അപരാധി
സമയം അഞ്ചര മണിക്ക് ഏതാണ്ട് രണ്ടോ മൂന്നോ മിനിട്ട് കൂടെ കാണും...മൊഫ്യുസില്‍ ബസ്‌സ്റ്റാന്‍റിന്‍റെ തിരക്ക് പിടിച്ച പ്ലാറ്റ് ഫോമിലൂടെ തിക്കി തിരക്കി ഒരു വിധം ബസ്സില്‍ കയറി പറ്റി.സ്ഥിരമായി ഇരിക്കാറുള്ള സീറ്റില്‍ എനിക്ക് വേണ്ടി വച്ചിരുന്ന ബാഗെടുത്ത് മടിയിലാക്കി സുഹൃത്ത് സൈഡിലേക്ക് നീങ്ങിയിരുന്നു ...
''നീയെന്താണിത്ര വൈകിയത്...''? ഇരു ചെവിയിലും തിരുകി വച്ചിരുന്ന ഹെഡ് സെറ്റ് ഊരി മാറ്റി അവന്‍ ചോദിച്ചു...
ഓഫീസില്‍ നിന്നും വൈകി ഇറങ്ങാനുണ്ടായ കാരണം വിശദീകരിച്ചു തുടങ്ങുന്നതിനിടെ ആ കുന്ത്രാണ്ടം തിരികെ ചെവിയിലേക്ക് തന്നെ കുത്തി കയറ്റി അവന്‍ പറഞ്ഞു.
'' തിരക്ക് കൂടുമ്പോ ഈ സീറ്റ് പിടുത്തം...., തെറി കേള്‍ക്കുന്ന കേസാണ്...''
'' ഊം...'' ഞാന്‍ കുറ്റ സമ്മതം നടത്തിയത് അവന്‍റെ കാതറിഞ്ഞുവോ എന്തോ ...!!
ബഹളങ്ങള്‍ക്കിടെ വീണ്ടും ബഹളം സൃഷ്ടിച്ചു കൊണ്ട് ബസ്സ് നീങ്ങി തുടങ്ങിയിരുന്നു.. ഏതാണ്ട് ഒരു ഇരുപതു മിനിട്ട് കഴിഞ്ഞു കാണും ബസ്സ് നടക്കാവ് കഴിഞ്ഞിരിക്കുന്നു.. ബസ്സിനുള്ളിലെ തിരക്കും ഒപ്പം വേഗവും കൂടി വരുന്നുണ്ടായിരുന്നു..
''ഏയ് ...ഒന്നെണീറ്റെ.. ഈ കുട്ടിയെ എടുത്തവരൊന്നിരുന്നോട്ടെ'... 'വാ തൊറന്നങ്ങു പറ കൊച്ചേ..എന്നാലേ സീറ്റ് കിട്ടൂ''...
എന്നോടാണ് ആദ്യത്തെ കല്‍പ്പന എന്നെനിക്കു മനസ്സിലായി... കാലു വെക്കാനിടമില്ലാത്ത ബസ്സില്‍ നില്‍ക്കുന്നവര്‍ക്ക് ഇരിക്കുന്നവരോടുള്ള അസൂയ അമര്‍ഷമാവുമ്പോള്‍..ഒരു ചെറിയ കാരണം കിട്ടിയാല്‍ മതി..ചിലരത് കരുവാക്കും, അതറിയാവുന്നത് കൊണ്ടോ തിരക്കിലേക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള മടി കൊണ്ടോ ഞാനാ വാക്കുകള്‍ക്കു ഒട്ടും വിലകല്‍പ്പിക്കാതെ അവിടെ തന്നെ ഇരുന്നു..
ആ മധ്യ വയസ്കയുടെ ശബ്ദം മുറു മുറുപ്പായി വീണ്ടും കാതില്‍ വന്നലച്ചു കൊണ്ടിരുന്നു..
''നീയിരിക്കുന്നില്ലെങ്കില്‍ വേണ്ട ഞാനിരുന്നോളാം.. കുഞ്ഞിനെ എന്‍റെ മടിയില്‍ വെച്ചാല്‍ മതി...''
