Ind disable

Thursday, March 29, 2012

രേഖകളില്ലാത്തവര്‍ ..!

രേഖകളില്ലാത്തവര്‍ ..!


കളഞ്ഞു കിട്ടിയ 
കറുത്ത കലത്തില്‍
തിളച്ചു മറിയുന്ന നാ ലു പിടിയരിക്ക് 
കണ്‍ പാര്‍ത്തിരിക്കുന്ന,

പൈപ്പ് വെള്ളം കുടിച്ചു വീര്‍ത്ത 

ഇളം  വയറുകള്‍ക്ക് 
വിശപ്പായിരുന്നില്ല...
ചുടു  ചോറിനോടുള്ള കൌതുകം 
നിറഞ്ഞ ആസക്തിയായിരുന്നു ..

എരിയുന്ന കനലിന്റെ നോവിലേക്കൂതുന്ന 
അമ്മ മനസ്സിന്റെ
ചുരുങ്ങിപ്പോയ
അന്നനാളത്തിനും 
ഇപ്പോള്‍ വിശപ്പറിയാറില്ല ....!  

തെരുവിലൊരു ഇരുള്‍ മറയില്‍
കീറച്ചാക്കു പുതച്ചു
മയങ്ങും
ഈ ദാരിദ്ര്യത്തിനിവിടെ രേഖയില്ല...

ഒരു രൂപയരിയുടെ ഔദാര്യം നുണയാന്‍ 
തെരുവിന്റെ വിലാസത്തില്‍ റേഷനില്ല..!!

ഇരുളിന്റെ മറവിലിരതേടിയിറങ്ങിയ 
പകല്‍ മാന്യ-നരവയര്‍ ചുറ്റിയ
ഉടു ചേല പകുക്കുവോള്‍ 

ലവണ ബാഷ്പ്പത്തിലൊട്ടിയ
കുഴഞ്ഞ നോട്ടില്‍ 

കരയുന്ന പൈതലിന്‍
നിറവയറോര്‍ക്കുവോള്‍...  


അവള്‍ക്കിവിടെ അഭിസാര സംഘത്തിന്‍

സംഘടനയില്‍ അംഗത്വമില്ല..
ബാല്യം വിട്ടതില്‍ പിന്നിരുള്‍ കോണിലവള്‍  
അറിഞ്ഞുറങ്ങിയ രാവുകളുമില്ല ..

കുല പ്രതാപത്തിന്‍റെ നക്ഷത്ര-
മേടകള്‍ക്കുമ്മറം നിരങ്ങിയീ

അരവയറുകള്‍ അലയുന്നതീ പാരിലെ 
പട്ടിണിയില്ലാത്ത പറുദീസ തേടിയല്ല... 

എരിയുന്ന ആമാശയത്തിനൊരു -
നേരമെങ്കിലും ഓരല്‍പ്പ ശമനം ....
ശവ പറമ്പോളമെത്തും വരെയ്ക്കെന്നുമീ
ഇരുള്‍  കോണില്‍  എല്ലാം  
മറന്നൊന്നു ശയിക്കാനൊരിടം ...
ജനിച്ചു പോയതു  ജീവിച്ചു തീര്‍ക്കാന്‍ 
 
അസ്വസ്ഥ ഭൂവില്‍ സ്വസ്ഥമാമൊരു വീഥി... 

ഇറ്റു സഹതാപമുറ്റിയനോട്ടം

കണ്ടോടി വന്നെന്‍ നേരെ
നീണ്ട കൈ വെള്ളയില്‍ 
ഒരു തുട്ടു വെയ്ക്കവേ ..
ബാക്കിയായ് മനം
ഉത്തരം കിട്ടാത്തൊരു ചോദ്യം തന്നു ..!


നാടൊട്ടു നടന്ന് തലയെണ്ണി പറഞ്ഞ ,
രാജ്യത്തിന്‍ പെരുകിയ ജനക്കണക്കില്‍ പോലും
എണ്ണപ്പെടാതെ പോയ
ഈ രേഖയില്ലാ ജന്മങ്ങളുടെ 
കരുവാളിച്ച കരങ്ങളില്‍
കറുത്തു  കണ്ട
രേഖകളിലെ ശാസ്ത്രമെന്താവും .....??

_____________________________
Shaleer Ali___

38 comments:

  1. ഇമ്മാതിരി തീവ്രമായ വാക്കുകൾ കൊണ്ട് കവിതയെഴുതുമ്പോൾ ഒരു മുന്നറിയിപ്പ് വക്കണം ട്ടോ. 'A' ന്നൊക്കെ സിനിമാ പോസ്റ്ററുകളിൽ ഇടുന്ന പോലെ. എനിക്ക് വായിച്ച് വേദനിക്കാൻ വയ്യ, അതിലേറെ ആ ഫോട്ടോയും. വേദനാജനകം. ആശംസകൾ.

    ReplyDelete
  2. ഇരുളിന്റെ മറവിലിരതേടിയിറങ്ങിയ
    പകല്‍ മാന്യ-നരവയര്‍ ചുറ്റിയ
    ഉടു ചേല പകുക്കുവോള്‍
    ലവണ ബാഷ്പ്പത്തിലൊട്ടിയ
    കുഴഞ്ഞ നോട്ടില്‍
    കരയുന്ന പൈതലിന്‍
    നിറവയറോര്‍ക്കുവോള്‍...
    =========================
    ശക്തമായ വരികളുമായി ഇനിയും വരിക,..അഭ്നന്ദനങ്ങള്‍..

    ReplyDelete
  3. കുല പ്രതാപത്തിന്‍റെ നക്ഷത്ര-
    മേടകള്‍ക്കുമ്മറം നിരങ്ങിയീ
    അരവയറുകള്‍ അലയുന്നതീ പാരിലെ
    പട്ടിണിയില്ലാത്ത പറുദീസ തേടിയല്ല...

    എരിയുന്ന ആമാശയത്തിനൊരു -
    നേരമെങ്കിലും ഓരല്‍പ്പ ശമനം ....
    ശവ പറമ്പോളമെത്തും വരെയ്ക്കെന്നുമീ
    ഇരുള്‍ കോണില്‍ എല്ലാം
    മറന്നൊന്നു ശയിക്കാനൊരിടം ...
    ജനിച്ചു പോയതു ജീവിച്ചു തീര്‍ക്കാന്‍
    അസ്വസ്ഥ ഭൂവില്‍ സ്വസ്ഥമാമൊരു വീഥി...

    ഷലീർ തീർച്ചയായും നല്ല ഒരു കവിത, വായിക്കപ്പെടേണ്ടത്. പട്ടിണിപ്പാവങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. വിശപ്പ് സഹിക്കാതെ ജീവിതം നിലനിർത്താൻ മാനം വിറ്റ് കാശാക്കി ജീവിക്കുന്നവരുടെ നേർ ചിത്രം... രേഖകളില്ലാത്തവർക്കും ജീവിക്കേണ്ടേ, കവിത എന്തൊക്കെയോ ആഹ്വാനം ചെയ്യുന്നു..ആശംസകൾ

    ReplyDelete
  4. ജനിച്ചു പോയതു ജീവിച്ചു തീര്‍ക്കാന്‍
    അസ്വസ്ഥ ഭൂവില്‍ സ്വസ്ഥമാമൊരു വീഥി...

    ReplyDelete
  5. ഹൃദയത്തിന്‍റെ അറകളിലഖിലം ലവനജലമൂറി ചങ്ങാതീ. കണ്ടു മടുത്ത കാഴ്ചകള്‍, കേട്ട് പതം വന്ന വാക്കുകള്‍. നിങ്ങളത് വീണ്ടും അനുഭവിപ്പിച്ചു.

    ReplyDelete
  6. ഒരു രൂപയരിയുടെ ഔദാര്യം നുണയാന്‍
    തെരുവിന്റെ വിലാസത്തില്‍ റേഷനില്ല..!!

    കനൽ ചീന്തിയെടുത്ത ഒരു ചിന്തു വീണ്ടും!

    ReplyDelete
  7. വായിക്കണ്ടായിരുന്നു എന്ന് തോന്നി. വേദനാജനകം..

    ReplyDelete
  8. Novikkunna vaakkukal ... Orormmappeduthal koodiyaayi, veendum varikal kondu kavitha peyyikkunnu shaleer...Best wishes

    ReplyDelete
  9. വായ കീറിതന്നവന്റെ വിക്ര്തികൾ ,
    അല്ലാ അവൻ മറ്റുള്ളവർക്ക് കാണിക്കുന്ന
    വിചാര ചലനങ്ങൾ.

    മച്ചു നന്നായി എഴുതി
    ആശംസകൾ

    ReplyDelete
  10. വൌ...........പ്രിയ നാട്ടുകാരാ........നന്നായി എഴുതി .........Iam proud of u........

    ReplyDelete
  11. മനു പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് ... നെഞ്ചു നീറി
    ഇത്തരം ചിത്രങ്ങള്‍ പല സമയത്തും ഈ മഹാനഗരത്തിന്റെ(മുംബൈ)പല കോണുകളിലും ഞാന്‍ കാണുന്നതാണ്. തീഷ്ണതയേറിയ ഈ വരികളിലൂടെ കവി എന്നെ വീണ്ടും ആ കാഴ്ചകളിലൂടെ നടത്തുമ്പോള്‍ നാം പാഴാക്കി കളയുന്ന ആഹാരത്തിന്റെ കാര്യം പോലും ഓര്‍ത്ത്‌ സ്വയം കുറ്റബോധം തോന്നുന്നു ..

    നല്ല വരികള്‍, നല്ല കവിത

    ReplyDelete
  12. ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ ഇങ്ങിനെ എത്ര ജന്മങ്ങള്‍. ഇന്ത്യ തിളങ്ങുമ്പോള്‍ ഈ ബ്ലാക്ക്‌ & വൈറ്റ്കള്‍ നിറങ്ങളില്ലാത്ത ലോകത്ത് ലേഖകകളില്ലാതെ ജീവിച്ചു ഒടുങ്ങുന്നു. വിശപ്പ്‌ ഭക്ഷിച്ചും നഗ്നത ഉടുത്തും. കവിത ഹൃദയ സ്പര്ശിയായ് എഴുതി. കവിക്ക്‌ മാത്രം കഴിയുന്നത്‌. അഭിനന്ദനങ്ങള്‍

    ReplyDelete
  13. കനല്‍ചിന്തുകളാണ് ഷലീറിന്റെ ഭാഷ....
    ചിലപ്പോഴത് ആത്മവ്യഥകളായും ചിലപ്പോഴത് കാഴ്ചകളിലെ അസ്വസ്ഥകളായും നീറിപ്പുകയും...

    ഇത്തവണ ഒരല്‍പ്പം നീളം കൂടിയോ.... ഒന്നുകൂടി ആറ്റിക്കുറുക്കാമായിരുന്നോ....

    ReplyDelete
  14. ഇറ്റു സഹതാപമുറ്റിയനോട്ടം
    കണ്ടോടി വന്നെന്‍ നേരെ
    നീണ്ട കൈ വെള്ളയില്‍
    ഒരു തുട്ടു വെയ്ക്കവേ ..
    ബാക്കിയായ് മനം
    ഉത്തരം കിട്ടാത്തൊരു ചോദ്യം തന്നു ..! ആ കുരുന്നുകള്‍ നമ്മെ വേദനിപ്പിക്കുന്നു ആശംസകള്‍ സുഹൃത്തേ

    ReplyDelete
  15. വേദന പകരുന്ന വാക്കുകള്‍

    ReplyDelete
  16. വേദനിപ്പിക്കുന്നു സുഹൃത്തെ ഓരോ വരികളും
    കരിങ്കല്ലിന്റെ മൂര്‍ച്ചയുള്ള ഓരോ വാക്കുകളും
    ആശംസകള്‍

    ReplyDelete
  17. ഇവിടെ വാക്കുകള്‍ കൂര്‍ത്ത മുനകളാകുന്നു... അത് മനസ്സിന്റെ ആഴത്തിലേക്കിറങ്ങുന്നു

    ReplyDelete
  18. നൊമ്പരപ്പെടുത്തുന്ന കവിത. കവിതയല്ലിത്..

