Ind disable

Monday, December 30, 2013

മണല്‍ഘടികാരങ്ങള്‍


                                       മണല്‍ ഘടികാരങ്ങള്‍

 

   ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ട്..  മനസ്സ് പനി പിടിച്ച പോലെ പൊള്ളുകയാണ് . !! ''ഹൌ..!എന്താണിതൊക്കെ....? ഗതി കെട്ടവന്‍റെ കനവില്‍ പോലും കടലു ചുവയ്ക്കുന്ന കണ്ണീരോ..?
   
      തിമിരം ബാധിച്ച കണ്ണുകളില്‍ ജാലകപ്പുറത്തെ നിലാവിന് നിഴലുകളില്ല.. മൂടല്‍ മഞ്ഞിനെ  കെട്ടിപ്പുണരുന്ന വെള്ളി വെളിച്ചം മാത്രമേ ഉള്ളൂ..  തലയിണക്കടിയില്‍ നിന്നും എങ്ങനെയോ ചില്ല് മങ്ങിയ കണ്ണട തപ്പിയെടുത്തു ജനാലയ്ക്കരികിലേക്ക് നടന്നു. ഇരുളിനുള്ളിലേകാന്തരായിപ്പോയ സകല ജീവ നിര്‍ജ്ജീവ പടലങ്ങള്‍ക്കും കുളിരേകി.. വെളിച്ചമേകി.. കൂട്ടിനു നിഴലുകളെ നല്‍കി ചന്ദ്രലേഖ സ്വയം നിര്‍വൃതി പുതച്ചു നില്‍ക്കുന്നു.. അപ്പോഴും അടുത്തടുത്ത്‌ വരുന്ന മഴ മേഘങ്ങളെ അവള്‍ ഭയക്കുന്നുണ്ടായിരിക്കണം,
 എന്തിനുമേതിനും ഉള്ളിന്‍റെ ഉള്ളിലൊരു ഭയമുണ്ട്... പുറമേ മറയുണ്ട്‌.. വലുതല്ലെങ്കില്‍ ചെറുത്‌ ഇന്നല്ലെങ്കില്‍ നാളെ അവ വളരും ... ഉള്ളില്‍ നിറയും.. പുറമേ മൂടും..!
                     

                  ജനാല കമ്പികളിലെ പിടി വിട്ടു അയാള്‍ തിരിഞ്ഞു... മുന്നില്‍ കട്ടില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.. ചോദിക്കണമെന്നുണ്ടായിരുന്നു അതിനോട് .. ''നീ വല്ലതും അറിഞ്ഞിരുന്നോ'' എന്ന്.. 'നിന്‍റെ മാറില്‍ കിടന്നു ഞാന്‍ വല്ലാതെ പിടച്ചിരുന്നോ'..? 'അരുതേ എന്ന് അലറിയിരുന്നോ'..?  എന്ന് ...
         ഉണ്ടാവും.... കണ്ട സ്വപ്നത്തിനു അത്രയ്ക്ക് ശക്തിയുണ്ടായിരുന്നു, തന്നെ ചുരുട്ടിയെടുത്ത്‌ കുടഞ്ഞെറിയാന്‍ മാത്രമുള്ള ശക്തി.. എന്നാലും എങ്ങിനെ ..? അങ്ങിനെയൊക്കെ ചെയ്യാന്‍ കഴിയുമോ മക്കള്‍ക്ക്‌. മനസ്സെത്ര കണ്ട് മുരടിച്ചാലും താലോലിച്ചു വളര്‍ത്തി വലുതാക്കിയവരോട് ഇത്തിരി സ്നേഹവും കടപ്പാടുകളും ഒക്കെ കാണില്ലേ ..?
       
             കഴിഞ്ഞ ദിവസം ഏതോ ഒരു ചാനലില്‍ ആട്ടിന്‍കൂട്ടിലടക്കപ്പെട്ട ആശരണയായൊരമ്മയുടെ കണ്ണ് നീര് കണ്ട് ആത്മാവ് നനഞ്ഞ ആ നിമിഷം മുതല്‍ തുടങ്ങിയതാണ്‌ മനസ്സിനകത്ത് നുര പതയും പോലൊരു നോവ്‌ ..? സ്വപ്നത്തില്‍ ആ വൃദ്ധയുടെ സ്ഥാനത്തിപ്പോ.... !!  ഓര്‍ക്കുംതോറും തൊണ്ട വരളുകയാണ്..! 

                            സീറോ ബള്‍ബിന്റെ ആരോഗ്യമില്ലാത്ത പ്രകാശത്തില്‍ ഒരല്‍പം കുടി വെള്ളത്തിന്‌ പരതിയപ്പോള്‍ തിമിരം മറച്ച കണ്ണുകള്‍ക്ക്‌ എവിടെയോ പിഴച്ചു..! ലക്‌ഷ്യം തെറ്റിയ വലതു കയ്യില്‍ തട്ടി തടഞ്ഞതെന്തോ ഒന്ന് നിലതെറ്റി നിശബ്ദ രാവിന്‍റെ ശാന്തതയില്‍ വീണു ചുടല യക്ഷിയുടെ ചിരിനാദം പോലെ ചിലച്ചു നിശ്ശബ്ദമായി.. കൈകള്‍ പിന്നെയും പരതി തുടങ്ങും മുന്‍പേ മുറിയില്‍ ഒളിഞ്ഞു നോക്കുന്ന നേര്‍ത്ത നിലാവിനെയും സീറോ ബള്‍ബിനെയും നിഷ്പ്രഭരാക്കി നീളന്‍ ട്യുബ് ഉദിച്ചു ചിരിച്ചിരുന്നു.
     
             'എന്താ അപ്പച്ചാ തട്ടി മറിച്ചിട്ടത്..?''

            ആ ചോദ്യം കേട്ടപ്പോഴാണ് താഴേയ്ക്ക് നോക്കിയത്,  തലേന്നു രാത്രി കഞ്ഞി കുടിച്ച സ്റ്റീല്‍പാത്രം സിമന്റു തറയില്‍ മുഖം പൊത്തി കമിഴ്ന്നു കിടക്കുന്നു...
 
            "എന്തിനാ അപ്പച്ചാ ഈ ഇരുട്ടില് എണീറ്റ്‌ നടന്നത്...? ഞാന്‍ പറഞ്ഞിട്ടില്ലേ എന്ത് വേണാച്ചാലും ഒന്നുറക്കെ വിളിച്ചാ മതീന്ന്....  ഇല്ലെങ്കിലെന്താ ഈ ബെല്‍ സ്വിച്ചില്‍ ഒന്നമര്‍ത്തിയാ പോരാരുന്നോ..? ഇതിപ്പോ വല്ലേടത്തും തടഞ്ഞു വീണേനെങ്കിലോ...!?"
          
           "നിന്നെ ഉണര്‍ത്തണ്ടാന്നു വിചാരിച്ചാണ് വിളിക്കാതിരുന്നത് ........"

           "ആഹ ..അതിനാരാ  പറഞ്ഞത് ഞാനുറങ്ങുവാണെന്ന്.... ഇനിയിപ്പോ ഇച്ചിരങ്ങാണ്ടുറങ്ങിയാ തന്നെ അപ്പച്ചന്‍ വിളിച്ചാ എന്നേലും ഞാന്‍ അറിയാതിരുന്നിട്ടുണ്ടോ...?

             "ഊം... അതൊക്കെ പോട്ടെ ..... എന്താ ഉണ്ടായത്..? വല്ല അസ്വസ്ഥതയും തോന്നുന്നുണ്ടോ അപ്പച്ചന് ... അതോ വല്ല സ്വപ്നവും കണ്ടോ ...?

           ''ഹാ ...ഒരു സ്വപ്നം ..!!.''

           ''ആഹാ....ഇന്നും വന്നോ അങ്ങ് ജര്‍മ്മനീന്ന് ..?
ആര്..?..
           "വേറെയാരാ... അവള് തന്നെ .. അപ്പന്റെ പുന്നാര മോള് .. നാന്‍സിക്കൊച്ചമ്മ! ''

           ''നിനെക്കെന്താ കുട്ടീ അവളോടിത്ര ദേഷ്യം ..... ''

           "ദേഷ്യവോ.... ഓ.. എനിക്കെന്തോന്നു ദേഷ്യം... കാശ് തരുന്ന കൊച്ചമ്മയല്ലായോ...  വീട്ടില് നിറയെ പട്ടികളേം പൂച്ചകളേം തീറ്റി പോറ്റാം, അതിനോക്കെ വേണ്ടുവോളം നേരമുണ്ട്, വളര്‍ത്തി വലുതാക്കിയ അപ്പനെ നോക്കാന്‍ മാത്രം സമയോം സൌകര്യോംഇല്ല..!
           മനസ്സില്ല ..അത് തന്നെ സത്യം .... എന്നിട്ടും മോളെകുറിച്ച് നമ്മള് വല്ലതും പറഞ്ഞാ .. അപ്പൊ  തൊടങ്ങും കണ്ണുരുട്ടാന്‍ ..... അങ്ങനുഭവിച്ചോ.. എനിക്കിപ്പോ എന്നതാ.... മാസാമാസം ശമ്പളം കിട്ടണം അത്ര തന്നെ...!!

           'ഇനി ആ ജന്തുക്കക്കൊക്കെ പ്രായമായാ എന്നാ ചെയ്യുമോ ആവോ...?'

           "വല്ല മരുന്നും കുത്തി വെച്ചു കൊന്നു കളയുമായിരിക്കും...!"

ജനാലക്കപ്പുറത്തെ വിജനതയിലെവിടെയോ മിഴി കൊരുത്തു നില്‍ക്കുകയായിരുന്ന വൃദ്ധഗാത്രത്തിലെ പരുത്ത ശബ്ദം ഇടറിയുടഞ്ഞപ്പോള്‍ ഒരു നിമിഷം അവളും നിശബ്ദയായി...!

          "സത്യം പറ.. അപ്പച്ചാ.. അവളെ തന്നെയല്ലേ കണ്ടത് ....?'

          "ഹാ .. അവളും ഉണ്ടായിരുന്നു...! "  അതൊരു നിശ്വാസമായിരുന്നു

          "ഹാ അതെനിക്കറിയാമല്ലോ... ആട്ടെ ..ഏതു നാന്സിയായിരുന്നു...! ?
അപ്പന്റെ നീണ്ട താടിരോമങ്ങളെ പിന്നി പിരിച്ചു പാല്‍പ്പല്ലു കാട്ടി കൊഞ്ചുന്ന ഇത്തിരിയുള്ള നാന്സിയോ..?  അതോ ഈ കാണുന്ന അപ്പന്റെ കഠിന ഹൃദയം തന്‍റെ രണ്ടു തുള്ളി കണ്ണീരിലലിയാന്‍ മാത്രമേ ഉള്ളുവെന്ന സത്യം മനസ്സിലാക്കിത്തുടങ്ങിയ കൌമാരക്കാരി നാന്സിയെയോ..?
അതുമല്ലേല്‍... കയ്യോടെ പിടിച്ച പ്രണയക്കൂത്തിനെ ചോദ്യം ചെയ്തപ്പോള്‍ പതിനെട്ടു കഴിഞ്ഞതിന്‍റെ അവകാശവും സ്വാതന്ത്ര്യവും അച്ഛനെ പഠിപ്പിച്ച അപ്പനേക്കാള്‍ വളര്‍ന്ന ഡോക്ടര്‍ നാന്‍സി മാഡത്തെയൊ..?  ഏതായിരുന്നു ഇന്നത്തെ ഷോ....?
                
           ഒരു ഇളം ചിരിയോടെ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ വെറുതെ ഇരുന്നതല്ലാതെ അയാള്‍ മറുത്തൊന്നും പറഞ്ഞില്ല.

         "എന്താ ചിരിക്കുന്നെ.. അതും പറയൂല്ലേ ..!!? "

         'ഹേയ് .. കഥയെഴുത്ത്‌ തുടങ്ങിയതീ പിന്നെ നീ ഡയലോഗ് പറയാനൊക്കെ പഠിച്ചു ... "

         "കിയ്യട .. എന്റപ്പച്ചന്‍ വയ്യാത്ത കൈകൊണ്ടു ഇങ്ങനെ പതപ്പിക്കല്ലേ..!"

          "ഊം... ദാ വെള്ളം കുടിച്ചോളൂ.. കാര്യമില്ലാതെ അതുമിതും ഓര്‍ത്തു കിടന്നിട്ടാ ഇങ്ങനൊക്കെ, ഇനിയേതായാലും  ഉറക്കമിളക്കണ്ട... അപ്പച്ചന്‍ നാമം ജപിച്ചു കിടന്നോളൂ... എന്നാ ഇതു പോലുള്ള ദു:സ്വപ്നങ്ങളൊന്നും കാണില്ല. " അവള്‍ ചിരിച്ചു..

           "നാമ ജപമല്ല കുട്ടീ ... ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് .. കുരിശു വരക്കലാണ് ..''

           ''ഹോ.... ഞാനത് മറന്നു ...അല്ലെങ്കീ  തന്നെ അതിനിപ്പെന്താ... എല്ലാം ഒന്ന് തന്നെ ..."

           ''ശരിയാണ് എല്ലാ നാമവും ഒന്ന് തന്നെ... "അപ്പൊ അപ്പച്ചാ ലൈറ്റ് അണക്കുവാണേ.. നന്നായി ഉറങ്ങിക്കൊള്ളൂ ട്ടോ ... ഗുഡ്നൈറ്റ്..!"

           "ഊം.. .ഗുഡ് നൈറ്റ്...!"
    
                     മനസ്സിനെ വീണ്ടും തനിച്ചു പറക്കാന്‍ വിട്ടു കൊണ്ട്,  അവള്‍ പാതി ചാരിയിട്ടു പോയ  വാതില്‍ പാളിയിലേക്ക് നോക്കിയങ്ങനെ പതിയെ പതിയെ മയക്കത്തിലേക്കു മടങ്ങവേ,  ദിവ്യപ്രഭ ചിതറുന്ന വലതു കരമുയര്‍ത്തി സദാ അനുഗ്രഹം ചൊരിയുന്ന ചില്ല് കൂട്ടിലെ ജീസസിന്‍റെ കൈവെള്ളയില്‍ ഒരു നക്ഷത്ര ദീപം കൂടെ ഉദിച്ചു നില്‍ക്കുന്നതായയാള്‍ക്കു തോന്നി.
                   
          "കര്‍ത്താവേ.. നിന്റെ കയ്യില്‍ വല്ല തുലാസ്സുമുണ്ടോ.. ഒരു വശം സ്നേഹ ശൂന്യതയില്‍ പൊങ്ങിയുയര്‍ന്ന്‍ പണത്തിന്റെ  ആകാശം തേടുമ്പോ മറുവശം സ്നേഹ സാഗരത്തില്‍ മുങ്ങി താഴുന്ന മണല്‍ ഘടികാരത്തിന്റെ അതിശയ വിദ്യ പോലെ...?.

                     പുലരി വന്നു കണ്ണില്‍ തൊട്ടപ്പോഴോ ..... പൂര്‍ണ്ണിമ വന്നു വാതിലില്‍  മുട്ടിയപ്പോഴോ എന്നറിയില്ല... ഉണര്‍ന്നപ്പോള്‍ കുറെ മരുന്നുകളും നിര്‍ബ്ബന്ധമായ പതിവ് കടുംചായയുമായി എന്നത്തേയും പോലെ ചിരിച്ചു  കൊണ്ടവളുണ്ടായിരുന്നു മുന്നില്‍ .
           
          "അപ്പച്ചാ.. ഇന്നലെ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ... ഇന്ന് നമുക്കാ പാടത്തൂടൊക്കെ ഇച്ചിരി നടക്കണ്ടെ  ....? "
         
          ''ഊം നടക്കണം...''

          "കഥ പറഞ്ഞു തരില്ലേ  ..''?

           "കഥയോ??? "

           "ഹാ അന്ന് പറഞ്ഞതിന്റെ ബാക്കി ... !"

           "ഊം  ..പറയാം ..."

           "നല്ല അപ്പച്ചന്‍ , ന്നാ വേഗം ഇതെല്ലാം ഒന്നകത്താക്കീട്ടു നമ്മള് നടക്കുവല്ലേ..? കുളി പോയി വന്നേച്ചാവാം... അപ്പോഴെക്കെ റോസിയാന്റിയും ഇങ്ങു വരുള്ളൂ.. ഇന്നിച്ചിരി വൈകുംന്നു പറഞ്ഞിരുന്നു .."

എല്ലാ തവണത്തെയും പോലെ ഡയറിയില്‍ കുത്തി കുറിച്ചിടാന്‍ നല്ലൊരു കഥ കിട്ടുമെന്നെ വലിയ പ്രതീക്ഷയിലാണവള്‍ . വളഞ്ഞു പുളഞ്ഞതെങ്കിലും അന്തമില്ലാതെ നീണ്ടു കിടക്കുന്ന വയല്‍ വരമ്പിന്റെ അറ്റത്തേക്ക് കണ്ണെറിഞ്ഞു അവളുടെ പതിഞ്ഞ താളത്തിനൊപ്പം പിച്ച വെക്കും പോലെ അയാള്‍ നടന്നു
         
           ''പൂര്‍ണ്ണിമാ...

           ''ഊം'' .....?

           "ഞാനിപ്പോ അത് പറഞ്ഞില്ലാന്നു വെയ്ക്ക ..അപ്പൊ നീ എന്ത് ചെയ്യും... ?"

           ''പറഞ്ഞില്ലെങ്കിലോ...?? ഹാ ..ഞാനെന്നാ ചെയ്യാനാ...
ഈ അപ്പച്ചാന്നുള്ള വിളിയങ്ങു വേണ്ടെന്നു വെക്കും... അപ്പോഴോ .....?''
                    
                  ആ മറുപടി തന്നെയായിരുന്നു പ്രതീക്ഷിച്ചത്.... അവളതു പറയുമ്പോ ആ കളങ്കമില്ലാത്ത കവിളുകളില്‍ കനം തൂങ്ങുന്നത് കാണാന്‍ എന്നോ അയാള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
                           എന്നെത്തെയും പോലെ ഇന്നും അയാള്‍ ഉറക്കെ ചിരിച്ചു.. "ഹോ അതിത്തിരി കഠിനമാവും... അപ്പൊ പറയിണത് തന്നെയാവും നല്ലത്...."
           
           ''ഹാ... അങ്ങിനെ വഴിക്ക് വാ എന്‍റെ അപ്പച്ചോ..! ''

                 ജീവിതം തന്ന താങ്ങാനാവാത്ത ഭാരത്തില്‍ നിന്നോരല്‍പ്പം പൂര്‍ണ്ണിമയുടെ ചുമലിലേക്ക് പകര്‍ന്നു അവളുടെ മെലിഞ്ഞ കാലുകള്‍ക്കൊപ്പം പാതി തകര്‍ന്ന പാട വരമ്പിലൂടെ പതിയെ നടന്നു നീങ്ങുമ്പോള്‍ കൂടെ അന്നമ്മയുമുണ്ടായിരുന്നു. പറഞ്ഞു തീരാത്ത ഒരു പഴംകഥ പോലെ ഇന്നും ആത്മാവില്‍ ബാക്കിയായ പ്രണയം...! കുഞ്ഞു നാന്‍സിയെ നാന്‍സീ എന്ന് പേരു വിളിച്ച അന്നത്തെ സായാഹ്നം വരെ മാത്രം കര്‍ത്താവ്‌ കനിഞ്ഞു തന്ന ദാമ്പത്യം..!

പൂര്‍ണിമ പറഞ്ഞത് പോലെ അന്ന് പറഞ്ഞതിന്റെ ബാക്കി .. എന്നും പറഞ്ഞതിന്റെ ബാക്കി... എത്ര പറഞ്ഞാലും തീരാത്ത ബാക്കി...!!
          ------------------------------------------------ Shaleer Ali --------------------------------------------------

11 comments:

  1. ജീവിതകാലം എത്ര ചിലവാക്കിയാലും വാരിക്കൊരി കൊടുത്താലും അവസാന കാലത്ത് സ്നേഹം ഇപ്പോഴും കടം വങ്ങേണ്ടി വരുന്നു നല്ല എഴുത്ത് ഓരോ തന്തുവിലും സ്പര്ശിചിരിക്കുന്നു

    ReplyDelete
  2. വിഷയം പറഞ്ഞു പഴകിയതെങ്കിലും നന്നായി എഴുതി..

    കൂടെ പുതുവത്സരാശംസകളും....

    ReplyDelete
  3. നല്ല എഴുത്ത്. പുതിയ കഥാതന്തുക്കൾ കണ്ടെത്തൂ..

    ReplyDelete
  4. ഒരു വശം സ്നേഹശൂന്യതയിൽ പൊങ്ങിയുയർന്നു ആകാശം തേടുമ്പോൾ മറുവശം സ്നേഹസാഗരത്തിൽ മുങ്ങി താഴുന്ന മണൽഘടികാരം -ഇഷ്ടമായി ..:)

    ReplyDelete
  5. ഇഷ്ട്ടത്തോടെ ..... ആശംസകള്‍ ഭായ് ....

    ReplyDelete
  6. poet's way of story telling is very good!!
    enjoyed.

    ReplyDelete
  7. അവിടവിടെ കവിത വരുന്നുണ്ടോ എന്നു സംശയം. ബോധപൂർവ്വം നടത്തുന്ന അനാവശ്യവർണനകൾ കഥയുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടും....

    നന്നായി എഴുതി.....

    ReplyDelete
  8. പറഞ്ഞു പഴകിയ വിഷയമായിരുന്നിട്ടുകൂടി അവതരണം കൊണ്ട് കഥ വേറിട്ടു നില്‍ക്കുന്നു..ഒരുപക്ഷെ അല്പ്പം കൂടുതല്‍ തവണ വായിച്ചിരുന്നെങ്കില്‍ വരികള്‍ ഒന്നൂടെ ഭംഗിയുള്ളതാക്കാമായിരുന്നെന്ന് തോന്നുന്നു..ഇപ്പോള്‍ ഭംഗി ഇല്ല എന്നല്ലാട്ടൊ പറഞ്ഞത്..വായിച്ചപ്പോള്‍ മെച്ചപ്പെടുത്താന്‍ കഴിവുള്ള ആളാണ് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ...

    ReplyDelete
  9. കഥ ഇഷ്ടായി ശലീർ ...പുതുവത്സരാശംസകൾ

    ReplyDelete
  10. വായിച്ചു അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച പ്രിയ സ്നേഹിതര്‍ക്കെന്റെ സ്നേഹം.. നന്ദി............. കൂടുതല്‍ ശ്രദ്ധയോടെ കഥകളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതാണ് :)

    ReplyDelete
  11. ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്.
    ഷലീറിന്റെ കവിതയുടെ ഇമ്പം കിട്ടിയില്ല.

    ReplyDelete