Ind disable

ആറാം ഇന്ദ്രിയവും താറാവ് കുട്ടിയും.. (ഒരോര്‍മ്മ)

                 ആറാം ഇന്ദ്രിയവും താറാവ് കുട്ടിയും..


           തണുപ്പിന്‍റെ കാഠിന്യം അനുദിനം ഏറി വരുന്നത് കണ്ടപ്പോഴേ ഞാനിത് പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ രണ്ടു തവണ ഈ മരു ഭൂമിയില്‍ ശൈത്യം വിരുന്നു വന്നപ്പൊഴും ഇതേ പനിയും ജല ദോഷവും എന്നെ പിടി കൂടിയതാണ്.
            വെളുത്ത് ഭംഗിയുള്ള ചെറിയ പ്ലാസ്റ്റിക് കവറിലെ ജീവൗഷധങ്ങള്‍ ... (രണ്ടു വലിയ പായ്ക്കെറ്റു ഗുളികകളും കടും നിറത്തിലുള്ള ഒരു  നൂറു മില്ലിയുടെ കുപ്പി മരുന്നും) മേശ മുകളിലേക്ക് വെച്ച് പതുക്കെ ഞാന്‍ കട്ടിലിലേക്ക് ചാഞ്ഞു...
             നാട്ടിലായിരുന്നെങ്കില്‍ ഒരു കൊച്ചു പേപ്പര്‍ കവറിനകത്ത് ഒതുങ്ങിയേനെ  ഈ  ഗുളികകളെല്ലാം ... ഇവിടെ ടാബ്ലെട്സുകള്‍ ചില്ലറയായിട്ടു എണ്ണി കൊടുക്കുന്ന ഏര്‍പ്പാടില്ല... നാലെണ്ണം മതിയെങ്കിലും ഒരു പായ്ക്കെറ്റ് മുഴുവനായും തന്നെ വാങ്ങിക്കണം...എന്തെങ്കിലും ഒരസുഖം വന്നാല്‍ പിന്നെ ഈ പ്രവാസം നരക തുല്യമാണ്...ഒരു വശത്ത് കൊല്ലുന്ന ഏകാന്തത... മറു വശത്ത് പര സഹായത്തിനോ ഒരിറ്റു  സാന്ത്വനത്തിനോ ആളില്ലാത്ത  അവസ്ഥ... !
    ഇന്ന് മുഴുവന്‍ റസ്റ്റ് എടുക്കാനാണ് സുന്ദരിയായ ഈജിപ്ഷ്യന്‍ ഡോക്ടറുടെ നിര്‍ദ്ദേശം.. കയ്യിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ മുതലെടുപ്പ് ഉദ്ദേശിച്ചാണ് ആ ഹോസ്പ്പിറ്റലില്‍ ചെന്നത് .അല്ലായിരുന്നെങ്കില്‍ നല്ല മലയാളി ഡോക്ടര്‍ മാരുള്ള ആശുപത്രി ഇവിടെ തന്നെ ഉണ്ടായിരുന്നതാണ്..
       എന്തായാലും ഒന്നുറങ്ങിയെണീറ്റപ്പോഴേക്കും അല്‍പ്പം ആശ്വാസം തോന്നിതുടങ്ങുന്നുണ്ട്...
ഒരു കട്ടന്‍ ചായയുണ്ടാക്കി ചൂടോടെ വലിച്ചു കുടിച്ചു കൊണ്ട്  നിറങ്ങളിലാറാടുന്ന ചാനല്‍ പേജുകളില്‍ നല്ലത് തിരയുന്നതിനിടയില്‍ ഇടക്കെവിടെയോ മമ്മൂട്ടിയെ കണ്ടു...
                 സിനിമയാണ്...'അയ്യര്‍ ദി ഗ്രേറ്റ് '....പാറിപ്പോയ പച്ചത്തത്തയെ കയ്യിലൊതുക്കാന്‍ ആ വലിയ മരത്തിലേയ്ക്കു വലിഞ്ഞു കയറുകയാണ് മമ്മൂട്ടിയുടെ ''സൂര്യ''...മനസ്സിനിഷ്ട്ടപ്പെട്ട ഒരു നടന്‍റെ നല്ല സിനിമ എന്നതിലുപരി അയ്യര്‍ ദി ഗ്രേറ്റിന് എന്‍റെ മനസ്സില്‍ മഷിയില്ലാതെ എഴുതി വെച്ച പഴയൊരു സ്മൃതി ഗന്ധമുണ്ട്.... അന്നൊരിത്തിരി ഭയവും വിഷമവും ഉണ്ടാക്കിയതാണെങ്കിലും ഇന്നെനിക്കതോര്‍ക്കാന്‍  സുഖമുള്ളൊരോര്‍മ്മയാണ്..

