Ind disable

Sunday, August 26, 2012

മായാ നിഴല്‍..

മായാ നിഴല്‍..


കൊല്ലുന്ന ഈ
എകാന്തതയ്ക്കപ്പുറത്ത്
ഞാന്‍ സ്വയം മറന്നാഹ്ലാദിച്ച
കുറെ രാപകലുകളുണ്ടായിരുന്നു..

എനിക്ക് ചിരിക്കുവാനവള്‍
ചിലമ്പിന്‍ സ്വരമായി
വന്നു പുല്‍കിയ
രാഗാര്‍ദ്രമായ പകലുകള്‍..

നിദ്രയില്‍ പോലും
ഞാനവളെ മറക്കാതിരിക്കാന്‍ .. 
എന്‍റെ ഇമകള്‍
മയങ്ങിയടയുന്നതും കാത്ത്
മനസ്സിന്‍റെ ജാലകപ്പുറത്ത്
ഒരു നൂറു കിനാവുകളുമായി
അവള്‍ കാത്തിരുന്ന
പ്രണയാര്‍ദ്രമായ രാവുകള്‍ ...

ഇന്നാ കോകിലം
പാടിയുണര്‍ത്തുന്നതേതു  
കാനനത്തെ..?
ഇന്നാ തനു പടര്‍ന്നു തഴുകുന്നതാരുടെ  
പുലരികളെ  ...?
അറിയില്ല....
ഞാനിവിടെ കാലം പതിച്ചു തന്ന
ഏകാന്ത തടവിലാണ് ..!

കണ്ണീരു പൊടിയാതെ
കാത്തു വെച്ചിരിക്കുന്നതെങ്കിലും
നിദ്രയിലലിയാനാവാതെ 
നിറം മങ്ങിയ
കൃഷ്ണമണികളിലീ 
കറുത്ത പൊട്ടായ്
കാണുന്നതൊരു നിഴലാണ്..

കാണാമറയത്തെങ്ങോ
പോയൊളിച്ചിട്ടും
ഇന്നുമീ മിഴികളില്‍
മായാന്‍ മടിച്ചു കിടക്കുന്ന
എന്റെ വാനമ്പാടിയുടെ നിഴല്‍ .....!!
_______________Shaleer Ali_______________

33 comments:

  1. നല്ല സുഖമുള്ള ആര്‍ദ്രമായ വരികള്‍ ..

    ReplyDelete
  2. ചിലമ്പിന്‍റെ സ്വരമായ്‌ എന്നാണ് ചേരുന്നത് എന്ന് തോന്നുന്നു..കുറെ അക്ഷര തെറ്റുകള്‍ ഉണ്ട് .എടുത്തു പറയുന്നില്ല .തിരുത്തണം കേട്ടോ...കവിത ഇഷ്ടമായ്‌.

    ReplyDelete
  3. അവസാനത്തെ നാലു വരികൾ അകം പൊള്ളിച്ചു ഷലീർ, ശരിക്കും. കാരണം എന്റെ മനസ്സാ വികാരമിപ്പോൾ ഉൾക്കൊള്ളുന്ന ഒരവസ്ഥയിലാണിപ്പോൾ.! ആശംസകൾ.

    ReplyDelete
  4. നിഴല്‍ പോലെ പിന്തുടരുന്ന പ്രണയം... നന്നായിരിക്കുന്നു.

    ReplyDelete
  5. “..ഇന്നാ കോകിലം
    പാടിയുണര്‍ത്തുന്നതേതു
    കാനനത്തെ..?“
    ആരെയെങ്കിലും പാടിയുണര്‍ത്തട്ടെ..! നീയാ വഴിക്കു പോകണ്ട.
    വെര്‍തേ ആയുസ്സ് പാഴാക്കാതെ,അടുത്ത വണ്ടി പിടിച്ചോ, കൂടെക്കൂടാന്‍ കുയിലുമാത്രമല്ല ,മയിലും വരും ഉറപ്പ്..!

    എഴുത്ത് നന്നായിട്ടുണ്ട് .
    ഓണാശംസകളോടെ..പുലരി

    ReplyDelete
  6. നല്ലവരികള്‍ .പ്രണയാര്‍ദ്രം....!അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. രാഗാർദ്ദ്രാമായ പ്രണയ സംഗീതം ഒഴുകുന്നു നിലാവെട്ടം പോലെ.. അഭിനന്ദനങ്ങൾ ഷലീർ..

    ReplyDelete
  8. പ്രയാര്‍ദ്രമായ വരികള്‍.

    ReplyDelete
  9. പ്രണയാര്‍ദ്രമായ വരികള്‍ '''

    നല്ല കവിത

    ReplyDelete
  10. സന്തോഷം സ്നേഹിതരെ ....
    ഈ സ്നേഹാര്‍ദ്ര പിന്തുണയ്ക്ക്‌
    വായിച്ചു അഭിപ്രായമറിയിച്ച എല്ലാ പ്രിയര്‍ക്കും എന്റെ നന്ദി.......