ഇടയ്ക്കു ആ സ്ത്രീ പറയുന്നത് കേട്ടു...അവരുടെ മുറു മുറുപ്പ് വണ്ടിന്റെ മുരള്‍ച്ച പോലെ കാതുകള്‍ക്ക് അസഹനീയമായി തുടങ്ങിയിരുന്നു.. ഞാന്‍ അമര്‍ഷം മറച്ചു വെക്കാതെ അവരെയൊന്നു രൂക്ഷമായി നോക്കി. ഇരിക്കുന്ന സകലരോടുമെന്നപോലെ അവരുടെ ചുണ്ടുകളില്‍ പൊള്ളുന്ന വാക്കുകള്‍ പിറക്കും മുന്‍പേ മരിച്ചു വീഴുന്നതായെനിക്ക് തോന്നി.
ഇനിയുമവരെന്തെങ്കിലും പറയുവാന്‍ തുടങ്ങുന്നതിന്നു മുന്‍പേ (ഒട്ടും മനസ്സില്ലാതെയാണെങ്കിലും) എഴുന്നേല്‍ക്കാനുള്ള തത്ര പ്പാടിലായിരുന്നു ഞാന്‍.... എന്‍റെ ബാഗും നില്‍ക്കുന്നവരിലാരോ ഒരാള്‍ ഏല്‍പ്പിച്ച ഒരു ചെറിയ കടലാസു പെട്ടിയും സുഹൃത്തിനു കൈമാറി ഞാന്‍ എഴുന്നെല്‍ക്കാനൊരുങ്ങുകയായിരുന്നു..
ഒന്നെഴുന്നേറ്റു ആ തിരക്കിനിടയിലേക്ക് നില്‍ക്കുക എന്നത് തന്നെ വലിയ സാഹസമാണ്...
''നിങ്ങള്‍ക്ക് ആ സ്ത്രീകളുടെ സീറ്റിലെങ്ങാനും പോയി ഇരുന്നാല്‍ പോരെ... ഇത്രയും ലേഡീസ് സീറ്റുകളുണ്ടായിട്ടും പുറകോട്ടിങ്ങു പോന്നിരിക്കുന്നു... ''
ഒന്നെഴുന്നേറ്റു നില്‍ക്കാനുള്ള ബദ്ധപ്പാടിനിടയില്‍ മനസ്സിനുള്ളില്‍ അങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ പുറത്തു വരാനാവാതെ എന്‍റെ നിസ്സഹായതയെ പരിഹസിച്ചും പഴിച്ചും കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു...
എങ്ങിനെയൊക്കെയോ പാതി എഴുന്നേറ്റു ഒരുകാല്‍
ആ തിരക്കിനിടയിലേക്ക് കുത്തിയിറക്കി മനസ്സിനൊരു നേര്‍ത്ത പുഞ്ചിരിയുടെ ആവരണവുമിട്ടു കൊണ്ട് ആ യുവതിയോട് ഞാന്‍ പറഞ്ഞു ''നിങ്ങളിരുന്നോളൂ...'' (തള്ളെ നിങ്ങളവിടെ തന്നെ നില്‍ക്ക്...) എന്‍റെ ആ വാക്കിനു അങ്ങിനെ ഒരര്‍ത്ഥം കൂടെ ഞാന്‍ കണ്ടിരുന്നു എന്ന് അവരിലാരെങ്കിലും മനസ്സിലാക്കിയിരുന്നോ എന്തോ...
എല്ലാം കൊണ്ടും എന്നിലുണ്ടായ ഭാവ മാറ്റങ്ങള്‍ കണ്ടിട്ടോ അതോ ഒരാളെയും ബുദ്ധി മുട്ടിക്കേണ്ട എന്ന നല്ല മനസ്സുള്ളതു കൊണ്ടോ ആവാം പെട്ടെന്നാ പിഞ്ചു കുഞ്ഞിനെ എന്‍റെ നേരെ നീട്ടികൊണ്ട് ആ യുവതി സൌമ്യമായി പുഞ്ചിരിച്ചു...
