ആകപ്പാടെ മഞ്ഞച്ചു മലർന്നു പോയ
ഒരു മഞ്ഞപ്പിത്ത സന്ധിയുടെ ആശുപത്രി കിടക്കയിലാണ് കാലങ്ങൾക്കിപ്പുറം
അവളെ കണ്ണ് നിറച്ചൊന്നു കാണുന്നത്..
കണ്ണ്..
കുഴിഞ്ഞു വറ്റിപ്പോയ
രണ്ടു കുളങ്ങളാണ്..
അത്രമേൽ വിണ്ടിട്ടും ചോര പൊടിയാത്തതെന്തെന്ന്
അതിശയിച്ചു പോകുന്ന ചുണ്ടുകളിൽ
ചുവന്നു തുടുത്തിരുന്നൊരു കാലം
കറുത്തുണങ്ങികിടപ്പുണ്ട്..
ആയുസ്സെത്തിയിട്ടും പിരിയാൻ വയ്യാതെ
എല്ലുകളിലെവിടെയൊക്കെയോ കൊളുത്തി കിടക്കുന്നു..
നിറം തിരിച്ചറിയാനാവാത്തൊരു കീറ സാരി
ആമാശയമുണ്ടോ
എന്ന് സംശയിച്ചു പോവുന്ന അടിവയർ
വല്ലതും കഴിച്ചോ എന്നു തികട്ടി വന്ന ചോദ്യത്തെയും വിഴുങ്ങി
ഒന്നുകൂടെ ഒട്ടി ഉൾവലിയവേ
കരളു കീറി പടികയറിയെത്തി..
പ്രതീക്ഷകളുടെ പുഷ്ടിപ്പിൽ തുടുത്തു നിന്നിരുന്നൊരു പഴയ ചിത്രം..
അന്ന് ചിരിക്കുമ്പോൾ മാത്രം
തെളിഞ്ഞു വന്ന നുണക്കുഴികളാണ്
ഇന്ന് വളർന്നു വളർന്നാ
കവിളുകളെ അത്രമേൽ കുഴിച്ചിരിക്കുന്നത്..
ഇവിടെയെന്റെ ഓരോ മഞ്ഞ നോട്ടവും
അവളുടെ ആശങ്കകളാവുന്നു..
എന്തു വേണമെന്ന
ചോദ്യത്തിന്റെ ദയനീയതയിൽ
കണ്ണിറുക്കി മുഖം തിരിച്ച്
ഞാനെന്നെ കാർക്കിച്ചു തുപ്പവേ..
അവളൊരു പാത്രമേന്തുന്നു..
ഞാൻ ശർദ്ദിലായി അതിൽ വീണു പരക്കുന്നു..
അവളെന്നെയും പേറി ചവറു പാത്രത്തിനരികിലേക്കു നടക്കുന്നു..
ലഹരി കത്തിച്ചു തന്ന ഉന്മാദത്തിൽ
ചവിട്ടിയൊടിച്ച കൈകൾ
ഇടനെഞ്ചിലൂടെ തടവി നീങ്ങവേ..
നെഞ്ചൊരു പാടമാവുന്നു..
മെല്ലിച്ച വിരലുകൾ കാറ്റുപോലെ
നേർത്തു നേർത്ത് കുളിരായ് പടരുന്നു..!!
________________Sha Ly_________________
0 comments:
Post a Comment