    ReplyDelete
  11. വരികളും താളവും ഇഷ്ടമായി....
    പ്രണയവിരഹം എന്ന പഴഞ്ചൻ ആശയത്തോട് ഒരു മടുപ്പുപോലെ.....

    ReplyDelete
  12. വരികളിൽ, വിരഹമേൽപ്പിച്ച മുറിവിൽ നിന്നു കിനിഞ്ഞ നിണകണങ്ങൾ.

    ReplyDelete
  13. കണ്ണീരു പൊടിയാതെ
    കാത്തു വെച്ചിരിക്കുന്നതെങ്കിലും
    നിദ്രയിലലിയാനാവാതെ നിറം മങ്ങിയ
    കൃഷ്ണമണികളിലീ
    കറുത്ത പൊട്ടായ്
    കാണുന്നതൊരു നിഴലാണ്..
    ---------------
    ഏറെ ഇഷ്ടമായത് ഈ വരികള്‍ .

    ReplyDelete
  14. നല്ല വരികള്‍...! അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  15. കാണാമറയത്ത് , പൊയൊളിച്ചുവോ ?
    ഒരു പിന്‍ വിളിക്ക് സാധ്യതയില്ലാതായോ ?
    നിന്നെ ഉണര്‍ത്തിയ , ഉറക്കാതെ കാത്ത ,
    നിന്റെ മിഴകളില്‍ തഴുകിയ , നിന്നില്‍ -
    പ്രണയാദ്രമായ ചിത്രങ്ങള്‍ക്ക് മിഴിവ് നല്‍കിയ
    നിമിഷങ്ങള്‍ക്കും മനസ്സിനും ...
    വിരഹത്തിന്റെ വേവിലേക്ക് തള്ളിയിട്ട്
    കാലം കവര്‍ന്നു പൊയതൊ .. അതൊ ..
    ചിന്തകളില്‍ ഇന്നും നിറയുന്നുണ്ടല്ലേ ആ മുഖം ..
    എങ്കിലും ഒന്നു ചിരിക്കു സഖേ .. ആ മനസ്സ്
    ചിലപ്പൊള്‍ ഇതുപൊലേ തേടുന്നുണ്ടാവാം ..
    ( കൂടെ ഹൃദ്യമായ ഓണാശംസകള്‍ )

    ReplyDelete
  16. അനുഭവിക്കുന്ന വേദന വായനകാരനും കിട്ടും . നല്ല വരികള്‍ . അഭിനന്ദനം .

    ReplyDelete
  17. ഇന്നാ കോകിലംപാടിയുണര്‍ത്തുന്നതേതു
    കാനനത്തെ.... ഞാന്‍ കരഞ്ഞു മനോഹരം ആര്‍ദ്രം.

    ReplyDelete
  18. നല്ല വരികൾ

    നഷ്ടപ്രണയത്തിൽ പൊഴിഞ്ഞ ഇതളുകൾ പറയാൻ മറന്നതോ മടിച്ചതോ , എന്തോ!

    നന്നായി എഴുതി
    ഓണാശംസകൾ

    ReplyDelete
  19. ലളിതമായ വരികളിലൂടെയുള്ള പ്രണയത്തിന്റെ വേദനയും വിരഹവും, വായിക്കാൻ സുഖമുള്ള വരികൾ

    ReplyDelete
  20. പ്രണയവും വിരഹവുമില്ലാതൊരു ഭാവം വല്ലാതിഷ്ടപ്പെടുന്നു...കാരണം ഇവ രണ്ടും കണ്ടും കേട്ടും മടുത്തു കവിതകളില്‍...! :-(

    ReplyDelete
  21. ഇഷ്ടങ്ങള്‍ ,,,താല്പര്യങ്ങള്‍ എല്ലാം പലതാവാം...
    വിഷയങ്ങള്‍ വായിച്ചു മടുത്തതാവാം...
    എന്നാലും.. മനസ്സില്‍ പ്രണയം മരിക്കാതവരാണ് ഓരോരുത്തരും എന്ന് ഞാന്‍ ഇവിടെ മനസ്സിലാക്കുന്നു .... ഇഷ്ടമായെന്നും ഇല്ലെന്നും പറഞ്ഞവര്‍ക്കെല്ലാം... പ്രണയാര്‍ദ്രമായ നന്ദി അറിയിക്കട്ടെ .:)

    ReplyDelete
  22. നല്ല വരികള്‍... ആശംസകള്‍...

