Ind disable

കലാപത്തെരുവിലെ വിളക്കുകാല്‍ (കവിത)



കലാപത്തെരുവിലെ 
വിളക്കുകാല്‍ 



തമ്മില്‍ കുത്തി മരിച്ച
കൂട പിറപ്പുകളെ
ഏറ്റു വാങ്ങിയതും
മാറോടു ചേര്‍ത്തതും
അഗ്നിയും മണ്ണുമായിരുന്നു
തിരസ്കൃതരെ എന്നും
ഇരുകൈകളും നീട്ടി സ്വീകരിച്ചവര്‍ ...

ആ ശവപ്പറമ്പുകള്‍ക്ക് മുകളിരുന്ന്
ചോരക്കളിയില്‍ ലാഭം കണ്ടവര്‍
പകയുടെ കനലില്‍ മുക്കി
അറ്റം പഴുപ്പിച്ച
ബാണങ്ങളില്‍ തേച്ചു കുലയ്ക്കാന്‍ ..
മത ഭ്രാന്തിന്‍റെ  
വിഷ കുഴമ്പ് കടഞ്ഞവര്‍ ..

അവര്‍ ....
അറ്റുവീണ തലകളുടെ
മതമെണ്ണുമ്പോള്‍ ..
ഇരുളിന്‍റെ മറപറ്റാന്‍ ..
തിരി തല്ലി കെടുത്തിയ
ഒരു വിളക്കുകാലുണ്ടായിരുന്നു..

അന്ധകാരം വിഴുങ്ങിയ
നാടിന്‍റെ ഇട നാഴികളിലെപ്പോഴോ
നന്‍മയുടെ വെണ്‍ വെട്ടമേകാന്‍
വന്നൊരു പ്രവാചകന്‍
നാട്ടി മടങ്ങിയ വഴിവിളക്ക്..

ആ വിളക്കുമരത്തിന്‍റെ
ഞരമ്പുകളിലൊഴുകിയ അവസാനതുള്ളി വെട്ടവും
അടിവേരുകളിലൂടെ
കുഴി മാടങ്ങളില്‍ ചെന്ന് പടര്‍ന്നപ്പോള്‍ 
തമ്മില്‍ കണ്ട രക്തസാക്ഷികള്‍ ...
ഇന്നലെ തമ്മില്‍ കുത്തി മരിച്ചവര്‍ ...
അവര്‍ ..
പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു..
ഏതായിരുന്നു സോദരാ...
നമ്മുടെ മതം ...??


                                                     by...Shaleer Ali





7 comments:

  1. ഷലീറിന്റേ ഇതുവരെ വായിച്ച കവിതകളില്‍ നിന്നും ഒരുപാട് ഉയരത്തില്‍ നില്‍ക്കുന്നു ഈ കവിത.... മികച്ച ഒരു ആശയം പ്രചരിപ്പിക്കുമ്പോഴും കാവ്യഗുണം ഒട്ടും ചോര്‍ന്നു പോവാതെ എഴുതാന്‍ കഴിഞ്ഞ ഈ മികവിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  2. അശംസകള്‍
    വിശ്വാസങ്ങള്‍ മനുഷ്യരായി നില നില്‍ക്കാന്‍ വേണ്ടി മാത്രമുള്ള നന്മയുടെ നിയമസംഹാരങ്ങളാകട്ടെ

    ReplyDelete
  3. അവര്‍ ....
    അറ്റുവീണ തലകളുടെ
    മതമെണ്ണുമ്പോള്‍ ..
    ഇരുളിന്‍റെ മറപറ്റാന്‍ ..
    തിരി തല്ലി കെടുത്തിയ
    ഒരു വിളക്കുകാലുണ്ടായിരുന്നു..

    അന്ധകാരം വിഴുങ്ങിയ
    നാടിന്‍റെ ഇട നാഴികളിലെപ്പോഴോ
    നന്‍മയുടെ വെണ്‍ വെട്ടമേകാന്‍
    വന്നൊരു പ്രവാചകന്‍
    നാട്ടി മടങ്ങിയ വഴിവിളക്ക്

    അതേ .. മതത്തിന്റെ സുന്ദരമായ ആശയങ്ങളെ മത വൈരത്തിന്റെ ആയുധങ്ങള്‍ ആക്കി മാറ്റുന്നവര്‍ക്ക് താക്കീത് നല്‍കുന്ന വരികള്‍ ..........
    ഇന്നലെ കാവ്യ കേളിയില്‍ വെച്ചു യാദൃശ്ചികമായാണ് പ്രദീപ്സാരിന്റെ നാട്ടുകാരനായ ഈ യുവ കവി ശ്രദ്ധയില്‍ പെടുന്നത് ...

    ReplyDelete
  4. തമ്മില്‍ കണ്ട രക്തസാക്ഷികള്‍ ...
    ഇന്നലെ തമ്മില്‍ കുത്തി മരിച്ചവര്‍ ...
    അവര്‍ ..
    പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു..
    ഏതായിരുന്നു സോദരാ...
    നമ്മുടെ മതം ...??

    ഈ കവിതയ്ക്കൊരു അഭിപ്രായം പറയാൻ പോലും എന്റെ കയ്യിൽ വാക്കുകളില്ല,സഹോദരാ. പ്രദീപ് മാഷിന്റെ കമന്റിനു താഴെ ഹൃദയത്തിൽ നിന്നൊരു കയ്യൊപ്പ്. ആശംസകൾ.

    ReplyDelete
  5. തമ്മില്‍ കണ്ട രക്തസാക്ഷികള്‍ ...
    ഇന്നലെ തമ്മില്‍ കുത്തി മരിച്ചവര്‍ ...
    അവര്‍ ..
    പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു..
    ഏതായിരുന്നു സോദരാ...
    നമ്മുടെ മതം ...??

    ഈ കവിതയ്ക്കൊരു അഭിപ്രായം പറയാൻ പോലും എന്റെ കയ്യിൽ വാക്കുകളില്ല,സഹോദരാ. പ്രദീപ് മാഷിന്റെ കമന്റിനു താഴെ ഹൃദയത്തിൽ നിന്നൊരു കയ്യൊപ്പ്. ആശംസകൾ.

    ReplyDelete
  6. മതം എന്ന വിളക്കിന്റെ പ്രകാശം കാണാന്‍ കഴിയാതെ അന്ധകാരത്തില്‍ ഉഴലുന്നവര്‍ ആ വിളക്കിനെ വലിച്ചെറിഞ്ഞിട്ട്‌ വിളക്കുകാല്‍ കൊണ്ടു പരസ്പരം ഹിംസിക്കും , വിളക്കു മരത്തിന്റെ ഞരമ്പുകളില്‍ ഒഴുകിയ അവസാന തുള്ളി വെളിച്ചവും കുഴിമാടത്തില്‍ എത്തുമ്പോള്‍ അവര്‍ പരസ്പരം ചോദിക്കും "ഏതായിരുന്നു നമ്മുടെ മതം " എന്ന് .അതെ ,ഒരു ജന്മം മുഴുവന്‍ ആ വിളക്കു മരത്തിന്റെ പ്രകാശം കാണാതെ അതിന്റെ ചുവട്ടില്‍ രക്തപ്പുഴ ഒഴുക്കിയവര്‍ അപ്പോഴും അറിയില്ല ആ പ്രകാശം ....കുഴിമാടത്തിലും അവര്‍ അന്ധര്‍ ആയിരിക്കും

    ReplyDelete
  7. പല കവിതകളും മികച്ച ആശയങ്ങള്‍ അവതരണം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ....

    ReplyDelete