മഴ നനഞ്ഞ മാംഗല്യം
''ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്...പുറത്ത് പടക്കവും വെടിയൊച്ചകളും കോലാഹലങ്ങളുമില്ലാത്ത രാത്രി...
നേര്‍ത്ത നിലാവ് ജനവാതിലിനും തിരശീലക്കുമിടയിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ട് ...സാരമില്ല..,
അവളാരോടും പറയില്ല...അങ്ങിനെ അവള്‍ പറഞ്ഞിരുന്നെങ്കില്‍ മണിയറ രഹസ്യം പുറത്താവാത്ത ഒരാളും തന്നെ ഉണ്ടാവുമായിരുന്നില്ലല്ലോ...
എന്തിന്.... അങ്ങനെയൊരു രഹസ്യം തന്നെ ഉണ്ടാവുമായിരുന്നോ...''?
ജബ്ബാറിന്‍റെ ശബ്ദം കൂടുതല്‍ പ്രണയാര്‍ദ്രമായിരിക്കുന്നെന്നു സെലീനയ്ക്കു തോന്നി... അവളൊന്നു കൂടെ അവനിലേയ്ക്കുചേര്‍ന്നിരുന്നു പുഞ്ചിരിച്ചു ..അവന്‍ സലീനയെ പതുക്കെ തന്‍റെ മാറോടു ചേര്‍ത്തു...
അവളുടെ ഇട തൂര്‍ന്ന മുടിയിഴകളിലൂടെ പതുങ്ങി നീങ്ങുന്ന വിരലുകള്‍ക്കൊപ്പം അവന്‍റെ ഓര്‍മ്മകള്‍ നിലാവും നിഴലുകളും ....ഇരുളും വെളിച്ചവും വിരിഞ്ഞു കൊഴിഞ്ഞ നാല് രാപകലുകളും കടന്ന്...,
കൊട്ടും പാട്ടും ആട്ടവും മുറുകിയ ഒരു മംഗല്യ യാത്രയുടെ മുന്‍പില്‍ ഒരു കയ്യില്‍ പൂച്ചെണ്ടും മറു കയ്യില്‍ നാണം വിയര്‍പ്പു പോടിയിച്ചൊരു മലര്‍കരവും ഗ്രഹിച്ചു നടക്കുന്ന ഒരു മണവാളന്‍റെ നിസ്സഹായതയ്ക്ക് മുന്നില്‍ ചെന്ന് പകച്ചു നിന്നു....
പെയ്യാന്‍ മുട്ടി നില്‍ക്കുന്ന കാര്‍ മേഘങ്ങളെ അവന്‍ ദയനീയമായൊന്നു നോക്കി..പുറകില്‍ ബാന്റു മേളവും ബ്രേക്ക് ഡാന്‍സും ഗംഭീരമാക്കികൊണ്ട് തന്‍റെ സില്‍ബന്തികളും... നാട്ടിലെ ആണായിപിറന്ന സകല യുവതയും ബാല്യവും തന്‍റെ നെഞ്ചത്ത് ചവുട്ടികൊണ്ട് കല്യാണം ആഘോഷിക്കുകയാണ്.. മണവാട്ടിയുടെ ഉള്ളം കയ്യില്‍ പിടിച്ച പിടി ഒന്ന് കൂടെ മുറുക്കി അവളുടെ ചായം തേച്ചു മിനുക്കിയ വട്ട മുഖത്തെയ്ക്ക് കള്ള കാക്കയെ പോലെ പതുക്കെ ഒളി കണ്ണിട്ടു നോക്കിയപ്പോള്‍ ...അവന്‍റെ ഉള്ളില്‍ നിന്നോരാശ്വാസ നിശ്വാസം ആരുമറിയാതെ പുറത്തിറങ്ങിയോടി...
'ഇല്ല അവളുടെ മുഖത്തെ മന്ദഹാസം ഇപ്പോഴും മാഞ്ഞിട്ടില്ല....'
എന്തായാലും അവളുടെ അടുത്തൊരു മുന്‍കൂര്‍ ജാമ്യം എടുത്തു വച്ചത് നന്നായെന്നു അവനു തോന്നി... എല്ലാം പ്രതീക്ഷിച്ചത് തന്നെ..കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ആരും പറയാതെ തന്നെ അവനറിയാം .. അറിയാമെന്നു മാത്രമല്ല ..ഇത് പോലെ കല്യാണ മേളങ്ങള്‍ കൊഴുപ്പിക്കുന്നതിനു വേണ്ടിത്തന്നെ ഈ ഡയലോഗ് പല മണവാളന്‍ മാരും തന്നോടും താനവരോടും പലവട്ടം പറഞ്ഞിട്ടുള്ളതുമാണ്...
