അകാലത്തിൽ
തമ്മിലകന്നു പോവുന്നതിനെ കുറിച്ചാധികൊണ്ടവളേ..
നമുക്കിനിയും അല്പം കൂടെ കടന്നു ചിന്തിക്കാം..
കാറ്റുറങ്ങുന്ന കറുത്ത വാവിൽ
പറഞ്ഞു തീരാത്ത കഥകളുടെ
ഭാണ്ഡക്കെട്ടിൻ മേൽ
ഇനി നീ.. പറയെന്നു പരസ്പരം
ഉറക്കം തൂങ്ങവെ...
പെട്ടന്നൊരു നിമിഷം ഞാൻ
അറ്റു വീഴുന്നതിനെ കുറിച്ച്..
മറു തലക്കൽ മറുപടി കിട്ടാതെ നീ
കെറുവിച്ചൊരു പരാതി എഴുതി
കണ്ണീരിന്റെ ഒപ്പിട്ട്
പിണങ്ങി പോവുന്നതിനെ കുറിച്ച്...
പുലരുമ്പോഴേക്കും
തിരഞ്ഞു വരുന്നവന്റെ മാപ്പ് ,
ഉറങ്ങിപ്പോയെന്നൊരു കള്ളച്ചിരിയിൽ
തിരിച്ചു വരുമെന്ന കാത്തിരിപ്പ് ...
പതിവില്ലാതെ അനന്തമായി
നീണ്ടു പോവുന്ന നീറ്റലൊരു
നോവായി.. കെറുവായി ..
ദേഷ്യമായി കണ്ണിൽ
ചിത്രമെഴുതുന്നതിനെ കുറിച്ച്...
ഒടുക്കം ചിരിച്ചിരിക്കുന്നവന്റെ
നുണക്കുഴികൾ മറച്ചു കൊണ്ടൊരു
യാത്രാ മൊഴി ചിത്രം...
ആരോ ഒരാളെന്റെ ചുമരിൽ
കണ്ണീരു ചേർത്തൊട്ടിച്ചു വെച്ചത്
കണ്ടു നീ ഒരു മാത്ര നിലച്ചു പോവുന്നതിനെ....
പിന്നെ വാടി ഇരിക്കുന്നതിനെ..
ഓർമ്മകളിലേക്ക് എടുത്തു വെച്ചെന്റെ
മയ്യിത്തിനു ജീവൻ കൊടുക്കുന്നതിനെ..
എന്റെ ചിരികളെ താലോലിച്ചും
നൊമ്പരങ്ങളെ നിശ്വാസം കൊണ്ട് പൊതിഞ്ഞെടുത്തും..
പിണക്കങ്ങളെ എന്റെ തെറ്റെന്ന്
സ്വയമേറ്റെടുക്കുന്നതിനെ കുറിച്ച്..
പിന്നെ പിന്നെ..
മൈലാഞ്ചിക്കാടുകൾ നിറഞ്ഞ
കബർസ്ഥാനുകൾ കാണുമ്പോൾ മാത്രം
ഓർക്കപ്പെടുന്ന ഒരു കവിതയായി
നിന്നിൽ ഞാൻ നിറവും മണവുമില്ലാത്ത
ശേഷിപ്പാവുന്നതിനെ കുറിച്ച്..
പിന്നെയും കടന്ന്....
നമ്മൾ ഉയിർത്തെഴുന്നേൽക്കുന്നതിനെ കുറിച്ചും
നരകത്തെ കുറിച്ചും
സംസാരിക്കാം..
നൂൽ പാലത്തിൽ നിന്നൂർന്നു വീഴുന്ന എന്നെയും...
നിള പോലെ മെലിഞ്ഞൊഴുകി
സ്വർഗം പൂകുന്ന നിന്നെയും വരക്കാം..
അങ്ങനെ ഇനിയൊന്നും..
അവശേഷിപ്പിക്കാത്ത വിധം
എഴുതി തീർത്ത രണ്ടു
കവിതകളുടെ ശീർഷകങ്ങളാവാം..!!
____________ShaLy_____________
0 comments:
Post a Comment