''ഇരുന്നോളൂ...'' എന്നവരെന്നോട് പറയാതെ പറഞ്ഞു...ഒരു നിമിഷം ഒന്ന് അന്ധാളിച്ചെങ്കിലും സീറ്റ് തിരിച്ചുകിട്ടിയ സന്തോഷം മറച്ചു വെക്കാതെ ഞാനുമവരോടു പുഞ്ചിരിച്ചു നന്ദിയോടെ..!
ചിര പരിചിതനെന്ന പോലെയായിരുന്നു ആകുട്ടി എന്നോട് കുസൃതികള്‍കാണിക്കുവാന്‍ തുടങ്ങിയത്... എന്‍റെ മൂക്കിനു മേല്‍ കുഞ്ഞു വിരലുകളമര്‍ത്തി അവന്‍ പാല്‍പല്ലു കാട്ടി ചിരിച്ചു...
ഇടയ്ക്കിടെ ഞാനവശ്യപ്പെട്ടിട്ടും അല്ലാതെയും അവനെനിക്ക് ഒത്തിരി മുത്തങ്ങള്‍ തന്നു കൊണ്ടേയിരുന്നു. അത് കണ്ട് ഒരു മുത്തം എനിക്കുമെന്നു പറഞ്ഞു എന്‍റെ സുഹൃത്ത് മുഖം അവനരികിലേക്ക് നീട്ടിയപ്പോള്‍ അവന്റെ മുഖത്ത് കുഞ്ഞു കരം കൊണ്ടൊരു അടി വെച്ച് കൊടുത്ത് കുഞ്ഞു വായ തുറന്നവന്‍ ഉറക്കെ ചിരിച്ചു..
അപ്പോള്‍ കണ്ടു നിന്ന് ചിരിച്ചവരില്‍ അവന്‍റെ അമ്മയും ആ തള്ള യുമുണ്ടായിരുന്നു...!
സമയം വേഗത്തില്‍ തന്നെ നീങ്ങികൊണ്ടിരുന്നു... ബസ്സും ....
ഒരു കുഞ്ഞുമുത്തമെങ്കിലും വാങ്ങിയെ അടങ്ങൂ എന്ന വാശിയില്‍ സുഹൃത്ത് അവന്‍റെ കയ്യിലെ പേനയും മോബൈലുമൊക്കെ ഉപയോഗിച്ച് കുട്ടിയെ കൊതിപ്പിച്ച് യാചന തുടര്‍ന്ന് കൊണ്ടേയിരുന്നു...
എന്നിട്ടും ഫലമില്ലാതെയായപ്പോള്‍ അവന്‍ തന്‍റെ ഇയര്‍ ഫോണെടുത്തു ആകുഞ്ഞു കാതുകളില്‍ പതുക്കെ തിരുകി വച്ചു.. എന്നിട്ടും ആ നിലാച്ചന്തമുള്ള വട്ട മുഖത്തില്‍ ഒരു ഭാവ വ്യത്യാസവും കണ്ടില്ല .അവന്‍ മൊബൈലിലെ പാട്ടുകളോരോന്നായി മാറ്റികൊണ്ടിരിക്കെ എന്‍റെ ചുമലില്‍ ചെറുതായി തോണ്ടിയ കൈവിരലുകളിലേക്ക് ഞാന്‍ തിരിഞ്ഞു.. 'അവന്‍റെ അമ്മ...'!
അവര്‍ പുഞ്ചിരിച്ചു ...പക്ഷെ അവരുടെ കണ്ണുകളിലൊരു നീരുറവ ഞാന്‍ കണ്ടു....അവര്‍ വാ തുറന്നു പക്ഷെ ഒന്നും മിണ്ടിയില്ല.. ചുണ്ടുകള്‍ അനങ്ങിയില്ല..നാക്ക് വളയുന്നതും പുളയുന്നതും കണ്ടു പക്ഷെ....വാക്കുകള്‍ കേട്ടില്ല...!