എന്നാലും ഇത്രയും അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.....
രണ്ടു കിലോമീറ്ററുകളോളം ഇവന്മാര്‍ തങ്ങളെ നടത്തിച്ചു കളയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല...
മഴയുടെ ഗമന കാഹളം ദൂരെ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ അവന്‍ പല തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി..ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നു പറഞ്ഞു നടക്കുന്നവന്മാരിലോരുവന്‍റെ കണ്ണിലെങ്കിലുമുണ്ടോ ഒരല്പം ദയ...?!!
''ഊ...ഹും.. ഇല്ല'' മനസ്സില്ലാ മനസ്സോടെ വീണ്ടും മുന്നോട്ട് ...
ബാന്‍റിനൊപ്പം.. അല്ല അതിനേക്കാള്‍ വേഗത്തില്‍ അവന്‍റെ ഹൃദയം കടും തുടി കൊട്ടുകയാണ് . ഇപ്പൊ തന്‍റെ പൊന്‍മുത്തിന്‍റെ ലിപ്സ്റ്റിക് ഇട്ട അധരങ്ങളിലാ മനം മയക്കുന്ന പുഞ്ചിരിയില്ല..കണ്ണുകളിലെ നാണത്തിനൊപ്പം അതും എവിടെയോ പോയൊളിചിരിക്കുന്നു...ഇനിയുമെത്ര ദൂരം ബാക്കി കിടക്കുന്നെന്നോര്‍ത്തപ്പോള്‍ അവന്‍റെ മനസ്സില്‍ അറിയാതൊരു കരി മുകില്‍ കൂടി കനത്തു...
അകലെയൊരു ശബ്ദം മാത്രമായിരുന്ന കാറ്റും മഴയും ആഘോഷ മേളങ്ങളിലേക്കിറങ്ങി വന്നു നിര്‍ധാക്ഷിണ്യം താണ്ടവമാടി...
കൊട്ടുകാര്‍ ബാന്റും പീപ്പിയുമായി എങ്ങോ മറഞ്ഞെങ്കിലും തുള്ളല്‍ക്കാര്‍ നിറുത്തിയില്ല... അവര്‍ തിമിര്‍ക്കുകയാണ് പലരുടെയും ഉള്ളില്‍ വെള്ളങ്ങളിലെ വലിയ വെള്ളം ആത്മാര്‍ത്ഥമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് മനസ്സലിവു തോന്നിയ ഒരു കൊച്ചു കുട്ടി വെച്ച് നീട്ടിയ ഒരു പുള്ളിക്കുടയ്ക്കുള്ളില്‍ തമ്മിലൊട്ടി നിന്നു പാതി മഴ നനയുമ്പോള്‍ പ്രാണ പ്രിയയുടെ മേയ്ക്കപ്പിളകിയ കവിളിലൂടെ ഒലിചിറങ്ങിയത് കണ്ണീരൊ മഴ നീരൊ എന്ന് തിരിച്ചറിയാനാവാതെ നിര്‍വ്വികാരനായി അവന്‍ നിന്നു...
കൊട്ടുകാര്‍ ബാന്റും പീപ്പിയുമായി എങ്ങോ മറഞ്ഞെങ്കിലും തുള്ളല്‍ക്കാര്‍ നിറുത്തിയില്ല... അവര്‍ തിമിര്‍ക്കുകയാണ് പലരുടെയും ഉള്ളില്‍ വെള്ളങ്ങളിലെ വലിയ വെള്ളം ആത്മാര്‍ത്ഥമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് മനസ്സലിവു തോന്നിയ ഒരു കൊച്ചു കുട്ടി വെച്ച് നീട്ടിയ ഒരു പുള്ളിക്കുടയ്ക്കുള്ളില്‍ തമ്മിലൊട്ടി നിന്നു പാതി മഴ നനയുമ്പോള്‍ പ്രാണ പ്രിയയുടെ മേയ്ക്കപ്പിളകിയ കവിളിലൂടെ ഒലിചിറങ്ങിയത് കണ്ണീരൊ മഴ നീരൊ എന്ന് തിരിച്ചറിയാനാവാതെ നിര്‍വ്വികാരനായി അവന്‍ നിന്നു...