    ReplyDelete
  19. ചില കാഴ്ചകള്‍ നമ്മെ വേദനിപ്പിക്കും ,ചില വാക്കുകള്‍ നമ്മെ മുറിപ്പെടുത്തും .ഹൃദയം തൊട്ടു ..

    ReplyDelete
  20. @മനേഷ് ജീ... വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ....
    (ഈ A യ്ക്ക് പകരം എന്ത് വെക്കും ) :)))

    @ ഷാജിക്ക .... ഒരു പാട് നന്ദി ... ഈ പ്രോത്സാഹനങ്ങള്‍ എന്നും പ്രതീക്ഷിക്കുന്നു

    @മോഹി ഭായ് ... എത്ര എഴുതിയാലും തീരാത്ത നോവുണ്ട് നമ്മുടെ തെരുവുകളില്‍ ... അവരിലൊരു വരണ്ട തോണ്ടയെങ്കിലും നനക്കാന്‍ മനസ്സ് നല്‍കണേ എന്നാ പ്രാര്‍ഥനയാണ് ബാക്കി ......... ഒരായിരം നന്ദി വായിച്ചു അഭിപ്രായം അറിയിച്ചതിനു ...:)
    @sabri മനസ്സ് നിറഞ്ഞ നന്ദി ഇനിയും വരിക
    @ ആരിഫ്‌ ഇക്ക ...ഒരു പാട് നന്ദിയുണ്ട് വായിച്ചു വിലയേറിയ അഭിപ്രായം അറിയിച്ചതിന്.......:)

    @അജിത്‌ ജീ ... ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി ....

    @ മേരി പെണ്ണ് .... വേദന തോന്നിയാലും വായിക്കാതെ പോവല്ലേ ..അതെനിക്കൊരു വേദനയാകും :)) ഇനിയും വരണം :)

    ReplyDelete
  21. @ മുഹമ്മദ്‌ ഷാജി..... സന്തോഷം ...ഈ പിന്തുണ ക്കെന്നും നന്ദിയോടെ ....:)

    @ഷാജു ..... നന്ദീ ഡിയര്‍ മച്ചൂ .... ആയിരം നന്ദീ ...:)

    @ഇസ്മയിക്കാ ...... thaaaaaaank uuuuuuuuuuuuuuuuuuuuuuuuuuuuuu :)))))

    @വേണു ഗോപാല്‍ ജീ .... എന്റെയീ എളിയ ശ്രമത്തിനു താങ്കളെ പോലോരാളുടെ മനസ്സില്‍ ഒരു ചെറിയ ഓലമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചു എന്നറിയുമ്പോള്‍ ശരിക്കും അതാണെന്റെ സംത്രപ്തി..... ഒരു പാട് സന്തോഷം ഇനിയും വരിക

    @ അക്ബര്‍ ഇക്ക ..... ജനിച്ചു മരിച്ചു പോവും വരെ ജീവിച്ചുവെന്നതിനു ഒരു രേഖയും ബാക്കി വെക്കാത്ത ഇവരെ ആരറിയുന്നിവിടെ ....

    വായിച്ചു അഭിപ്രായം പറഞ്ഞതിന് മനസ്സ് നിറഞ്ഞ ഒരായിരം നന്ദി ...

    @ പ്രദീപേട്ടാ ....ഈ സ്നേഹ സാമീപ്പ്യത്തിനു പറഞ്ഞു തീര്‍ക്കാനാവാത്ത നന്ദിയും സന്തോഷവുമാണ് മനസ്സില്‍ .....
    നീളം കൂടിപ്പോയോ .......?
    എത്ര എഴുതിയാലും തീരാത്ത നോവുണ്ട് ആ തെരുവുകളില്‍ ...അതാവും ഒരല്‍പം കൂടി പോയത് ........ ഇനിയുള്ളത് ആറ്റി കുറുക്കാന്‍ ശ്രമിക്കാം .......നന്ദി പ്രദീപേട്ടാ ..:))

    @ഷാജി ഷാ ... കണ്ണീരും പൈപ്പ് വെള്ളവും കുടിച്ചു വയറു വീര്‍പ്പിക്കുന്ന തെരുവ് കുട്ടികള്‍ വേദന തന്നെയാണെന്നും .......
    നന്ദി സുഹൃത്തേ ....ഇനിയും വരിക