                              അഞ്ചാം തരത്തില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് ഞാനീ സിനിമ കാണുന്നത്. വീട്ടിലെ പുള്ളിക്കോഴിക്കു പതിവിലും വ്യത്യസ്തരായ രണ്ടു കുട്ടികള്‍ കൂടെ പിറന്ന സമയമായിരുന്നു അത് . ഓമനത്തമുള്ള രണ്ടു താറാവ് കുഞ്ഞുങ്ങള്‍ ... താറാവു കളോടുള്ള അതിയായ ആഗ്രഹം കണ്ട് കുഞ്ഞു പെങ്ങള്‍ റുക്സാനയ്ക്ക് ബാപ്പ എവിടെ നിന്നോ  കൊണ്ട് വന്നു സമ്മാനിച്ചതായിരുന്നു മൂന്നു താറാവു മുട്ടകള്‍ ...അവളത് 
പുള്ളിക്കോഴിയുടെ ചിറകിനു ചുവട്ടിലെ ചൂടിനടവെച്ചു.

 രണ്ടു ദിവസമായി ആറു കോഴിക്കുഞ്ഞുങ്ങളും രണ്ടു താറാവു കുഞ്ഞുങ്ങളുമായി പുള്ളിക്കോഴി സവാരിക്കിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്...മിക്കപ്പോഴും  പിന്നാലെ തന്നെ അവളും കാണും . കുലുങ്ങി കുലുങ്ങി നടക്കുന്ന താറാവു കുഞ്ഞുങ്ങളെ കൈക്കുമ്പിളിലാക്കി അവള്‍ മുത്തങ്ങള്‍ കൊണ്ട് പൊതിഞ്ഞു...                                                                                                       
                                        മദ്രസയ്ക്കും സ്കൂളിനും ഒന്നിച്ചു  അവധി കിട്ടിയ ദിവസമായതിനാല്‍ അന്ന് വലിയ സന്തോഷത്തിലായിരുന്നു ഞാന്‍ .. രാവിലെ എഴുന്നേറ്റ വരുമ്പോള്‍ തന്നെ മുറ്റത്തെ മൂലയിലിരുന്നു ബാറ്റും ബോളും എന്നെ മാടി വിളിച്ചു.. പത്തിരിയും പാല്‍ചായയും ഒരു വിധം തള്ളി വായിലാക്കി ഇറങ്ങിയോടാന്‍ തുടങ്ങുമ്പോ ദേ..നില്‍ക്കുന്നു മുന്നില്‍ പുള്ളിക്കോഴിയും സംഗവും. കൂട്ടത്തില്‍ പക്ഷെ നമ്മുടെ താറാവ് കുഞ്ഞുങ്ങളെ കാണാനില്ല..നോക്കുമ്പോ രണ്ടും കൂടെ തൊട്ടപ്പുറത്തെ നനഞ്ഞ മണ്ണില്‍ മടി പിടിച്ചു കിടക്കുന്നത് കണ്ടു.. അപ്പോഴാണ്‌ തലേ ദിവസം കണ്ട സിനിമയിലെ മമ്മൂട്ടിയെ ഓര്‍മ്മ വന്നതും എനിക്കും ഇടക്കൊരു സിക്സ്ത് സെന്‍സ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നൊരു സംശയം ഉടലെടുത്തതും... പിന്നെ ഒന്നും ആലോചിച്ചില്ല ...ഉമ്മയെ നീട്ടി വിളിച്ച്...മമ്മൂട്ടി സ്റ്റയിലി ലങ്ങ്‌  കാച്ചി .....
   