ഇടക്കേതോ കാരണവര്‍ കാറുമായി വന്ന് കയറാന്‍ പറഞ്ഞതും അവനവളെയും കൊണ്ട് ഉള്ളിലേക്ക് ചാടി കയറി..തങ്ങള്‍ മൂന്നു പേര്‍ മാത്രമുണ്ടായിരുന്ന കാറില്‍ തിക്കും തിരക്കും നിറഞ്ഞതും കൊട്ടും പാട്ടും ഉയര്‍ന്നതും നനഞ്ഞു കുതിര്‍ന്ന കരങ്ങള്‍ ചൂട് പിടിച്ചു ഒപ്പന താളം കൊട്ടി തുടങ്ങിയതും കണ്ടുംകേട്ടുമിരിക്കുമ്പോള്‍ ശരീരം മരവിച്ചത് കൊണ്ടോ മനസ്സ് പതറിയത് കൊണ്ടോ എന്നറിയില്ല.....
മണവാളന്‍ വിറക്കുകയായിരുന്നു....മഴയുടെ താണ്ഡവത്തില്‍ അടിമുടി കുതിര്‍ന്ന മണവാട്ടിയുടെ നനഞ്ഞൊട്ടിയ കാര്‍കൂന്തലിലിരുന്നു പുതു പ്രാണന്‍ കിട്ടിയ മുല്ല മൊട്ടുകള്‍ ഇടയ്ക്കാരും കാണാതെ ചിരിച്ചു വിടര്‍ന്നു സുഗന്ധം പരത്തി
മഴയും പകലും ഒരുമിച്ചു വിട പറഞ്ഞെവിടെയോ മറഞ്ഞിരിക്കുന്നു...
സമയമിപ്പോള്‍ ഏതാണ്ട് ഏഴു മണി കഴിഞ്ഞു ..ഫോട്ടോ ഗ്രാഫര്‍ സലീമിന്‍റെ (കൊച്ചാപ്പയുടെ മകനാണ്.. അവന്‍റെ കാമറ... അവന്‍റെ സേവനം....മറുത്തെന്തെങ്കിലും പറഞ്ഞാല്‍ അവന്‍ സലാം പറഞ്ഞിറങ്ങും ) കിറുക്കിനു നിന്ന് കൊടുത്തു മനം മടുത്തപ്പോള്‍ ...പഹയെന്‍ പഠിക്കാനെന്ന് തോന്നുന്നു ഫോട്ടോ കിട്ടുമ്പോ തലേം കാലുമൊക്കെ ഉണ്ടായാല്‍ മതിയായിരുന്നു...എന്ന് പിറു പിറുത്തു കൊണ്ട് അവന്‍ അറയില്‍ നിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു..അകത്തു പെണ്ണുങ്ങളുടെ അട്ക്കിപ്പിടിച്ചതും ഉറക്കെയുമായുള്ള വര്‍ത്തമാനങ്ങള്‍ ... പുറത്തു കാരണവന്‍ മാരുടെ ...കയ്യിലെ കട്ടന്‍ ചായ യേകാള്‍ ചൂട് പതക്കുന്ന ചര്‍ച്ച.. എവിടെയും വിഷയം കല്യാണ ഘോഷവും പുതുക്കക്കാരും മഴ നനഞ്ഞത് തന്നെ...രണ്ടു കൂട്ടരുടെ ഇടയിലും തന്നെ പ്രാന്ത് പിടിപ്പിക്കാന്‍ പോന്ന ചോദ്യ ശരങ്ങള്‍ കുലച്ചു വെച്ചിട്ടുണ്ടാവും..അവന്‍ അപ്പുറത്തെ മൂലയില്‍ പാതിയിരുട്ടിലിരുന്നു സല്ലപിക്കുന്ന സമപ്രായ കാരും അല്ലാത്തവരുമായ ചെറുപ്പക്കാരുടെ ഇടയിലേക്ക് നടന്നു...
''എവിടെ ഓരൊക്കെ...''?
''ആര്'' ...?
''രാജേഷും ജമാലൊക്കെ..."?
''ഓ...ഇങ്ങളെ ചെങ്ങായ്മാരോ...ദാ മേലത്തെ പറമ്പിലിണ്ട് ആ വെപ്പ് പൊരേല് കുത്തിയിരിക്കാണ്...
ഓല് ഇനീം എന്തേലും പുകിലോപ്പിക്കും.... ഒറപ്പാണിക്കാ...
ഹും....അവന്‍ കുറെ നേരം നഖം കടിച്ചു കൊണ്ട് മണ്ണിലേക്ക് തന്നെ നോക്കിയിരുന്നു ...
താനായിട്ട് ചെയ്തു കൂട്ടിപ്പോയ കല്യാണ സൊറകള്‍ക്കൊക്കെ പശ്ചാതാപമെന്നോണമാവം അയാളുടെ വെട്ടിയൊതുക്കിയ നഖങ്ങളില്‍ നിന്നും പിന്നെയും കടിച്ചു തുപ്പിയ പൊടി ചീളുകള്‍ മണ്ണിലേക്ക് വീണടിഞ്ഞത്...
''ടോ......!! യ്യിവിട്‌ന്നു തിരിഞ്ഞ് കളിക്കാണ്ട് അവ്തെക്ക് കേറിക്കാ... ഇല്ലെങ്കീ അനക്കറിയാലാ...മാണ്ട്യോളം കൊയഞ്ഞു മറിഞ്ഞിക്ക് ണ് ഇപ്പൊത്തന്നെ.. പിന്നെ ഞാളായിട്ട് പ്രസനണ്ടാക്കണ്ടാന്നു ബെച്ചിട്ടാണ് മുണ്ടാണ്ടിരിക്കിന്നത്..അല്ലെങ്കിലൊരൊറ്റൊന്നും ഇബടെ ഈ പരിസരത്ത് കാണൂല്ല...ഹാ..."!!
പള്ളി പ്രസിഡണ്ട് അയമു ഹാജി കമ്മിറ്റി മീറ്റിങ്ങിലെ അതെ ഉശിരില്‍ മുഷ്ട്ടി ചുരുട്ടി ചീറ്റി..
''ഊം...പിന്നേ....ഈ പോല്ലാപ്പിന്ടൊക്കെ മെയിനാള് മൂപ്പരെ മോന്‍ അന്‍സാറാണ്... ഓനോടയാളൊരക്ഷരം മിണ്ടൂലാ...പിന്നേ ബാക്കിള്ളെ....ഓരോന്നിന്റെം പ്രോട്യുസര്‍ മാര്...
ആ ഇരിക്കിന്നോലോക്കെ തന്നാണ് ... വെര്‍തെ ഒച്ചണ്ടാക്കി ആളാവാണ്...''
ഇരിക്കുന്ന കൌമാരക്കാരിലൊരുത്തന്‍ നിന്ന് തിളയ്ക്കുന്ന ഹാജിയാരെ നോക്കി ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു നിറുത്തിയപ്പോള്‍ ജബ്ബാര്‍ എഴുന്നേറ്റു... ''ഞാനിപ്പോ വരാം..''
''ഊം..ഊം.... ചെല്ല്... ചെല്ല് ...ഇന്നിനിയിപ്പോ ഇങ്ങോട്ട് വരണ്ട...!'' അവിടെ ഒരു ചിരിമഴ അവിടെയും പാറി വീണു...
''ഇല്ലെങ്കീ തന്നെ അനക്കറിയാലാ...മാണ്ട്യോളം കൊയഞ്ഞു മറിഞ്ഞിക്കിണ്...ഇപ്പൊത്തന്നെ...''
ഹാജിയാരുടെ കോട്ട വാതില്‍ തുറക്കുംപോലുള്ള കനത്ത ശബ്ദം അവന്‍റെ കാതുകളില്‍ ഡോള്‍ബി ഡിജിറ്റലില്‍ എക്കൊയിട്ടു മുഴങ്ങിക്കൊണ്ടിരുന്നു..
'ഹോ...എന്തെല്ലാമായിരുന്നു സംഭവിച്ചത്...ആ ഒരു നടത്തം കൊണ്ടെല്ലാം തീരുമെന്ന് വിചാരിച്ചതാണ്. അവന്‍മാര്‍ വാക്ക് തന്നതുമാണ് ഇനിയൊന്നുമുണ്ടാവില്ല എന്ന് ... പക്ഷെ...മഴ ...യാതൊരു ദയയും കൂടാതെ ഇങ്ങനെ തന്‍റെ നെഞ്ചില്‍ താണ്ടവമാടുമെന്ന് ആരറിഞ്ഞിരുന്നു,.....
'ദയ'.... അല്ലെങ്കിലും ആര്‍ക്കുണ്ടായിരുന്നു അത്..
'ദയ'.... അല്ലെങ്കിലും ആര്‍ക്കുണ്ടായിരുന്നു അത്..
ക്ഷണിക്കാതിരുന്നിട്ടു കൂടി (അവരുടെ സൊറ കൂടെ സഹിക്കണ്ടല്ലോ എന്ന് കരുതി മനപ്പൂര്‍വ്വം ഒഴിവാക്കിയതായിരുന്നെങ്കിലും അത് തന്നെയായിരുന്നു പറ്റിയ തെറ്റും) തലേന്ന് രാത്രി കയറി വന്ന് സലാം പറഞ്ഞു പുഞ്ചിരി നടിച്ച്...
'' നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ പന്നീന്‍റെ മോനെ ...''എന്ന് കാതില്‍ സ്വകാര്യവും പറഞ്ഞു പന്തലിലേക്ക് കയറിയ ടൌണിലെ ചെങ്ങായി സെയ്തിനും അവന്‍റെ തടി മാടന്‍ കൂട്ട് കാര്‍ക്കും ഇത്തിരിയെങ്കിലും ദയയുണ്ടായിരുന്നെങ്കില്‍ ... ബാക്കിയാവുമെന്ന് വിളംബക്കാര്‍ പറഞ്ഞ ഭക്ഷണം തികയാതെ വരുമായിരുന്നോ..? അവിടുന്നെ തുടങ്ങിയതാണ് നാണം കെടാന്‍ ...
പിന്നെ ...ദയവു ചെയ്തു നീ കല്യാണ ദിവസത്തിലെന്‍റെ മുന്നില്‍ വരരുതെന്ന് കാലു പിടിച്ചു പറഞ്ഞിട്ടും...പെണ്‍ വീട്ടിലെക്കിറങ്ങുന്ന നേരം തന്നെ കരയുന്ന കുഞ്ഞിനെയുമായി മുന്‍പില്‍ വന്ന്... സ്മൃതികള്‍ നിറച്ച കണ്ണുനീര്‍ തുടച്ചു കൊണ്ട് തന്‍റെ കണ്ണിലേക്കു തന്നെ നോക്കി നിന്ന് ഈ മിഴികള്‍ കൂടി നിറച്ച തന്‍റെ പഴയ 'കണ്ണു നീര്‍ത്തുള്ളി ' ഷമീനയ്ക്കും ഉണ്ടായിരുന്നോ ഈ ദയ...!!
അവന്‍ അകത്തേയ്ക്ക് കയറി... സ്ത്രീ ജനങ്ങളുടെ ചര്‍ച്ച നിലച്ചിട്ടില്ല...അത് മറ്റൊരു നാണക്കേടിന്‍റെ കഥ...മഴ നനഞ്ഞ മണവാട്ടിയുടെ സാരിയില്‍ നിന്നെങ്ങിനെ നിറമിളകി എന്നതാണ് വിഷയം,,, പതിനായിരത്തിന്‍റെതാണെന്ന് പറഞ്ഞു വാങ്ങിച്ച സാരി വെറും ആയിരത്തിന്‍റെതോ രണ്ടായിരത്തിന്‍റെതോ ആണെന്ന് ചിലര്‍ .. അല്ല.... നിറമിളകിയത് ബ്ലൌസിന്‍റെതാണെന്ന് മറ്റു ചിലര്‍ (അതാവും സത്യം..പതിനായിരത്തിന്‍റെ തൊന്നുമല്ലെങ്കിലും നിറമിളകാന്‍ മാത്രം മോശപ്പെട്ടതൊന്നുമല്ല ആ സാരി...)
ഓനും ആ കടക്കാരും തമ്മിലുള്ള കള്ളക്കളിയായിരിക്കും..
''എന്തൊക്ക്യായാലും മായീന്‍റെ മോനല്ലേ ഓന്‍ ...
ബാപ്പാന്‍റെ പിശുക്കും കള്ളത്തരോം ഇത്തിരിയെങ്കിലും ഇല്ലാണ്ടിരിക്കോ..."