പകരം അവരുടെ കൈ വിരലുകളും കണ്ണുകളും എന്നോട് സംസാരിച്ചു....ഒരു വേദനയോടെ ഞാനത് മനസ്സിലാക്കി....
'' അവന്‍റെ കാതില്‍ അത് വെയ്ക്കണ്ട....അവനു കാതുകേള്‍ക്കില്ല...''
അറിയാതെ ആ കുഞ്ഞിനെയുമെടുത്തു സീറ്റില്‍ നിന്നും എഴുന്നേറ്റു പോയത് സഹതാപം കൊണ്ടോ കുറ്റ ബോധം കൊണ്ടോ എന്നറിയില്ല... നിറഞ്ഞു പോയിരുന്നു..കണ്ണുകള്‍.... അപ്രതീക്ഷിതമായൊരു പ്രഹരമേറ്റതു പോലെ മനസ്സ് തരിച്ചു പോയിരുന്നു...
അറിയാതെയാണെങ്കിലും..... ''വാ തൊറന്നങ്ങു പറ കൊച്ചേ..'' എന്ന് കല്‍പ്പിച്ചു പോയതിലുള്ള വ്യഥ കൊണ്ടാവാം ആ വായാടിയായ മദ്ധ്യ വയസ്കയുടെ കണ്ണുകളില്‍ നിന്നും തടഞ്ഞു നിറുത്താനാവാതെ പോയൊരു നീര്‍ കണം അവരുടെ സാരിയില്‍ വീണു പടര്‍ന്നലിഞ്ഞു പോയത്...!
അപ്പോഴും സുഹൃത്തിന്‍റെ കയ്യിലിരുന്നു മൊബൈലും ഇയര്‍ ഫോണും ആരും കേള്‍ക്കാതെ പാടുന്നുണ്ടായിരുന്നു ...
by...Shaleer Ali

കൊള്ളാം ,അപരാധി എന്ന പേര് !!! അപരാധം ഒന്നും ചെയ്തില്ലല്ലോ ?
ReplyDeleteഅപരാധം..... !! ചെറുതെങ്കിലും.......... ആ അമ്മയെയും കുഞ്ഞിനേയും ആ തിരക്കിനിടയില്‍ ഇരിക്കാന്‍ വിടാതിരുന്നത് പാപമായിരുന്നില്ലേ...? അവരുടെ ആ അവസ്ഥ കണ്ടപ്പോള്‍ ഞാനൊരു വലിയ തെറ്റ് ചെയ്ത പോലെയാണ് എനിക്കപ്പോള്‍ തോന്നിയത് ....സാഹചര്യം..അതാണല്ലോ ''ബിബീഷ് '' നമുക്ക് തെറ്റിന്റെയും ശരിയുടേയും ആഴവും വ്യാപ്തിയുമൊക്കെ മനസ്സിലാക്കിതരുന്നതും നിശ്ചയിക്കുന്നതുമെല്ലാം........അങ്ങനെ വന്നപ്പോ ഇങ്ങനൊരു പേരിടാന്‍ തോന്നി ....തെറ്റായോ .?!!
ReplyDeleteനന്ദി...ബിബീഷ് ...താങ്കളുടെ അഭിപ്രായങ്ങളും സഹകരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു......!!
പകരം അവരുടെ കൈ വിരലുകളും കണ്ണുകളും എന്നോട് സംസാരിച്ചു....ഒരു വേദനയോടെ ഞാനത് മനസ്സിലാക്കി....!
ReplyDeleteഇവിടം കൊണ്ട് വായനക്കാരന് എല്ലാം വ്യക്തമായിരുന്നു പിന്നീടങ്ങോട്ടുള്ള മനോവ്യഥകള്‍ വായനക്കാരന്റേതാണ് അത് എഴുതേണ്ടിയിരുന്നില്ല..!
എങ്കിലും കഥ നന്നായിപ്പറഞ്ഞു. ഇനിയും എഴുതുക.
ആശംസകളോടെ..