                                                        ''ഉമ്മാ........ദാ റുഫീന്റെ(അവളെ അങ്ങിനെയായിരുന്നു വിളിക്കാറ്)  ഒരു താറാവ്  കുട്ടി ചാകാന്‍ പോണൂ ..''
                              ഓടി വന്ന ഉമ്മയുടെ മുന്നിലൂടെ താറാവ്കുഞ്ഞുങ്ങള്‍ നല്ല പയറു മണി പോലെ തുള്ളി തള്ളക്കോഴിയുടെ ചിറകിനടിയിലോളിച്ചു..ഉമ്മയുടെ വായില്‍ നിന്നെങ്കിലും കേള്‍ക്കും മുന്‍പേ പറ്റിച്ചേ എന്ന് വിളിചു കൂവിക്കൊണ്ട് വരണ്ട പാടത്തെ കളിക്കളം തേടി ഞാനും ഓടി...

                                സമയവും വിശപ്പും ഏറി വന്നപ്പോള്‍ കളി നിറുത്തി ഞാന്‍ വീട്ടിലേയ്ക്ക് കുതിച്ചു... നേരെ ചെന്ന് അടുക്കളയിലേക്ക് കയറിയപ്പോ...... അവിടെയൊന്നും ആരെയും കണ്ടില്ല..
എവിടെപ്പോയി  എല്ലാരും .. ''ഉമ്മാ....''  ഞാനുറക്കെ വിളിച്ചു ..

''ആ..... ഉമ്മാന്‍റെ മോനിങ്ങോട്ടൊന്നു വന്നു നോക്ക്''....
           എന്താണാവോ...ഇത്ര കാര്യായിട്ടവിടെ... ഏതായാലും ഉമ്മാന്‍റെ ആ വിളി അത്ര പന്തിയല്ല.. എന്നാലും ദേഷ്യത്തിലല്ലാത്തത് കൊണ്ട് അടി പേടിക്കാതെ അടുത്തേക്ക് ചെന്നു നോക്കി ..
      അപ്പോ... ദേ ... ''കുഞ്ഞു റുഫി''ചുറ്റു മതിലിനോട് ചേര്‍ന്നിരുന്ന് കരയുന്നു.. ഉമ്മ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി ഒരേ നില്‍പ്പ് നില്‍ക്കുകയാണ് ..
''ന്താ.. മ്മാ...ഓളെന്തിനാ നെലോളിക്കിന്നത്''..??
            ''ഞ്ഞി 'റഷീന്‍റെ' ...(എന്‍റെ തൊട്ടു താഴെയുള്ള അനിയത്തി റസിലയെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്)  കയ്യുമ്മലെക്കൊന്ന് നോക്ക്...''
            അവളിരുകൈകള്‍ കൊണ്ടും കൂട്ടിപ്പിടിച്ച താറാവ് കുഞ്ഞിനെ കണ്ട ഞാന്‍ ഒന്നു പതറി . അതിന്‍റെ ഇളം കഴുത്തപ്പോള്‍ കുഴഞ്ഞാടുന്നുണ്ടായിരുന്നു. ഒരു  താറാവ് കുട്ടി കാര്യ കാരണമില്ലാതെ മയ്യിത്തായിരിക്കുന്നു... കുഞ്ഞു 'റുഫി' നിര്‍ത്താതെ കരച്ചിലാണ്.... അവളുടെ കണ്ണീരിനിടയിലും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..
     ''ഹോ ..സൂര്യദാസിനെ പോലെ ഞാനും...!!" എന്‍റെ മനസ്സില്‍ തോന്നിയതും സത്യമായിരിക്കുന്നല്ലോ..
ഇനിയെന്താണാവോ അടുത്തതായിട്ടെനിക്ക് തോന്നാന്‍ പോവുന്നത് ...!! തലയിലൊരു മിന്നായം വരുന്നുണ്ടോ...! കുറെ ചിത്രങ്ങള്‍ തെളിഞ്ഞു മായുന്നുണ്ടോ ...!
ഇല്ല .. ഇപ്പോഴില്ല.. വരുമായിരിക്കും..വരട്ടെ...എന്നിട്ട് വേണം ഒന്ന് കൂടെ എല്ലാരേം ഞെട്ടിക്കാന്‍ ...