''പള്ളിക്കാട്ടിലാര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ ഉറങ്ങിക്കിടക്കുന്ന ആ മനുഷ്യനും കിട്ടി ഒരു പങ്ക്... എല്ലാറ്റിനും ഞാന്‍ വെച്ചിട്ടുണ്ട്.പരദൂഷണ കമ്മിറ്റി ഇന്നേതായാലും നടക്കട്ടെ...''
മണവാളന്‍റെ വസന്ത പിടിച്ച കോഴിയുടെ ചേല്ക്കുള്ള നടപ്പ് കണ്ടു അടുത്തേക്ക് വന്ന പെങ്ങളുടെ കാതില്‍ അങ്ങനെ പറഞ്ഞു കൊണ്ട് അവന്‍ അറയിലേക്ക് കയറി... അവിടെ ഒരു മഹിളാ സമാജം തന്നെ കൂടിയിട്ടുണ്ടായിരുന്നു .. അറയിലേക്ക് കയറിയ മണവാളനെ കണ്ടതും... പെണ്‍ പടയ്ക്കിടയില്‍ നിന്നും ഏതോ ഒരു പുള്ളിക്കുയില്‍ മധുരമുള്ളോരൊപ്പനപ്പാട്ടിന്‍റെ ശീലുകള്‍ പാടി കൈകള്‍ കൊട്ടി തുടങ്ങി .... തോഴിമാരും അവളുടെ പാട്ടിനു താളം കൊട്ടി തുടങ്ങുമ്പോഴയ്ക്കും അവിടെ ആ പരുത്ത ശബ്ദം മുഴങ്ങി കഴിഞ്ഞിരുന്നു ...
''ഇവടെ ഇത്രേം ഉണ്ടായതോന്നും പോരെ ഇങ്ങക്ക്...ഇനി ഇങ്ങളെ വകേം കൂടെ വേണോ ഒരു പുകില്....കൊട്ടും പാട്ടൊക്കെ നിര്‍ത്തീട്ട് അറെന്നങ്ങ് എറങ്ങിക്കോളി എല്ലാരും......''!!
ഹോ...ഹാജിയാരെ കൊണ്ട് ഏതായാലും അങ്ങനൊരു ഗുണമുണ്ടായല്ലോ ... അവനൊന്നാശ്വസിച്ചു...കിന്നാരം പറച്ചിലും കുശലങ്ങലുമായി സമയം പറന്നു പോയ്കൊണ്ടിരുന്നു....
വിറയ്ക്കുന്ന കൈവിരലുകളും പറഞ്ഞു മടുത്ത വാക്കുകളും ചുടു നിശ്വാസങ്ങളും കൂടെ ഇഴ പിരിഞ്ഞ മണിയറക്കുള്ളില്‍ ഇപ്പോള്‍ അവര്‍ മാത്രമാണ്....അവരുടെ ഹൃദയങ്ങള്‍ സ്വര്‍ഗത്തിന്‍റെ സുഗന്ദം ആവാഹിക്കാനൊരുങ്ങുകയായിരുന്നു.... ഇടയ്ക്ക് മണിയറ വാതിലിനു പിന്നില്‍ നിന്നുയര്‍ന്ന ടക്. ടക് ..ശബ്ദം അവന്‍റെ നെഞ്ചിലൊരു ഇടി വാളു മിന്നിച്ചു.. അവന്‍ മാര് പിന്നെയും വന്നോ എന്‍റെ റബ്ബേ....??
പോളീഷിന്‍റെ പുതു മണം മാറിയിട്ടില്ലാത്ത വലിയ വാതില്‍ പതുക്കെ തുറന്നു നോക്കിയപ്പോള്‍ കണ്ടത്...ചുണ്ടില്‍ പൊട്ടി വിടരുന്ന ചിരിയടക്കാന്‍ പാട് പെടുന്ന പെങ്ങളെയാണ്... ''ഇന്നാ..ഉമ്മച്ചി തന്നതാണ്..'' ''ഊം..ഇങ്ങു താ ..'' അവന്‍ കൈനീട്ടി
''ആഹാ ,,അനക്കല്ല....ഇത് ന്‍റെ... നാത്തൂന്റെ കയ്യിലേ കൊടുക്കൂ...."
പാല്‍ ഗ്ലാസ് കൈമാറുമ്പോള്‍ അവര്‍ രണ്ടു പെണ്ണുങ്ങളുടെയും കണ്ണുകള്‍ നിമിഷാര്‍ദ്ധം കൊണ്ട് പറഞ്ഞു തീര്‍ത്ത ആ കഥകളെന്തായിരിക്കും....?
