Ind disable

Sunday, April 7, 2013

സുഹൃത്ത്‌...

സുഹൃത്ത്‌..


ഒരു
ദിവസം വരും
നീ പോലുമറിയാതെ നിന്‍റെയുള്ളില്‍ 
ഉത്തരം മുട്ടിക്കുന്ന കുറെ ചോദ്യങ്ങള്‍ വരും
മറ്റാരുടെയോ വാക്കുകളിലൂടെ
എന്റെപേരില്‍ അക്കമിട്ടെണ്ണി വെച്ച
തെറ്റ് കുറ്റങ്ങളില്‍ നിന്ന്
നീ കാണാതെ പോയ ശരികളെ
ഹരിച്ചു ഞാനാം ശിഷ്ടത്തെ 
തിരഞ്ഞു നീയിറങ്ങുന്ന ദിവസം

അപ്പോഴെക്കുമൊരു പക്ഷെ
നീയാം വെയിലില്‍ ചുട്ടു പൊള്ളി
കറുത്ത് ശുഷ്കിച്ചൊരു നിഴല്‍ രൂപമായി
ഞാന്‍ മാറിക്കഴിഞ്ഞേക്കാം...

അല്ലെങ്കിലിവിടെ..
നീ പിരിഞ്ഞു നടന്ന ഈ പാതി വഴിയില്‍ ,
എന്റെ ചിരിപ്പൂവുകള്‍
നിലം തല്ലി വീണുപോയ
ഈ വിജന വീഥിയില്‍ ..
പ്രതീക്ഷകളുടെ നെയ്ത്തിരികള്‍
കെടാതെ കത്തിച്ചും
ഋതുക്കള്‍ക്കും ദിന രാത്രങ്ങള്‍ക്കും
കണക്കു വെക്കാതെ കാത്തിരുന്നും
നിലാവില്ലാത്ത ഇരുളിലേക്ക്
നിശബ്ദനായി നിരാശയോടെ 
ഇറങ്ങിപ്പോയിട്ടുണ്ടാവാം...

അന്നു നീ തളരരുത്
ഒന്നുമുരിയാതെയിതുപോലെ
തിരിച്ചു നടക്കരുത്

തലക്കും ഭാഗത്തെ
നിറം മങ്ങിയ മീസാന്‍ കല്ലില്‍
നിന്നെ കാണാന്‍ അന്നുമെന്റെ
കണ്ണുകളുണ്ടാകും
ഇന്നു നീ എന്റെ അധരങ്ങളില്‍
നിന്നടിച്ചു കെടുത്തിയ പുഞ്ചിരി
അവിടെയൊരു പാഴ്ചെടിയായി
കാറ്റിലുലഞ്ഞാടുന്നുണ്ടാവും

കുന്നു കൂട്ടിവെച്ച മണ്‍ കൂനയിലെന്റെ
മിഴി നീര്‍ ബാഷ്പങ്ങള്‍
അന്നും നിന്നെയോര്‍ത്തു
തങ്ങി നില്‍പ്പുണ്ടാവും ...

ഇന്നു നീ പുച്ഛിച്ചു തുപ്പിയ
എന്റെ വിശ്വാസ്യതയുടെ തിരിച്ചു കിട്ടിയ
ഒരു ശ്വാസമെങ്കിലും
നേര്‍ത്ത നിശ്വാസമായാ
വിമൂകതയിലെക്കൊഴുകി വീഴുമ്പോള്‍
അന്നു നീ അറിയും...
ഞാന്‍ നിന്റെ സുഹൃത്തായിരുന്നുവെന്ന്

നിന്റെ ഇന്ദ്രിയങ്ങളുടെ
അളവു കോലുകള്‍ക്ക്
അപ്രാപ്യനായി അതിരുകളില്ലാതെ
നിന്നെ സ്നേഹിച്ചു
പ്രാണനോട് ചേര്‍ത്തു വെച്ച
നിന്റെ സ്വന്തം സുഹൃത്ത്‌..!!
----------------------Shaleer Ali------------------------

23 comments:

  1. ഇന്ന് നീയും അറിയുക ..
    ഞാൻ നിന്റെ സുഹൃത്താണെന്ന് .......:)
    ആശംസകൾ ..ശാലീ

    ReplyDelete
  2. ആ ചിരിച്ചന്തം മായും മുൻപേ,,,

    ReplyDelete
  3. സൗഹൃദം വാക്കുകള്‍ക്ക് അതീതമായ വികാരം...
    ഇന്ന് നീ തിരിച്ചറിയാതെ പോയാലും എന്നെങ്കിലും അറിയും... ഒരു പക്ഷേ....

