Ind disable

Thursday, May 29, 2014

ചതിക്കപ്പെട്ടവന്റെ ചിരി..



ചതിക്കപ്പെട്ടവന്റെ 

ചിരി..


തിക്കപ്പെട്ടവന്റെ ചിത്തം ഒരു ചതുപ്പാണ്‌
വിതയും കിളയും കൊയ്തുമില്ലാത്തൊരു ചെളിപ്പറമ്പ്..

ആഴിയില്‍ അഴലു കടഞ്ഞ വിഷക്കുഴമ്പ് നിറച്ച്
അവസരം കാത്തു കിടക്കുന്ന ശാന്തതയാണ് 
കരളില്‍ കയം പേറി നടക്കുന്നവന്റെ കണ്ണില്‍ കണ്ടത്..

കടലു പതയ്ക്കുന്ന താപം നെഞ്ചിലുറയുംമ്പോഴാണ്
അവന്റെ ആത്മവാനമാകെ 
തീമഴ പേറുന്ന ചെമ്മുകിലുകളാല്‍ നിറഞ്ഞു പതയ്ക്കുന്നത്..

അരങ്ങിലെ ചിരിയും അണിയറക്കെണിയും 
ഒരിക്കലമ്പ് കൊണ്ടവന്റെ മുറിപ്പാടിലെ 
ചലമുണങ്ങാത്ത പാഠങ്ങളാണ്
ചുണ്ടിനും നെഞ്ചിനുമിടയിലെ കള്ളങ്ങളെ 
ചങ്കില്‍ വെച്ചേ തിരിച്ചറിഞ്ഞു പരിചയൊരുക്കാനുള്ള 
ആത്മ സുരക്ഷയുടെ ആദ്യപാഠം..

ഇന്ദ്രിയങ്ങളില്‍ ഇരച്ചു കയറി 
ഇരുട്ട് നിറയ്ക്കുന്ന വെറും കരിമ്പുകക്കാടാണ്                   
പകലിനെ എണ്ണിക്കുറച്ച് കൂടയുന്നവൻറെ
കനവു ചത്ത നിശീഥിനികള്‍ ..

വെട്ടേറ്റു വീണ വിശ്വാസത്തിന്റെ രാക്ഷസ ശവം 
അനുദിനം ചീര്‍ത്തു  നിറയുന്ന 
ഭാരം പേറി പ്രജ്ഞറ്റു 
കണ്ണടഞ്ഞു പോവുമ്പോഴാണ് 
അവന്റെ നിദ്രകൾ നിത്യവും നിതാന്തമാകുന്നത്..!

ചതിക്കപ്പെട്ടവന്റെ ചിരി 
ഒരു അടയാളമാണ് 
അടക്കിവെച്ച അണക്കെട്ടുകളൊക്കെയും
ആത്മാവിൽ നിന്നടർന്നു 
തുടങ്ങുമ്പോഴുള്ള ആനന്ദമാണ് 
'ചിരിക്കാനറിയാത്തവൻ 
മരിച്ചു കിടക്കുമ്പോൾ 
ചിരിച്ചു കിടക്കുന്നു'വെന്ന് 
മാലോകരെക്കൊണ്ട്  അടക്കം പറയിപ്പിച്ചത്.. !!

--------------------------------------Shaleer Ali----------------------------------------

8 comments:

  1. നല്ല വരികൾ..
    നല്ല കവിത..

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ :)

      Delete
  2. ഭാവദിപ്തമായ നല്ല വരികൾ .....

    ReplyDelete
  3. ആശംസകള്‍ ; നല്ല വരികള്‍.

    ReplyDelete
    Replies
    1. സന്തോഷം ഫൈസല്‍ ഭായ് <3

      Delete
  4. ചതിക്കപ്പെട്ടവന്റെ മനസ്സ് ഇത്രയും തന്മയത്വമായി പകര്‍ത്താന്‍ കഴിഞ്ഞത് വാക്കുകളില്‍ ചാലിച്ച ചിത്രങ്ങള്‍ കൊണ്ടുതന്നെ. കരളില്‍ കയം പേറി നടക്കുന്നവന്റെ കണ്ണില്‍ കണ്ടതെല്ലാം മനസ്സില്‍ പതിപ്പിക്കുന്ന വരികള്‍

    ReplyDelete
  5. സന്തോഷം ഇക്കാ .. ഈ വിലയിരുത്തലിനു :)

    ReplyDelete