പാലുമായി മന്ദം നടന്നു വരുന്ന അവളുടെ അഴകില്‍ അവന്‍ മതിമറന്നിരിക്കവേ അത് സംഭവിച്ചു.. ''ഭും''...മേലെ പറമ്പിലെ വെപ്പ് പുരയില്‍ നിന്നും ഒരു ഗുണ്ട് ... ചുവരുകളെ പോലും പ്രകമ്പനം കൊള്ളിച്ചു പൊട്ടി ത്തെറിച്ചു...പിന്നാലെ രണ്ടു ചെറു പടക്കങ്ങള്‍ കൂടെ നിമിഷങ്ങള്‍ കൊണ്ട് കാലപുരിക്ക് മടങ്ങി...
''ഇനിയും കാണും ആ പഹയന്‍ മാരുടെ കയ്യില്‍ ... ന്‍റെ പടച്ചോനേ...''
അവന്‍ നെഞ്ചത്ത് കൈവെച്ചു കൊണ്ട് ആത്മാര്‍ഥമായി പടച്ചോനെ വിളിച്ചു പോയി ..
'മഴ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായിപെയ്തിട്ടും സകലതും...., എന്തിന്...തന്‍റെ മാനാഭിമാനത്തെ വരെ നനച്ചു കുതിര്‍ത്തു കളഞ്ഞിട്ടും...ഇവന്‍ മാരുടെ കയ്യിലുണ്ടായിരുന്ന പടക്കങ്ങള്‍ക്ക് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ...!
''ഭും''...വീണ്ടും ഉത്സവപ്പറമ്പിലെ കതിനയെ പോലും തോല്‍പ്പിക്കുന ശബ്ദത്തില്‍ പൊട്ടിത്തകര്‍ന്ന ഗുണ്ടിന്റെ വേദനയില്‍ ജനല്‍ പാളികള്‍ വിറ വിറച്ചു... മണവാട്ടിയുടെ കയ്യിലെ പാല്‍ഗ്ലാസ്സ് ആരോടും യാത്ര പറയാതെ തറയോടു ചേര്‍ന്ന് ചിതറി മരിക്കുമ്പോള്‍ നാളെകളില്‍ നാടൊട്ടുക്കും സംസാര വിഷയമായെക്കാവുന്ന ഒരു വലിയ അലര്‍ച്ചയെ തടഞ്ഞ കൈ വെള്ളയെ അവളുടെ അധര ദലങ്ങളില്‍ നിന്നെടുത്തു മാറ്റവേ ആ വലിയ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി കണ്ണ് നീര്‍ കൂടി പാല്‍ ഗ്ലാസ്സിന്‍റെ തകര്‍ന്ന ദേഹത്തിലെവിടെയോ വീണലിഞ്ഞു പോയി...
ഒരു വാടിയ ചേമ്പില പോലെ കട്ടിലിലേക്ക് ചാഞ്ഞിരുന്ന മണവാട്ടിയുടെ ദേഹത്തില്‍ ചൂട് പടര്‍ന്നു കയറിയത് ക്ഷണ വേഗത്തിലായിരുന്നു ...പിന്നെ നാല് ദിവസം ആശുപത്രിയുടെ നാല് ചുവരുകള്‍ക്കിടയില്‍ അവളുടെ അരികിലിരിക്കുമ്പോഴത്രയും അവന്‍ ചിന്തിച്ചത് താനടക്കം തകര്‍ത്താടി കുളമാക്കിയ എത്രയോ കല്യാണ മേളങ്ങളെകുറിച്ചായിരുന്നു ... അവരുടെ ചിലരുടെയെങ്കിലും മണി യറകളില്‍ പൊഴിഞ്ഞു വീണു വറ്റി പോയ കണ്ണീര്‍തുള്ളികളെ കുറിച്ചായിരുന്നു...
എല്ലാം മറന്നെക്കെന്‍റെ ബീവി....നമുക്ക് ഇന്ന് മുതലങ്ങു ജീവിച്ചു തുടങ്ങാം...ജബ്ബാറിന്‍റെ കൈവിരലുകള്‍ സ്വര്‍ഗ്ഗത്തിലെ ഇരുളിന്‍റെ സ്വിച്ചും തേടി തണുത്ത ഭിത്തിയിലൂടെ ഇഴഞ്ഞു നീങ്ങി.....
by...Shaleer Ali

ദുഷ്ടന്‍ .. വെറുതെയല്ല.. ന്‍റെ ഷമിനാ നെ കണ്ണീരു കുടിപ്പിച്ചില്ലേ. ...
