Ind disable

Monday, January 26, 2015

മനോരാജ്യം

..മനോരാജ്യം 


പെണ്ണെ.. നിനക്ക് പേടിയാവുന്നില്ലേ.. 

എത്രയെത്ര ദുര്‍മരണങ്ങള്‍ നടന്ന ഇടമാണത്
ഇരുണ്ട വിജനതയില്‍ അലയുന്ന അലമുറകള്‍ 
നിന്റെ മസ്തിഷ്കമാകെ ഭ്രമത്തിന്റെ 
വെണ്‍നുര പടര്‍ത്തുന്നില്ലേ..!

കിളിരിന്റെ കുപ്പി വളകളിങ്ങനെ 
അടുക്കി വെക്കുമ്പോള്‍ നിനക്ക് പൊള്ളുന്നില്ലേ 
കരിഞ്ഞ മാംസഗന്ധങ്ങളില്‍ മനംതികട്ടുന്നില്ലേ 
എത്രയെത്ര കാലം ഒഴിയാതെ 
ഉരുകിപ്പതച്ച ഉലയാണത്..!

പെണ്ണേ.. നിനക്കൊട്ടും മടുക്കുന്നുമില്ലേ 
കനല്‍ക്കരി പുതഞ്ഞ കിനാചീളുകളും 
കണ്ണീരുപ്പില്‍ വറ്റിയുറഞ്ഞ കവിതകളുടെ 
മാസം തികയാത്ത ചാപിള്ളകളുമല്ലാതെ
ഒട്ടൊന്നു സന്തോഷത്തിനെന്തുണ്ടവിടെ..?
നീയെന്നും...
ചിരിക്കാന്‍ കൊതിച്ചവളായിരുന്നില്ലേ..!

പെണ്ണെ.. നിനക്ക് വേദനിക്കുന്നില്ലേ 
വരണ്ട മനസമാകെ 
സ്നേഹാമൃതത്തില്‍ കുതിര്‍ത്തു കൊടുത്തിട്ടും 
ഒരു മന്ദഹാസ മൌനം പോലും പകുക്കാന്‍-
മടിച്ചവന്‍റെ മനസ്സിലിരിക്കുമ്പോള്‍ 
നിനക്ക് ശ്വാസം മുട്ടുന്നില്ലേ..! 

ഒന്നുമില്ലെന്ന മൌനം 
പ്രേമ സാഗരം പേറുന്ന മഴമേഘങ്ങളാക്കുക..
കണ്ണു നിറയുന്ന ഈ ചിരിയാല്‍ 
നീയിരു ചിറകുകള്‍ തുന്നുക.. 

മണ്ണിലെ സ്വര്‍ഗ്ഗം മനസ്സിലുണ്ടെന്ന് ഞാന്‍ 
മനസ്സറിഞ്ഞൊരു കവിതയെഴുതട്ടെ...!!
----------------------Sha Ly--------------------------


2 comments:

  1. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പ്രസിദ്ധീകരിച്ച ഈ സൃഷ്ടിക്ക് ഇനിയും വായനക്കാരെത്തിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു - ഉള്ളിൽ കവിതയുടെ കനലെരിയുന്ന ഒരാളിൽനിന്നേ ഇത്തരം വരികൾ പുകയുകയുള്ളു

    ReplyDelete
    Replies
    1. സന്തോഷം മാഷേ ... മറ്റെവിടെയ്ക്കും ചെന്നെതാനുള്ള സമയം കിട്ടുന്നില്ല ഇപ്പൊ.... അത് കൊണ്ട് തന്നെയാവും ഈ വഴിയടഞ്ഞു പോയതും :) എന്നിട്ടും മാഷിത് വഴി എത്തി മനസ്സ് നിറച്ചതില്‍ ഒരു പാടൊരുപാട് സന്തോഷം....

      Delete