    ReplyDelete
  23. ആരെ വാഹ്‌!!,!! സുന്ദരമായ വരികള്‍!,!!!!!
    രമണനും, ദേവദാസും ഏറ്റു പാടും, അല്പം "മറ്റവന്റെ" കുറവേയുള്ളൂ. :)

    ReplyDelete
  24. ശലീറിന്റെ കവിതകള്‍ കാവ്യ ലോകത്ത് ഒരു മുതല്‍ കൂട്ടാകും എന്ന കാര്യം തീര്‍ച്ചയാണ് .
    ഇനിയും മനോഹരമായ വരികള്‍ എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  25. @doctor ... thaaankuuu :)
    @ ജോസ്ലെറ്റ് മാഷ്‌ & അഷ്‌റഫ്‌ ഇക്ക
    ഒരു പാട് സന്തോഷം ഹൃദയം കുളിര്‍പ്പിച്ച ഈ വാക്കുകള്‍ക്ക്‌..... ഇക്ക എന്നും പ്രാര്‍ഥനകള്‍ മാത്രം പരസ്പരം സ്നേഹം മാത്രം.... വലുതായൊന്നും ആഗ്രഹിക്കുന്നില്ല.... !!

    ReplyDelete
  26. നന്നായി കവിതയെഴുതുന്ന അപൂര്‍വ്വം ആളുകളില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഷലീര്‍ . വ്യത്യസ്ഥതയുള്ള എഴുത്ത്, ചിന്തകളെ വരികളാക്കുന്നതില്‍ നല്ല കഴിവുള്ളയാള്‍ .
    വിഷയം ഒരുപാട് പറഞ്ഞതോ, കേട്ടു മടുത്തതോ ഏതുമാവട്ടെ. അതൊന്നും ഒരു പ്രശ്നമേയല്ല. കാരണം ഒരുപാട് പറഞ്ഞ വിഷയങ്ങളെ, വ്യത്യസ്ഥമായ രീതികളില്‍ പിന്നെയും പറയുമ്പോള്‍ , അത് ലളിതമായ വരികളിലൂടെ പറയുമ്പോള്‍ വായനക്കാരന്‍ നെഞ്ചോട് ചേര്‍ത്തു വെക്കുക തന്നെ ചെയ്യും. വിമര്‍ശനങ്ങളിലെ നല്ലത് മാത്രം സ്വീകരിച്ച് മുന്നോട്ട് പോവുക.വിജയം തീര്‍ച്ചയാണ്.
    ഈ കവിത ഞാന്‍ ആദ്യ ദിവസം തന്നെ വായിച്ചിരുന്നു. കമന്‍റിടാന്‍ കഴിഞ്ഞില്ല. മെയില്‍ ഐഡി വേറേയായിരുന്നു.
    പിന്നെ ആ സ്വനത്തിനേക്കാള്‍ നല്ലത് സ്വരം തന്നെയാണെന്ന് ഒരു അഭിപ്രായമുണ്ട്.
    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  27. @മേയ് ഫ്ലവര്‍ ... ഒത്തിരി സന്തോഷം പകരുന്ന ഈ വാക്കുകള്‍ക്കെങ്ങനെ നന്ദി പറഞ്ഞു തീര്‍ക്കണമെന്നറിയില്ല .. വിമര്‍ശനങ്ങളില്‍ പാഠമുണ്ടെന്നു തന്നെ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ .. താങ്കള്‍ പറഞ്ഞ പോലെ അതില്‍ നല്ലത് സ്വീകരിച്ചു മുന്നോട്ടു പോവാന്‍ കഴിഞ്ഞാല്‍ നല്ല കാര്യം തന്നെയാണ് ..ഞാനതിനു ശ്രമിക്കുകയും ചെയ്യും ..
    പിന്നെ അനാമികയും താങ്കളും പറഞ്ഞ പോലെ സ്വനം സ്വരമാക്കിയിട്ടുണ്ട് .... ഒരു പാട് നന്ദി ഈ വരവിനും വായനക്കും ... ഇനിയും വരിക സസ്നേഹം....:)

    ReplyDelete
  28. നല്ല വരികള്‍ ഷലീര്‍
    ആശംസകള്‍

    ReplyDelete
  29. വിഷാദം പുരണ്ട ആര്‍ദ്രമായ പ്രണയ കവിത. വളരെ നന്നായി. ആശംസകള്‍.

    ReplyDelete
  30. മനോഹരമായ വരികള്‍ ശലീര്‍ ,നന്നായി എഴുതി ,അക്ഷര തെറ്റ് എനിക്ക് പതിവാ ,അത് കൊണ്ട് നമ്മള്‍ നോ നോ

    ReplyDelete
  31. @മന്‍സൂര്‍ ഇക്ക ... സന്തോഷം... :)
    @ശ്രീജിത്ത് ജീ .. ഒത്തിരി സന്തോഷം ഈ വരവില്‍... ഇനിയും പ്രതീക്ഷിക്കുന്നു
    @നാച്ചി.... നമ്മളൊക്കെ കുട്ടികളല്ലേ അക്ഷര തെറ്റുകളൊക്കെ കുറച്ചു വേണം... :))

    ReplyDelete