    ReplyDelete
  4. അറിയാതിരിക്കില്ല,
    പറയാതിരുന്നാലും
    അറിയാതെ പോവാന്‍
    കാലം സമ്മതിക്കില്ല, ഉറപ്പ്‌.
    - നല്ല വരികള്‍

    ReplyDelete
  5. വരികള്‍ കേമം.
    അറിയും, അറിയാതിരിക്കില്ല.

    ReplyDelete
  6. സുഹൃത്തല്ലേ...

    ReplyDelete
  7. വരികളില്‍ ഒരു മയിലാഞ്ചിച്ചെടി പൂത്തുനില്‍ക്കുന്നതുപോലെ.കബറിസ്ഥാനിലെ മയിലാഞ്ചിക്ക് കദനമല്ലാതൊന്നും പറയാനില്ല.

    ReplyDelete
  8. അതിരുകളില്ലാത്ത സ്നേഹം തിരിച്ചറിയാത്ത സുഹ്രത്ത് ..വല്ലാത്ത ഒരു സുഹ്രത്ത് തന്നെ ........

    ശലീരെ ,എന്തിനാ ഇത്ര രൂക്ഷത ??

    ReplyDelete
  9. ക്ഷമിക്ക്...

    ReplyDelete
  10. ഈ അടുത്ത് ഓർമായായ് അകന്ന് പോയ ഒരു സ്നേഹിതനെ കുറിച്ച് ഓർത്തുപോയി നിന്റെ ഈ വരികൾ വായച്ചപ്പോൾ.

    ആശംസകൾ
    നല്ല വരികൾ

    ReplyDelete
  11. ഓർമയിൽ എന്നും ഒരു നല്ല സുഹൃത്തായി നീ ഉണ്ടാവും ഞാൻ മരിക്കുവോളം . . .

    ReplyDelete
  12. വരികള്‍ വേദനിപ്പിക്കും പല സുഹൃത്തുക്കളയും!
    നല്ല കവിത ഷലീര്‍.

    ReplyDelete
  13. ഈ ബ്ലോഗ്ഗിലെ കവിതകൾ വേറിട്ട വായനകൾ ആണ്.

    ഏറെ വൈവിധ്യമാർന്ന സുന്ദര രചന


    ReplyDelete
  14. തലക്കും ഭാഗത്തെ നിറം മങ്ങിയ മീസാൻകല്ലിൽ
    നിന്നെ കാണാൻ അന്നുമെന്റെ കണ്ണുകൾ ഉണ്ടാകും...
    നന്നായിട്ടുണ്ട് സുഹൃത്തേ... ആശംസകൾ !

    ReplyDelete
  15. കൊള്ളാം, ഹൃദയസ്പർശിയായ വരികള് ശലീർ

    ReplyDelete
  16. കൊള്ളാം ശലീ ആശംസകള്‍

    ReplyDelete
  17. കവിത ഇഷ്ടായി ഷലീര്‍.. ആശംസകള്‍ ...

    ReplyDelete
  18. സൗഹൃദം ഒരു ആശ്വാസമാണ്... ഒരു വലിയ പ്രതീക്ഷയും...
    ആശംസകള്‍ ശലീര്‍ ഭായ്..

    ReplyDelete
  19. എല്ലാമറിയും അപ്പൊഴേക്കും വൈകുന്നുവന്ന് മാത്രം... എങ്കിലും സുഹൃത്തല്ലേ....

    ReplyDelete
  20. ആശംസകള്‍ ഇക്കാ

    ReplyDelete
  21. കവിത ഇഷ്ടമായി
    വിഷു ആശംസകൾ ....

    ReplyDelete