 ''ഞാന്‍ രാവിലെ തന്നെ പറഞ്ഞതല്ലേ ..ഇപ്പൊ എന്തായി ... പ്രവചനാണ്...പ്രവചനം...എനിക്കേ സിക്സ്ത് സെന്‍സുണ്ട് ....''

 ''ഹും...സിക്സ്ത് സെന്‍സ് ...ഇക്കാക്കാക്ക് .. പൊട്ടിക്കണ്ണാണ്....''
 
  ''പോട്ടിക്കണ്ണോ ....''
       
 ''ഹാ..ഇങ്ങള് കണ്ണ് വെച്ചിട്ടല്ലേ താറാവ് കുട്ടി ചത്ത്‌ പോയത്....''
     
 ''കണ്ണ് വെച്ചിട്ടോ.......? ന്‍റെ  റബ്ബേ ...!!''
                       
   എന്‍റെ സിക്സ്ത് സെന്‍സിന്‍റെ  മുകളില്‍ താറാവ് കുട്ടിയുടെ വാടികുഴഞ്ഞ ശവ ശരീരം വന്നു വീണു മലച്ചപ്പോള്‍ ഞാനറിയാതെ പടച്ചോനെ വിളിച്ചു പോയി...!

             ''ആ ഇങ്ങള് കണ്ണ് വെച്ചിട്ടെന്നാണ്''....
     
                          തലേ ദിവസം എന്നോട് തല്ലു വാങ്ങിക്കൂട്ടിയതിന്റെ ദേഷ്യം തീര്‍ക്കുകയായിരുന്നു 'റഷി...' ''ന്നാലും ന്‍റെ റഷീ നീ ഇങ്ങനെ കണ്ണീ ചോരയില്ലാത്ത വര്‍ത്താനം പറയല്ലേ...'' എന്ന് പറയാനാണ് അപ്പോള്‍ മനസ്സില്‍ തോന്നിയത് ..  പക്ഷെ... ഒരു വാക്ക് പോലും പറയാനാവാതെ ഞാന്‍ തരിച്ചങ്ങനെ ഒരേ നില്‍പ്പു നില്‍ക്കുകയായിരുന്നു ...
     
''അല്ലാ ................."
     
ഒന്നും മിണ്ടാതെ അവള്‍ടെ വാക്കാണ്‌ ശരിയെന്ന ഭാവത്തില്‍ നില്‍ക്കുന്ന ഉമ്മയുടെ മുഖത്ത് നോക്കി ഞാന്‍ അലറി ....

 ''ഞാന്‍ കണ്ണ് വെച്ചിട്ടില്ലാ....'' ഞാനപ്പോള്‍ കരയുകയായിരുന്നോ...?
                       
              സമയം ഒത്തിരി കഴിഞ്ഞപ്പോള്‍ പിണക്കം മറന്ന അനിയത്തിമാര്‍ക്കൊപ്പം ആ താറാവ് കുഞ്ഞിന്‍റെ ചേതനയറ്റ ശരീരവുമായി ഞാന്‍ മേലെ പറമ്പിലേക്ക് നടന്നു.. ഇനിയും ഇത് പോലെയുള്ള വല്ല പ്രവചനത്തിനും മുതിര്‍ന്നാല്‍ പിന്നെ ആജീവനാന്തം ഞാനീ കരിങ്കണ്ണനെന്ന ലേബലില്‍ പഴി വാങ്ങിച്ചു  കഴിയേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ ആ മൃദുലമായ മൃത ശരീരത്തിന് വേണ്ടി കുഴിച്ച കൊച്ചു കുഴിയില്‍ എന്‍റെ സിക്സ്ത് സെന്‍സ് മോഹത്തെയും അന്ന് ഞാന്‍ ഖബറടക്കി...
             സിക്സ്ത് സെന്‍സും പ്രവചനവും പാരയായി ഭവിച്ചതിലുള്ള വേദനയുമായി ഞാനും .... ഓമനിച്ചു താലോലിച്ച താറാവ് കുട്ടിയെ നഷ്ട്ടപ്പെട്ട നൊമ്പരവുമായി അനിയത്തിമാരും മേലെ പറമ്പില്‍ നിന്നും ഇറങ്ങി വരുന്നതും നോക്കി അടുക്കള മുറ്റത്ത്‌ ഒരു നേര്‍ത്ത മന്ദഹാസവുമായി നില്‍ക്കുകയായിരുന്ന ഉമ്മയുടെ അടുത്തു ചെന്ന് പരിഭവം മറച്ചു വെക്കാതെ ഞാന്‍ പറഞ്ഞു..