    @അലിഫ് കുമ്പിടി ...വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും ഒരു പാട് സന്തോഷം സുഹൃത്തേ ....... ഇനിയും വരണം ....:))

    @അഷ്‌റഫ്‌ സല്‍വ..... ഒരു പാട് സന്തോഷം പ്രിയ സുഹൃത്തേ .... എന്റെയീ എളിയ രചനകളെ വായിച്ചതിനും അഭിപ്രായങ്ങളരിയിച്ചതിനും ഒരു പാട് നന്ദി....
    @ജഫു ...നന്ദി പ്രിയ സുഹൃത്തേ .....
    അഭിപ്രായമരിയിച്ചതിനു ആയിരം നന്ദി
    @റാഷി....സന്തോഷം പ്രിയ സുഹൃത്തേ..ഇനിയും വരിക ഇത് വഴി ..:)

    @ സിയാഫ് ....ഇക്ക ...ഒരായിരം നന്ദി .... ഈ വായനക്കും അഭിപ്രായത്തിനും ............

    ReplyDelete
  22. നല്ല കവിത നല്ല ആശയം ,,,,ആശംസകള്‍

    ReplyDelete
  23. ഇവിടെ ആദ്യമായാണ്‌.കവിത വളരെ നന്നായിട്ടുണ്ട് .ഭാഷ ഇഷ്ട്ടപ്പെട്ടു..ഹൃദയ സ്പര്‍ശിയായ വരികള്‍.എല്ലാ വിധ ആശംസകളും..

    ReplyDelete
  24. എരിയുന്ന ആമാശയത്തിനൊരു -
    നേരമെങ്കിലും ഓരല്‍പ്പ ശമനം ....
    ശവ പറമ്പോളമെത്തും വരെയ്ക്കെന്നുമീ
    ഇരുള്‍ കോണില്‍ എല്ലാം
    മറന്നൊന്നു ശയിക്കാനൊരിടം ...
    ജനിച്ചു പോയതു ജീവിച്ചു തീര്‍ക്കാന്‍
    അസ്വസ്ഥ ഭൂവില്‍ സ്വസ്ഥമാമൊരു വീഥി...
    നൊമ്പരപ്പെടുത്തുന്ന വരികള്‍ ...!!

    ReplyDelete
  25. manoharamayi paranju...... aashamsakal...... blogil puthiya post....... ANNAARAKKANNAA VAA..... vayikkane.......

    ReplyDelete
  26. ഒരുപാട് കാര്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന കവിത പൊള്ളുന്ന വാക്കുകളില്‍ മനസ്സിനെ തപിപ്പിക്കുമ്പോള്‍ പ്രിയ കവീ,ഒന്ന് വിതുമ്പട്ടെ കാഴ്ചകളിലേക്ക് കണ്ണുതുറന്ന്....ആശംസകളോടെ,

    ReplyDelete
  27. @ ഫൈസല്‍ ബാബു ... വന്നു വായിച്ചതില്‍ വലിയ സന്തോഷം ഇനിയും പ്രതീക്ഷിക്കട്ടെ ...... :)

    @കൂല്സ് .... ആദ്യ വരവിനും നന്മ നിറഞ്ഞ പ്രോത്സാഹനത്തിനും നന്ദി ....:)

    @കുങ്കുമം ... ഒരു പാട് സന്തോഷം ഈ വരവിനും .. അഭിപ്രായത്തിനും .. ഇനിയും വരണം ...

    @ജയരാജ് ജീ ..... സന്തോഷം ... ഈ വരവിനു ...ഇനിയും വരിക .. annaarakkannaa vaa വായിക്കാം :))

    @ nmk ബ്ലോഗ്‌ .... ഒത്തിരി സന്തോഷം ഈ വരവിനും വായനക്കും ഈ അഭിപ്രായത്തിനും .....
    ഇനിയും വരിക ...:)

    ReplyDelete
  28. ഈ രേഖയില്ലാ ജന്മങ്ങളുടെ
    കരുവാളിച്ച കരങ്ങളില്‍
    കറുത്തു കണ്ട
    രേഖകളിലെ ശാസ്ത്രമെന്താവും ?

