ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽ
ഒഴുക്കിൽ ഒരു പുഴ ശിലപോൽ
ഉറഞ്ഞുപോവുന്നു എന്നാണ് ..
അടിമുതൽ അലവരെ
ആകാശം പോലെവിളറിപ്പോവുന്നു എന്നാണ്....
ഒരു നേർത്ത പിണക്കത്തിന്റെ
മണൽത്തരി മുതൽ
ആശയുടെ ആകാശക്കോട്ട കെട്ടിയ
വള്ളങ്ങൾവരെ സകലതും
നിശ്ചലമായിത്തീരുന്നു എന്നാണ്...
നൂലറ്റു പോയൊരു താരാട്ട്
കാറ്റ് പോലെ അലഞ്ഞു തളർന്നാ
ശിലാ പ്രതലത്തിൽ തലയടിച്ചു
കറങ്ങി വീണേക്കും..
പൊട്ടിയുടഞ്ഞാൽ പിന്നെ
പിടിച്ചു നിർത്താനാവാത്തോരു ചിരിയൊച്ച..
കണ്ണിലെ കൊത്തിയടച്ച ഉറവകളെ
പിന്നെയും പിന്നെയും കുത്തി തുളച്ചേക്കും..
തല്ലിപ്പോയ കൈകളെ..
പിച്ചിപ്പോയ വിരലുകളെ..
കടിച്ചു പറിച്ചു വലിച്ചെറിയാൻ
ഉള്ളറിയാതെ തുനിഞ്ഞു പോയേക്കും..
എന്തെന്നാൽ.....
ഇളംമിഴിയൊന്നടയുന്നുവെന്നാൽ
ഇന്ദ്രിയങ്ങളാകെയും
ഇരുട്ട് മൂടുന്നു എന്നാണ്...
ഒരു വീട് മരുഭൂമിയുടെ ഭിത്തികൾ മാത്രമായിപ്പോവുന്നു എന്നാണ്.. !
തിരഞ്ഞാൽ കാണാത്തൊരു
കുഞ്ഞു ഖബറിൽ ഹൃദയ ധമനികൾ
മൈലാഞ്ചി വേരായി പടർന്നു പോവുന്നു എന്നാണ്....!
____________Sha Ly___________
0 comments:
Post a Comment