       ''സിനിമേല് പറഞ്ഞാല് സിക്സ്ത് സെന്‍സും ഞാന്‍ പറഞ്ഞാ പൊട്ടിക്കണ്ണും...''

            പൊരി വെയിലില്‍ ക്ഷീണമറിയാതെ കളിച്ചു... വിയര്‍പ്പു നനഞ്ഞൊട്ടിയ എന്‍റെ തലമുടിയില്‍ പതുക്കെ തലോടി കൊണ്ട് ഒരു നിറ ചിരിയോടെ അന്ന് ഉമ്മ പറഞ്ഞ മറുവാക്ക് എന്തായിരുന്നു ... അത് മാത്രം ഓര്‍മ്മയിലെവിടെയോ മങ്ങിയുറങ്ങി പോയിരിക്കുന്നു....!!
                                                                                                                                   
                                                                                                                      by...Shaleer Ali

9 comments:

  1. എന്തെങ്കിലും ഒരസുഖം വന്നാല്‍ പിന്നെ ഈ പ്രവാസം നരക തുല്യമാണ്...ഒരു വശത്ത് കൊല്ലുന്ന ഏകാന്തത... മറു വശത്ത് പര സഹായത്തിനോ ഒരിറ്റു സാന്ത്വനത്തിനോ ആളില്ലാത്ത അവസ്ഥ... !

    പ്രവാസം അനുഭവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് ആ അവസ്ഥ മനസിലാവുന്നുണ്ട്...- ലളിതമായ ഭാഷയില്‍ ഒരു കുഞ്ഞ് അനുഭവം പങ്കുവെച്ചു.ഒട്ടും ഏച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞതുകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നു ..

    പാരഗ്രാഫ് തിരിക്കുന്നതൊക്കെ ഒന്നുകൂടി നന്നാക്കാം എന്നു തോന്നുന്നു...

    ReplyDelete
  2. Shalee ... പ്ലീസ് ... ആ ദുഷ്ട ദൃഷ്ടി വെച്ച് എന്നേ നോക്കല്ലേ....കൊള്ളാം കേട്ടോ .....

    ReplyDelete
  3. ഇനിയും കൂടുതല്‍ എഴുതുക
    ആശംസകള്‍

    ReplyDelete
  4. @Pradeep Kumar ..EKG &Mohiyudheen Thootha നന്ദി പ്രിയപ്പെട്ടവരേ....
    @ ekgeeeeചങ്കീ കുത്തുന്ന വര്‍ത്താനം പറയല്ലേ ... :))

    ReplyDelete
  5. വളരെ രസകരമായി .. പറഞ്ഞു ... അവസരങ്ങളില്‍ നിന്നും ഓര്‍മ്മയുടെ ഓരം ചേര്‍ന്ന് നടത്തിയ ഈ കൊച്ചു യാത്ര വളരെ ഇഷ്ട്ടമായി.... ..... ആശംസകള്‍..

    ReplyDelete
  6. നല്ല രീതിയില്‍ വിവരിച്ചു
    കൂടുതല്‍ കഥകള്‍ വരട്ടെ , ഇത്തരം എഴുത്തുകള്‍ എഴുതാന്‍ കഴിവുണ്ട്
    ആശംസകള്‍

    ReplyDelete
  7. thnkuuu dearsss...ഈ സ്നേഹം നിറഞ്ഞ സഹകരണത്തിന് നിങ്ങള്‍ക്ക്പകരം നല്‍കാന്‍ ഹൃദയം നിറഞ്ഞ നന്ദിയൊന്നു മാത്രം ...:))

    ReplyDelete
  8. ഓര്‍മ്മകളിലൂടെയുള്ള നടത്തം .......
    പക്ഷെ ഒന്ന് കൂടെ ഒതുക്കി പറയാമായിരുന്നു വന്നു തോന്നി .....
    ന്നാലും മോശം ഇല്യ ട്ടോ ......

    ReplyDelete