    good

    ReplyDelete
  29. ശക്തമായ വരികളില്‍ തീര്‍ത്ത കാബുള്ള കവിത.
    രേഖകള്‍ ഇല്ലാത്തവന്റെ എല്ലാ രേഖകളും ഈ കവിതയില്‍
    പ്രതിഫലിക്കുന്നുണ്ട്...വളരെ ഇഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    ReplyDelete
  30. അലയുന്നവര്‍ക്കായി വളരെ ശക്തമായി പ്രതികരിച്ചു. അവര്‍ക്കും എന്തെങ്കിലും ഗുണം കിട്ടാന്‍ വേണ്ടി അവരെയും സെന്‍സസ്സില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ആ ജോലിയില്‍ പങ്കാളി ആവാന്‍ പോകുന്നു ഈ ഞാനും.

    ReplyDelete
  31. പൊതുവേ കാണാൻ മടിയ്ക്കുന്ന കാഴ്ചകളെ മുന്നിലെത്തിയ്ക്കുന്നതിന്, തോറ്റവരുടെ മനസ്സ് പകർത്തുന്നതിന്........
    ഈ തീക്ഷ്ണ വാക്കുകൾക്ക് നന്ദി..നമസ്ക്കാരം.

    ReplyDelete
  32. മനാഫ് ഇക്ക ... ഷിജു എ എച് ...സുകന്യ ചേച്ചി ...Echmukutty വന്നു വായിച്ചു അഭിപ്രായം അറിട്യിച്ച എല്ലാ സ്നേഹിതര്‍ക്കും നന്ദി ...ഇന്യും വരുമെന്ന പ്രതീക്ഷയോടെ സസ്നേഹം ...............

    @സുകന്യ ചേച്ചീ സന്തോഷമുള്ള വാര്‍ത്ത ... അവര്‍ക്കും കിട്ടട്ടെ സര്‍ക്കാരില്‍ നിന്നുള്ള ആനു കൂല്ല്യങ്ങളൊക്കെ .......

    ReplyDelete
  33. നൊമ്പരപ്പെടുത്തുന്ന രചന.
    ആശംസകള്‍

    ReplyDelete
  34. ദാരിദ്ര്യത്തിനെതിരെയും നേരെയും നിന്ന് പടവട്ടിയല്ലേ പല തൂലികകളും ചലിച്ചത്, വാക്കുകള്‍ മാറ്റൊലി കൊണ്ടത്‌, ആവേശം അണപോട്ടിയത്. മഹാപ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്!
    നല്ല ചിന്തകള്‍, വരികള്‍,

    ReplyDelete
  35. സമൂഹത്തില്‍ എന്നും കാണുന്നതാനെന്കിലും ഒരു രാഷ്ട്രീയക്കാരനും ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല...കാരണം ഒരു രേഖയുമില്ലാത്ത ഇവര്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്ന ഒരു കാരണം കൊണ്ട്‌ മാത്രം.....

    ReplyDelete
  36. ഷലീര്‍ .. ഓരോ കവിതകളായി വായിച്ചു വരികയാണ്. പ്രമേയങ്ങളുടെ സാമൂഹ്യ പ്രസക്തിയാണ് ആദ്യം മന്സ്സിലുടക്കിയത്. പിന്നെ കവിതകള്‍ അവസാനിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന വരികളുടെ തീക്ഷ്ണതയും.

    ReplyDelete
  37. എന്നിട്ടും തോന്നിയോ
    തമ്മില്‍ ഭേദം കുപ്പ മാന്തുമാ ശ്വാന ജന്മം...??

    താങ്കളുടെ വരികളില്‍ അഗ്നി ഒളിപ്പിച്ചിട്ടുണ്ട് ..എല്ലാ കവിതകളിലൂടെയും കടന്നു പോകുന്നു ..
    നന്ദി

    ReplyDelete
  38. സമൂഹത്തിലെ പട്ടിണി പാവങ്ങളുടെ ജീവിതത്തെ ആരും കണ്ടില്ല നടിക്കുന്നവരെ പറ്റി ഇത്ര നല്ല രീതിയില്‍ ആവ്ഷ്കരിച്ചതിനു ഒരുപാടു അഭിനന്ദനങള്‍

    ReplyDelete