ReplyDeleteനീണ്ട വായന
ReplyDeleteനിരാശപ്പെടുത്താത്ത അവതരണം
നല്ല ശൈലിയും ഭാഷയും എഡിറ്റിങ്ങും
കൊള്ളാലോ ഭായ്
(ഇനിയും വരും!)
നല്ല എഴുത്ത് ..
ReplyDeleteആ ജബ്ബാറിന്റെ ആത്മ നൊമ്പരങ്ങള്‍ക്കൊപ്പം ഈ ജബ്ബാറിന്റെ കയ്യൊപ്പ് !
നന്നായി പറഞ്ഞു ബായി സമകാലിക കല്യാണ കൂത്താട്ടങ്ങള്‍.....
നന്നായി സുഹൃത്തേ ഈ കല്യാണ കഥ ..
ReplyDeleteഅക്ഷര തെറ്റുകള്‍ ഇല്ലാത്ത നല്ല എഴുത്ത് ..
നല്ല ശൈലി .. നല്ല ആഖ്യാന രീതി ..
ആശംസകള്‍
വായിക്കാന്‍ നല്ലൊരു ഒഴുക്കുണ്ട് പ്രിയാ
ReplyDeleteനല്ല വിവരണവും
കൂടുതല്‍ എഴുതുക
ആശംസകള്‍
മലബാറിലെ കല്യാണസൊറ എന്നാ പ്രശ്നം മനോഹരമായി അവതരിപ്പിച്ചു ,പക്ഷെ തെക്കുള്ളവര്‍ക്കു ഇതിന്റെ ഗുട്ടന്‍സ് അത്ര അങ്ങ് പിടി കിട്ടില്ല കേട്ടോ
ReplyDeleteമനോഹരമായ അവതരണം !
ReplyDeleteനന്ദി പ്രിയപ്പെട്ടവരേ...അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും...നന്ദി.. ഇനിയും വരിക...:)!!
ReplyDeleteസിയാഫ് ഭായ് പറഞ്ഞത് ശരിയാണ്....തെക്കുള്ളവര്‍ക്കീ സൊറകളൊന്നും..പരിച്ചയമില്ലന്നാ തോന്നുന്നത്....:)
ആസ്വദിച്ചു വായിച്ചു സലീര്‍ .. കല്യാണ ആഘോഷങ്ങള്‍ ആഭാസങ്ങള്‍ ആക്കുന്ന മലബാറിന്റെ മുഖം വേദനയോടു കൂടി വായിക്കേണ്ടി യിരിക്കുന്നു .. കല്യാണ തലേന്ന് മാപ്പിളപ്പാട്ടിന്റെ യും കൊല്‍ക്കളിയുടെയും ഒപ്പനപ്പാട്ടിന്റെയും ഇശല് കള്‍ക്കും താളങ്ങള്‍ക്കും പകരം കുപ്പിയുടെയും ഗ്ലാസ്സിന്റെയും ഗന്ധവും ആകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ പൈതൃകവും സംസ്കാരവും മാത്രമല്ല ജീവിതവും കൂടിയാണെന്ന തിരിച്ചറിവ് പുതു തലമുറയ്ക്ക് കൈവന്നിരുന്നെങ്കില്‍ ..
ReplyDeleteആശംസകള്‍ ...............വളരെ മനോഹരമായി എഴുതി.........
കല്ല്യാണ മാമാങ്കങ്ങളില്‍ കണ്ടു വരുന്ന ആഭാസങ്ങളെ കുറിച്ച് നല്ല അവതരണം ...
ReplyDeleteനന്നായിട്ടുണ്ട്... വീണ്ടും വരാം.
ReplyDeleteവളരെ നന്നായിട്ടുണ്ട്..
ReplyDeleteസിയാഫ് പറഞ്ഞപോലെ മലബാറുകാര്‍ക്ക് ഇത് ആസ്വദിച്ചു വായിക്കാനാവും. എന്നാല്‍ തിരുവിതാംകൂര്‍ ഭാഗത്തൊന്നും ഇത്തരം കല്യാണസൊറ ഇല്ല എന്നു തോന്നുന്നു.... നന്നായി എഴുതി....
ReplyDelete