Ind disable

Friday, September 23, 2016

വീട്

വീടവനും ഒരു സ്വപ്നമായിരുന്നു
നാൾക്കു നാളവന്റെ
ഉറക്കമത്രയും തിന്നു തീർക്കുന്ന അതിവിശാലമായൊരു വിസ്തൃത സ്വപ്നം..
അതിനവൻ വെയിലു തിന്നു ..മഴ കുടിച്ചു ..
ഉപ്പുരുകിയ കടലു കടന്ന്-
ഉപ്പൂറ്റിയോളം വിയർപ്പിലൊട്ടി..!

നാടവനെയും വിളിച്ചിരുന്നു...
സ്വപ്ന സൗധത്തിന്റെ പടവുകളുയരുന്ന
അനർഘ നിമിഷങ്ങളെ
അകമാകെ ആവാഹിച്ച്..
ആ ഹരിത മോഹങ്ങളുടെ
കല്ലറ മുകളിരുന്നവൻ
അര വയറിലും പുഞ്ചിരിച്ചുറങ്ങി..

കണ്ണുനട്ടു കാത്തിരിപ്പാണെന്ന്
രാവു നീളെ കുറുകിയ-
നല്ല പാതിയെന്ന
നിത്യ സുകൃതത്തിന്റെ നിർവൃതിയിൽ മുളച്ചു വളരുന്ന ചിറകുകളെ
പുലരുമ്പോൾ കൊഴിച്ചു കുടഞ്ഞവൻ
വീടെന്ന ദൃഡ നിശ്ചയത്തിലേക്ക് കൂപ്പുകുത്തി..!!

എന്നിട്ടും പരാതിയില്ലാത്തവളുടെ
മനസ്സ് നിറക്കുന്ന പാരിതോഷികമായാണ്
വളരുന്ന വീടിനവളുടെ പേരും ..
വീടവളുടെ പേരിലും മതിയെന്ന
പ്രണയം വിളഞ്ഞ നിശ്ചയം-
ഭാഷണ രതിയുടെ
രസ വേളകളിലൊന്നിൽ അവനൊരു
ചുംബനച്ചൂരിലൂടെ പരസ്യം ചെയ്തത്..!

നാട്ടിൽ പിന്നെയും മഴ -
പെയ്യാതെ വിയർപ്പിച്ചും
തോരാതെ  മടുപ്പിച്ചും
പലവട്ടം വന്നു പോയി..

വെളുത്ത സൂര്യനെ പ്രണയിച്ച തെറ്റിന് കാടെന്ന കറുത്ത കാമുകിയെ
തല്ലിക്കൊന്ന വർണ്ണ വ്യവസ്ഥയോട്
പക വീട്ടാൻ തീ കരുത്തുമായി വേനലിറങ്ങിയ
ഒരു മീനമാസത്തിൽ
അവന്റെ കിനാവിനു പാലു കാച്ചായിരുന്നു..

സ്വപ്‌നങ്ങൾ ഇരു നിലകളിൽ നിലാ ചിത്രമെഴുതിയ ആ രാത്രി
പഴയ ചിറകുകൾ കൂട്ടിത്തുന്നി
അവൻ പറന്നിറങ്ങി..
ആശാ സൗധം കണ്ണ് നിറയെ കണ്ട്
ചുട്ടു കരിഞ്ഞൊരു വാഴ നിഴലുപോലെ
കറുത്ത് നിന്നവൻ കണ്ണീർ പൊഴിച്ചു..

ഇന്നതാ..
കോടതി വളപ്പിലൊരു
വേനൽചെടിപോലെ വാടിയിരിപ്പുണ്ട്..
സ്വപ്നം പണിത രേഖകളും
ക്കൂട്ടിക്കുഴഞ്ഞ കണക്കുകളും
മുറുകെ പിടിച്ചൊരു
മുതുകുവളഞ്ഞ പ്രവാസ ശേഷിപ്പ്..

നല്ല പാതിയുടെ കാമുക പ്രഹരത്തിൽ ഇളകിപ്പോയ പല്ലും..
കലങ്ങിപ്പോയ മനസും,
വർഷമിപ്പുറവും നീറവേ അവൻ പറയും..
വീടവനിന്നും.. ഒരു സ്വപ്നമാണെന്ന്.!!
-----------------ShaLy-----------------

1 comment: