Ind disable

Wednesday, June 26, 2013

വേരുകള്‍ ..

വേരുകള്‍ ..
വേരുകള്‍ സര്‍വ്വത്ര വേരുകള്‍...
സിരകളില്‍ ...മാംസങ്ങളില്‍
അസ്ഥികളില്‍ പോലും
അള്ളിപ്പിടിച്ചു തുളച്ചിറങ്ങുന്ന വേരുകള്‍...
എന്റെ ഉറവകള്‍ ഊറ്റി വറ്റിച്ച്
എന്റെ വേദിക വേരുകളാല്‍ ഞെരിച്ചുടച്ച്‌
പിന്നെയും നില വിട്ടു വളരുകയാണ്...

മനസ്സിലെന്നോ അറിയാതെ
മുളച്ചു തഴച്ച നീയെന്ന പ്രണയബോധി


ഇന്നു നീ കാറ്റിനോടോത്ത് കുഴഞ്ഞാടുമ്പോള്‍
ഒടിഞ്ഞു നുറുങ്ങുന്നതെന്റെ കശേരുക്കള്‍...
നിന്റെ ഇലകളിലവന്റെ
ചുംബനങ്ങള്‍ പുളകങ്ങളാകുമ്പോള്‍
വലിഞ്ഞു പൊട്ടുന്നതെന്റെ
നീരു വറ്റിയുറഞ്ഞു പോയ മരമജ്ജകള്‍

രാവിരുണ്ട് പുലരും വരെ നീ മേനി പകുക്കുന്ന
മഞ്ഞു നീര്‍ നനവുകള്‍ ഒലിച്ചിറങ്ങി
മരവിച്ചു പോകുന്നതെന്റെ
വരണ്ടു ശുഷ്കിച്ച ഹൃദയ ധമനികള്‍,
നോവു നീറി പിടച്ചാര്‍ക്കുന്നതെന്റെ 
ചലമുണങ്ങാത്ത മുറിപ്പാടുകള്‍...

ആഴിയിലുറച്ചു നീളുന്ന നിന്റെ
വേരുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു
ഞാന്‍ മണ്ണിലേക്ക്
അലിഞ്ഞൊടുങ്ങുമ്പൊഴും

നീ പടര്‍ന്നു പടര്‍ന്നു നിറയുകയാണ്

എന്നില്‍ നിന്നെന്റെ പ്രത്യാശയുടെ
ആകാശവും മറച്ചുകൊണ്ട് ...
എന്നിട്ടുമെന്റെ ഉച്ചിയില്‍ തിളയ്ക്കുന്നത്
തിരസ്കാരത്തിന്റെ കൊടുംവേനല്‍
എന്റെ മനസ്സിന്റെ ഭിത്തിയില്‍
തണലകന്നവന്റെ തൊലിപ്പുറം കരിയിച്ച
സൂര്യാഘാതത്തിന്റെ ചുവന്നു കറുത്ത
പൊള്ളല്‍ പാടുകള്‍ ..


അതെ,
ചിലപ്പോഴൊക്കെ
തണലുകളും വേവാറുണ്ട്
ചിതയെക്കാള്‍ ചൂടോടെ...!!


--------------------
Shaleer Ali--------------------

22 comments:

  1. കൊള്ളാം നന്ന്, മിക്ക വരികള്‍ക്കും ഒരു സംവേദന ശക്തിയുണ്ട്. ആശംസകള്‍. . എന്താണ് വേദിക വേരുകള്‍ കൊണ്ട് ഉദ്ദേശിച്ചത്?

    ReplyDelete
  2. മരത്തിന്‍റെ നൊമ്പരം മനോഹരമായി വേരുകളിലൂടെ പറഞ്ഞു ,.,..,ഹൃദയത്തെ സ്പര്‍ശിച്ച വരികള്‍ എന്ന് ഞാന്‍ അഹങ്കാരത്തോടെ പറയും ആശംസള്‍

    ReplyDelete
  3. പ്രണയബോധി വൃക്ഷത്തിന്റെ വേരുകൾ നിന്നിൽ ആഴ്ന്നിറങ്ങുന്നത് വരികളിൽ വരച്ചിട്ടിട്ടുണ്ട്........ മനോഹരമായി

    ReplyDelete
  4. ഷലീ....ഒരാവര്‍ത്തി വായിച്ചു!!

    ഒന്നുരണ്ടു തവണ കൂടി വായിച്ചാലേ....

    ബോധി വൃക്ഷത്തിന്റെ വേദന ആണോ....
    അതോ....അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേറെ എന്തെങ്കിലും ഉണ്ടോ...

    എന്നൊക്കെ മനസിലാവൂ :)


    ഒന്നൂടൊന്നു പരിശ്രമിക്കട്ടെ!!! :)

    ReplyDelete
  5. ആഴത്തിലിറങ്ങിചെന്നവ, അടിവേരിന്റെ ബലത്തിൽ ഒരു കാറ്റിലും ഇലയാതെ നീയെന്ന നീ നിന്റെ പ്രാണന്റെ പ്രണയത്തെ ഉയരങ്ങളിൽ വളർത്തട്ടെ.....

    ആശംസകൾ

    ReplyDelete
  6. ഞാൻ മണ്ണിലേക്ക് അലിഞ്ഞടരുമ്പോഴും നീ പടരുകയാണ് !!!
    വളരെ നല്ലത് !

    ReplyDelete
  7. വേരുകൾ വേരുകൾ സർവ്വത്ര വേരുകൾ,
    മാംസത്തിലും,സിരകളിലും,അസ്ഥികളിലും
    ഹൃദയത്തിലും ഒട്ടാകെ പടർന്ന് കിടന്ന് ചുരുണ്ട് മടങ്ങി അതാകെ ഓടുന്നു,
    എന്റെ ബോധമണ്ഡലത്തിലൂടെയാകെ.!

    അവളെന്ന പ്രണയബോധി എന്നിലെ സകല പ്രതീക്ഷകളുടെ ആകാശത്തേയും
    മറച്ചുകൊണ്ട് പടർന്നു കയറുന്നുണ്ട്.

    പക്ഷെ ഞാൻ വിട്ടുകൊടുക്കാൻ ഒരുക്കമല്ല,
    എന്താണ് ശരിക്കും പ്രതീക്ഷ എന്നും,
    എന്താണതിന്റെ കരുത്തെന്നും ഞാനവൾക്ക് കാണിച്ച് കൊടുക്കും.!
    അവളെന്നിൽ വീണ്ടും വേരുകളായി പടർന്ന് കയറും വരെ.!

    ReplyDelete
  8. അതെ , തണലും വേവും ..... ചൂടോടെ ( ഈ സർ - റിയലിസം ഇഷ്ടായി ) കവിത ഈണത്തിലങ്ങനെ കേൾക്കണം ... നന്നായി ..... മുകളിലെക്കെത്തട്ടെ ... പ്രാർത്ഥന !

    ReplyDelete
  9. Am proud of you.....
    സൈബര്‍ എഴുത്തില്‍ ബിംബസമൃദ്ധമായ ഇത്തരം കവിതകള്‍ കാണുമ്പോള്‍ ഈ മേഖലയുമായി ഇടപഴകുന്ന ഒരാള്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നു..... സിരകളില്‍ ചോരക്കു പതരം കവിത ഒഴുകുന്ന ഒരാള്‍ക്കേ ഇത്തരം ഭാവസമൃദ്ധമായ കവിത എഴുതാനാവൂ......

    ഷലീറിന്റെ മികച്ച കവിതകളിലേക്ക് ഒന്നുകൂടി.......

    ReplyDelete
  10. അതെ ചിലപ്പോഴൊക്കെ തണലുകളും വേവാറുണ്ട്
    ചിതയേക്കാള്‍ ചൂടോടെ ...

    ബൂലോകത്തിനു അഭിമാനിക്കാവുന്ന ചില രചനകള്‍ ... ഇതാ ഇത് പോലെ..
    ഷലീര്‍ നീ ഒരു പാട് ഉയരങ്ങളിലെത്തുമെന്നതില്‍ സംശയമേതും ഇല്ല തന്നെ.

    ആശംസകള്‍

    ReplyDelete
  11. വേര്‍പ്പെടാവുന്ന വേരുകളുടെ വേദനാജനകമായ വെളിപ്പെടുത്തലുകള്‍ ..മനോഹരം.

    ReplyDelete
  12. ആഴത്തിലിറങ്ങിയ പ്രണയ ബോധിവൃക്ഷത്തിന്‍റെ വേരുകള്‍ ഊറ്റിയെടുക്കുന്നത്, ജീവന്‍റെ ജലാംശം...

    ആശയ സമ്പുഷ്ടമായി... !! ഓള്‍ the ബെസ്റ്റ്..

    ReplyDelete
  13. "കാതലുള്ള " കവിത , ആശംസകൾ ശാലീ

    ReplyDelete
  14. ശലീര്‍ നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  15. വേരൂന്നണം ആഴ്ന്നിറങ്ങ്ണം

    ReplyDelete
  16. വരാന്‍ താമസിച്ചു . കൊള്ളാം മനോഹരമായ വരികള്‍ @PRAVAAHINY

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. അതെ,
    ചിലപ്പോഴൊക്കെ തണലുകളും വേവാറുണ്ട്
    ചിതയെക്കാള്‍ ചൂടോടെ...!!
    കിടു... ശലീർ !

    ReplyDelete
  19. പഴയ ഒരു മൂര്‍ച്ച തോന്നിച്ചില്ല ഒരു പക്ഷെ വിഷയം എനിക്ക് പൂര്‍ണമായി മനസിലാക്കാന്‍ പറ്റാത്തത് കൊണ്ടാവും..

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. നല്ല കവിത ശലീർ.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന

    ReplyDelete