അല്പ്പായുസ്സ്
" അതെ ...
നന്ദിനി അല്‍പ്പായുസ്സായിരുന്നു
തത്തി തത്തിയവള്‍
പിച്ചനടക്കുന്ന കാലത്തേ
നാവില്‍ ഗുളികനിരിക്കുന്ന നാണുപണിക്കര്
നാലും കൂട്ടി മുറുക്കി തുപ്പി
നീട്ടി പറഞ്ഞു പോയതാണ്
അല്പ്പായുസ്സ് .. അതച്ചെട്ട്...!!
പണം തിന്ന പരിഹാരങ്ങളൊന്നും
ഇഷ്ടമായില്ലത്രേ...ദൈവങ്ങള്‍ക്കോ.?
നിലയില്ലാത്ത നക്ഷത്രങ്ങള്‍ക്കോ.?
ആവോ ...പണിക്കര്‍ക്കറിയാം..!
ആറാം തരത്തിലെ അര്‍ദ്ധ വര്‍ഷത്തിലാണ്
നന്ദിനിയുടെ ഉണ്ടക്കണ്ണുകള്‍
അലകള്‍ മരിച്ച നീര്‍ക്കെട്ട് മാത്രമായി
പരന്നു പോയത്..
കുത്തരിയില്‍ പൊടിക്കല്ല് ചികയവേ
കൂനിക്കുറത്തിയോടച്ചമ്മ അടക്കിപ്പറഞ്ഞത്,
കണ്ണ് പൊത്തിക്കളിയുടെ ഒളിച്ചിരിപ്പില്‍
ഇടനാഴിയിലെ കട്ടിയിരുട്ടിലവളില്‍
ഇടിത്തീയായി ചെന്നു വീണത്
വെള്ളി വെളിച്ചവുമായൊരിക്കല്‍
കര്‍ത്താവ് വിരുന്നു വന്നതിന്റെ
സ്മരണകള്‍ കടലാസ് പൂക്കളായി
മഞ്ഞു നനയുന്ന ആ അവധിക്കാലത്തായിരുന്നു..
"നന്ദിനി അല്‍പ്പായുസ്സാണത്രെ...!!"
പടിഞ്ഞാറേ ചുടലയിലന്നു
പുകയില്ലാതെ കത്തിതീര്‍ന്നത്
കാലന്‍ കണ്ണ് വെച്ച ജാതകത്തിലെ
നിറമുള്ള രാപകലുകളില്‍ ഒടുക്കത്തെ
പകല്‍ മാത്രമായിരുന്നില്ല..,
മണ്ണറിയാതെപാറി നടന്ന
കുഞ്ഞു ശലഭത്തിന്റെ ചിറകും ചിരിയും
അന്നൊരേ ചിതയില്‍ ഒന്നിച്ചെരിഞ്ഞു
അകത്തളത്തിലെ പരമ രഹസ്യം
കൂനിക്കുറത്തിയുടെ പതുങ്ങി നടപ്പിനൊപ്പം
പരക്കെ പരക്കും തോറും
നന്ദിനി ഇരുളില്‍ നിന്ന് ഇരുളുകളിലേക്ക്
നത്തു പോലെ പൊത്തുകള്‍ തേടുകയായിരുന്നു
സഹതാപത്തിന്റെ മുനയുള്ള നോക്കിനും വാക്കിനും
കരളില്‍ പുഴുവരിക്കുന്ന നീറ്റലാണത്രേ..!
ഒരു താലിച്ചരടിന്റെ ഒടുക്കത്തെ പ്രതീക്ഷയും
പടിയിറങ്ങിപ്പോയ ഒരു ബുധനാഴ്ച ദിവസം
ഇരുട്ടിലൂടെ ഇരുപത്തിയൊമ്പതിന്റെ
അസ്തമയത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു
ഇന്ദ്രിയങ്ങളുടെ ശവ പേടകം മാത്രമായൊരു
മെലിഞ്ഞ മേനി... നന്ദിനി...!!
മുപ്പതാം പിറന്നാളിന്റെ ഈറന്‍ പുലരിയില്‍
ഇറയത്തു തൂങ്ങിയ സാരിത്തുമ്പിലൂടെ
അവളാകാശത്തിന്റെ അറ്റം തേടി
പറന്നു പോയപ്പോഴും
അകത്തളങ്ങളിലെ അടക്കം പറച്ചിലുകളില്‍
"കണക്കു പിഴക്കാത്ത ശാസ്ത്രം "
മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക്
ചിതലുകളെ പോലെ അരിച്ചരിച്ച്
ജയിച്ചു കയറുകയായിരുന്നു
"നന്ദിനി.. അല്‍പ്പായുസ്സായിരുന്നു...!!"
_____________________Shaleer Ali_______________________
കഴിഞ്ഞ ലക്കം ഇ- മഷി യില്‍ പ്രസിദ്ധീകരിച്ചിരുന്നു....!

0 comments:
Post a Comment