പുലരി
പകരം അവരുടെ കൈ വിരലുകളും കണ്ണുകളും എന്നോട് സംസാരിച്ചു....ഒരു വേദനയോടെ ഞാനത് മനസ്സിലാക്കി....!
ReplyDeleteക്ലൈമാക്സിനു ശേഷവും കഥ നീട്ടേണ്ടിയിരുന്നില്ലെന്നു തോന്നി.
ശേഷമുള്ള മനോവ്യഥകള്‍ വായനക്കാര്‍ക്കു തന്നെ വിട്ടുകൊടുക്കാമായിരുന്നു.
എങ്കിലും കഥ നന്നായെഴുതി, എഴുത്തു തുടരുക.
ആശംസകളോടെ..പുലരി
നന്നായി അവസാന ഭാഗം മനസ്സിൽ ഉടക്കി.
ReplyDeleteനന്ന്
ReplyDeleteകണ്‍ കോണുകളില്‍ ഒരു നനവ് പടര്‍ന്നുവോ
ReplyDeleteകണ്‍ കോണുകളില്‍ ഒരു നനവ് പടര്‍ന്നുവോ
ReplyDeleteഏടക്കരക്കാരാ...............ആദ്യമാണ് ഇത് വഴി.........എവിടെയോ പരിചയമുള്ള മുഖം പോലെ...........
ReplyDeleteനമ്മള്‍ സമീപസ്ഥരാണല്ലോ..........അത് കൊണ്ടാവാം................
കഥ ഇഷ്ടമായി .............ആശംസകള്‍ .............
ലളിതമായ ഭാഷയില്‍ നല്ല ഒതുക്കത്തോടെയും സൂക്ഷ്മനിരീക്ഷണപാടവത്തോടെയും പറഞ്ഞു... നന്നായി എഴുതുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeletecongrats
ReplyDeleteനല്ല കയ്യടക്കം വന്ന എഴുത്ത്...
ReplyDeleteഇനിയും എഴുതൂ..ഒരു ലെബല്‍ കൊടുക്കൂ..കഥയോ കവിതയോ എന്തായാലും ...
ആശംസകള്‍...
manassil thattum vidham ezhudi,nannayirikkunnu.
ReplyDelete@sabira...ente lokam ..benchaali ...pradeep jee ...jefu jailaf ..ismailjee .. ekgeee...abdul nissar
ReplyDeleteഎല്ലാവര്‍ക്കും നന്ദി ഇനിയും വരിക ..@prabhan chettan.ഞാന്‍ ചേട്ടന്‍ പറഞ്ഞ പോലെ മാറ്റം വരുത്തിയിട്ടുണ്ട് ...നന്ദി...
കൊള്ളാം പ്രിയ
ReplyDeleteഒരു നല്ല തീം അത് നന്നായി പറഞ്ഞു
ആശംസകള്‍
അവസാനം ശരിക്കും സങ്കടമായി.കഥയാണെങ്കിലും അനുഭവമാണെങ്കിലും നല്ലൊരു ത്രെഡായിരുന്നു, കുറച്ചു കൂടെ നന്നായിട്ട് എഴുതാവുന്ന ഒന്ന്
ReplyDeleteകൊള്ളാം..ഒന്നു കൂടി മിനുക്കാമായിരുന്നു
ReplyDeleteഅനുഭവമായാണ് തോന്നിയത്.. മനസ്സിനെ വല്ലാതെ സ്പർശിക്കും നമ്മൾ കാണാത്ത യാദാർത്ഥ്യം തിരിച്ചറിയുമ്പോൾ..ഇനി കഥയാണെങ്കിൽ തന്നെ അഭിപ്രായങ്ങളിൽ കാണുന്ന ‘നന്നായി,നന്നാക്കാം,‘ എന്ന രീതിയിലുള്ളതൊക്കെ വായിക്കുന്നവർ എന്തുകൊണ്ട് വായനയുടെ അനുഭവം പങ്കുവെക്കുന്നില്ല എന്ന് തോന്നിപ്പോകുന്നു.
ReplyDelete