേടിക്കണ്ട..
പറഞ്ഞു വരുന്നത് നിന്റെ ചുവപ്പ്‌ ചോരുന്ന
മാസ മുറകളെ കുറിച്ചല്ല ..
എന്റെ മുറതെറ്റിയ..
മഞ്ഞച്ചു പോയ മാസങ്ങളെ കുറിച്ചാണ് ..

നിനക്കിനിയും വിശ്വസിക്കാനാവുമോ..?
അന്നാ വെളുത്ത രാത്രിയുടെ
കറുത്ത മറവിൽ ഞാൻ-
നിന്റെ വിയർപ്പിലൊട്ടി
മയങ്ങിക്കിടക്കുകയായിരുന്നെന്ന്..?
അല്ല..
മുറിഞ്ഞു മുറിഞ്ഞു നിന്നിലേക്ക്‌
ചുവന്നു വീഴുകയായിരുന്നു..
ഒറ്റ രതിമൂർച്ച കൊണ്ട് മരിച്ചു പോയവൻ..!

അന്നാ രാത്രി കറുത്ത് നീലിച്ചൊരു
സിന്ദൂരചെപ്പിൽ വീണു തുടുത്ത
പകലിലാണ് ഈ പച്ചക്കടലുണ്ടായത് ..!

വഴിക്കു കണ്ട വയലറ്റ് കാടും
നീലപ്പുഴയും നീ മറന്നോ ..?

അതെന്റെ പോയ കാലമായിരുന്നു..
നിന്നെ കാണും മുൻപേ
എന്നെ ഒഴുകാൻ പഠിപ്പിച്ചൊരു
തവിട്ടു പൂഞ്ചൊലയുടെ ചിരിയോളങ്ങളിൽ
ഉരഞ്ഞു മിനുങ്ങിയ വയലറ്റ് കല്ലുകളുടെ
വസന്തമായിരുന്നു ഒന്ന് ..
ആ ചിരിയാണ് നിന്റെ വിയർപ്പിലുരച്ച്‌
ഞാൻ ചിതറിച്ചു  കളഞ്ഞത് ..!

എന്റെ മാറിലെ ചെമ്പൻ രോമങ്ങളിലൂടെ
മെലിഞ്ഞു നീണ്ട വിരലുകളൊഴുക്കി
അവൾ തീർത്ത- വർണ്ണമോഹങ്ങളായിരുന്നു
നീ കണ്ട നീളൻപുഴ...!
നീറി നീറി യൊരു നരച്ച നീലയായി
വരണ്ട നിളപോലെയൊരു വരയായി
അതു മാറിപ്പോയത് ഞാൻ-
നിന്റെയുറവയിൽ പെയ്യാൻ തുടങ്ങിയ -
കടും നിറങ്ങളുടെ ആസക്തിയിരംബിയ
ഭ്രാന്തൻ നിമിഷങ്ങളിൽ തന്നെയാവും..

അടുത്തതൊരു കിണറാണ്..

എന്റെകാടും പുഴയും  പൂഞ്ചോലയുമൊന്നടങ്കം കുടിച്ചിറക്കിയ -
നിറം കെട്ട കിണർ..
വെളുത്ത നമ്മുടെ വിയർപ്പുകണങ്ങ-
ളൊന്നു ചേരുന്ന ഗന്ധതിന് ..
കടവ് താഴും വരെ കണ്ണീരു പെയ്യിക്കാൻ
കഴിയുമെന്നു കാണിച്ച്
എന്റെ മേഘം പെയ്തിറങ്ങിപ്പോയ സ്വർഗ്ഗം..

ഇനി നീയൊരു കുട്ടിയാവണം..
ഞാനലിയുമ്പോൾ എത്ര നിറങ്ങൾ
വേറിട്ട്‌ വേർപ്പെട്ടു വെയിലു തേടുന്നുവെന്ന്
കൗതുകം കൊള്ളുന്ന
അരയും ആസക്തിയുമെന്തെന്നറിയാതെ
കിണറു നോക്കിയിരിക്കുന്ന
വെള്ളാരം കല്ലുള്ള വെളുത്ത കുട്ടി..!!
-------------------ShaLy----------------------

3 comments:

  1. തീക്ഷ്ണതകൾ നിരക്കുന്ന കവിയുടെ ഇക്കവിതയും വായിച്ചിരിക്കുന്നു.
    എല്ലാവരും ഒരു പകലിൽ ഉണ്ടായ കടലും കടലിലൂടെയും .....
    ആശംസകൾ

    ReplyDelete
  2. നന്നായിരിക്കുന്നു.ദുർഗ്രഹമായ ചില ഭാഗങ്ങൾ!!!

    ReplyDelete