Ind disable

Saturday, February 9, 2019

ഉപ്പയെന്നാൽ... സെന്റ് മണക്കുന്ന... നിറയെ കളിപ്പാട്ടങ്ങളുള്ള...
ഉടുപ്പുകളും ചോക്ലേറ്റുകളും നിറഞ്ഞ...
ഒരു പെട്ടിയായിരുന്നു..!

വീടിനെ നിശ്ശബ്ദമാക്കുന്ന കാലൊച്ച...
പാട്ടിനെയും കരച്ചിലുകളെയും
പാതിയിൽ മുറിക്കുന്ന
കണ്ണുകൾ കൊണ്ടുപ്പ
കളിച്ചിരികൾക്ക് അതിരുകളുള്ള
കളം വരക്കും...

വീട്ടുകാരുടെ ആവശ്യങ്ങളൊക്കെയും..
സവിധത്തിൽ സമർപ്പിക്കുന്ന
അപേക്ഷകളായി... കൊണ്ടു ചെന്ന്..
നേർപ്പിച്ചു പറഞ്ഞു പറഞ്ഞു
ഉമ്മ ശ്വാസം കൊണ്ട് സംസാരിക്കുന്ന
വിചിത്ര ജീവിയായി പരിണമിക്കും...!

ഉപ്പ ചിരിക്കുമ്പോൾ
ഞങ്ങൾ കുരുന്നു കണ്ണുകളിലൊരു
കൗതുകം നിറയും...
വിരുന്നെത്തുന്ന പൗർണ്ണമിയെ
എന്ന പോലെ
ആ ചിരി മായുംവരെ ഒളിഞ്ഞു കാണും...!

ഒരു മാസം ഇഴയുന്ന അവധിക്കാലത്തിൽ
ഒരു വട്ടം ഉപ്പ കടലുകാണിക്കും..
തിരകൾക്കും ഞങ്ങൾക്കും ഇടയിൽ
അതിരു വരക്കും...
ഉമ്മയെ ചേർത്തു പിടിച്ച്...
കാറ്റിൽ ഇളകാതെ ഒരു വന്മരംപോലെ
കടലിന്റെ അനന്തതയിലേക്ക് നോക്കി നിൽക്കവേ...
ഉപ്പയുടെ കണ്ണുമാത്രം നിറക്കുന്ന..
ഉപ്പുകാറ്റ് ഞങ്ങളറിയാതെ വന്ന്
ഉമ്മയുടെ നെടുവീർപ്പും പേറി
പലവട്ടം പറന്നു പോകും...!

ഉമ്മ എല്ലാവരോടും ദേഷ്യപ്പെടുന്ന
ഒരു ദിവസം ഉപ്പ കനിവുള്ളവനാകും...
ചിരിക്കും... ചേർത്തു പിടിക്കും...
മുടിയിഴ തലോടും..
നന്നായി പഠിക്കണമെന്നു പറയും...
നല്ല കുട്ടികളാവണമെന്നു ഇടറും...
നാളെ നേരത്തെ എണീക്കണമെന്നു
മുത്തം കൊണ്ടുഴിയും...!

പിറ്റേന്ന് പുലർച്ചെ...
ഉമ്മ കരയും...
എവിടെ നിന്നോ പാടുപെട്ട്
ഒരു ചിരി കൊണ്ടു വന്നു ചുണ്ടിൽ വെച്ച്
ഉപ്പ ഉമ്മയെ തലോടും...
ഞങ്ങൾക്ക് പിടിയില്ലാത്ത എന്തോ ഒരു സ്വകാര്യം കൊണ്ട് ചുമലിൽ തട്ടും...
പിന്നെ തിരക്കഭിനയിക്കും...
ഓടി ചെന്നു പടിയിറങ്ങും..!

അന്നേരങ്ങളിലാകെയും ഞങ്ങൾക്കുള്ളിൽ
ആശ്വാസ നിശ്വാസങ്ങളുടെ ഒരു
അണക്കെട്ട് നിറയുന്നുണ്ടാവും..
അത് പതിയെ പതിയെ
നിറഞ്ഞു തുളുമ്പി...
വൈകുന്നേരത്തോട
കളിച്ചിരികളായി
ആർപ്പു വിളികളായി പൊട്ടിത്തെറിക്കും...

അപ്പോഴേക്കും ഉമ്മയൊരു
ആൾതാമസമില്ലാത്ത നഗരഗൃഹം പോലെ
ബഹളങ്ങൾക്കിടയിലെവിടെയോ
ഒറ്റക്കിരിപ്പുണ്ടാവും...!














2 comments: