മുറപ്പെണ്ണുങ്ങൾ മൂന്നിനും വേടനോട് പ്രണയമായിരുന്നു..
മൂപ്പിൽ മൂത്ത മുച്ചിറിക്കാരിയോട് വേടനും...
ചുണ്ടും ചിരിയും മൊഴിയും മുറിഞ്ഞാലും..
ചിന്ത ചില്ലാണെന്ന് അവനെന്നും വാഴ്ത്തിയ "മുത്ത്.."
വസൂരി പഴുപ്പിച്ച 'മുത്തി'ന്റെ
വീർത്ത ചുണ്ടിൽ അമർത്തി മുത്തി,
വാടിപ്പോയ വാസന പൂവിനെ
വാരിപ്പുണർന്നതിന്റെ
ഛലവും ചോരയും
പുള്ളികൾ വീഴ്ത്തിയ
വെളുത്ത കുപ്പായവുമിട്ടു
വേടൻ മല കയറിയത്
ഒരു വൈകുന്നേരമായിരുന്നു...
അന്ന് രാത്രി...
താഴെ ഒരു നിലവിളി പൊട്ടിയതും...
മാവ് കത്തിയതും
ആകാശത്തതു വരെയില്ലാത്തൊരു
നക്ഷത്രം പൂത്തതും നോക്കി
ചാരായം ഛർദ്ദിച്ചു വേടൻ
കാട്ടു ചോലയുടെ മരവിപ്പിലേക്ക് ഊളിയിട്ടു....!
ആണ്ടൊന്നു കഴിഞ്ഞ്
മുറയിൽ രണ്ടാമത്തെ ചുരുൾമുടിക്കാരിക്ക്
ആണ്ടവന്റെ മുന്നിൽ പുടവ കൊടുത്തത്..
അവളുടെ അടങ്ങാത്ത പ്രണയത്തിനാൽ
ഉള്ളുടഞ്ഞുപോയ ഒരു കോളറക്കാലത്താണ്...
അതവളുടെ അന്ത്യാഭിലാഷമായിരുന്നു..!!
ആദ്യരാത്രിയിൽ
നക്ഷത്രമായിപ്പോയവളും
'മുത്തി'ന്റെ ചാരെയിരുന്നു കണ്ണിറുക്കുന്നുവെന്ന് തോന്നുന്ന
പാതിരാവുകളിൽ..
വേടന്റെ നെഞ്ച് പൊളിയുന്ന
വായ്പ്പാട്ടിൽ നാട് -
താടിക്ക് കൈ ചാരി കുനിഞ്ഞിരിക്കും...!
പുടവയാശിച്ചവർക്കൊക്കെയും
പെടുമരണം പെട്ടപ്പോൾ
വേടൻ നാടു കാണാതെ
കാടിന്റെ കരളിലൊരു
പ്യൂപ്പയിലുറങ്ങി..
കൂട്ടത്തിൽ കുറുകിയ ഇളയവൾ
കാട് കയറി തേടി ചെന്നൊരു
ഈറൻ പ്രഭാതത്തിലവൻ
ഭ്രാന്തഭിനയിച്ചു പുലയാട്ട് പാടി..
ആഞ്ഞിലിക്കൊമ്പിൽ തല കീഴായി തൂങ്ങിയാടി.!!
അന്നോടിയവളുടെ വേളിത്തലേന്ന്..
താഴേ വെട്ടി തിളങ്ങുന്ന വെള്ളി വെളിച്ചവും നോക്കി ..
ആഞ്ഞിലിക്കൊമ്പിൽ കുത്തിയിരിക്കുമ്പോഴാണ്..
ഉടുമുണ്ടഴിച്ചു കുരുക്ക് കെട്ടുന്നൊരു
കറുത്ത മുത്തിന്റെ തേങ്ങലിൽ
വേടന്റെ തല തിരിഞ്ഞത്...!
നാളത്തെ വേളിച്ചെക്കന്റെ 'വേല'യെ
വയറ്റിൽ പേറിയ മലയത്തിപ്പെണ്ണിന്..
മുണ്ടു ചുറ്റിക്കൊടുത്തും
കണ്ണീരുറവയിൽ
വാക്കിന്റെ മണ്ണുരുട്ടിയടച്ചും.. വേടൻ..
ആകാശക്കോണിലെ
താരകളെ കാണിച്ചു പഴങ്കഥ പറഞ്ഞു..
കേട്ട്യോളും കാമുകിയും തൊട്ടുരുമിയിരിക്കുന്നത് കണ്ടോയെന്നു...
പതുക്കെ ചിരിച്ചു...
പിന്നെ ഉറക്കെ കരഞ്ഞു..
പുലർന്നപ്പോ വസൂരിക്കലയുള്ള
കുപ്പായം സമ്മാനിച്ചു...
കാട്ടുവള്ളികൾകൊണ്ടൊരു
മാലകെട്ടി മാറിലിട്ടു..
കാപ്പിക്കുരു നിറമുള്ള
വീർത്ത വയറിൽ കാത് വെച്ചു
കുട്ടിയെ പോലെ ചിരിച്ചു.!
_____________________________
വേടൻ....
നക്ഷത്രങ്ങളെ കാമിക്കാൻ
മുണ്ടുപൊക്കി ക്ഷണിച്ച ഭ്രാന്തൻ..
കാലിനടിയിലെ സ്വർഗ്ഗം
കാലിനിടയിലെന്നു പാടി
മലയത്തിപ്പെണ്ണിനെ പിഴപ്പിച്ച കാടൻ..!
______________________________
നാട്ടിൽ പക്ഷെ.. ഇന്നും..
അവനിങ്ങനെ
നാലുവരിയിലൊതുങ്ങുന്ന
അശ്ലീലമാണ്..!!!
______________ShaLy_______________
0 comments:
Post a Comment