Ind disable

Sunday, June 15, 2014

തണല്‍ മരങ്ങള്‍ ...

തണല്‍ മരങ്ങള്‍ ...



മദിച്ചു വന്നിട്ടിപ്പോ തിരിച്ചു നടക്കുന്നത് 
എതിരെ വന്നു മതിലു തീര്‍ത്ത നിന്റെ 
വീറും മോറും കണ്ടിട്ടല്ല
നില മറന്നു നടന്നപ്പോള്‍ 

കാണാതെ പോയ മുഖങ്ങളും 

ചവിട്ടിയുടച്ച കനവുകളുമുണ്ട്
മതി മറന്നോടവേ മെതിച്ചു തള്ളിയ 
കണ്ണീരിന്റെ നനവുള്ള ഒരു പിടി  മോഹങ്ങളുണ്ട് 

എന്റെ നന്മയെ കാംക്ഷിച്ചു സ്വരുക്കൂട്ടി വെച്ചിട്ടും 
ഞാന്‍ ഞെരിചൊതുക്കി കശക്കിയെറിഞ്ഞ 
അളവറ്റ പ്രതീക്ഷകളുടെ ചപ്പു കൂമ്പാരങ്ങളുണ്ട്
പെറ്റ വയറിന്റെ ചങ്കിലിറങ്ങിപ്പോയ 
കനല്‍ ചൂടുള്ള ഗദ്ഗദങ്ങള്‍ക്കൊപ്പം
ഇന്നും ഉരുകി വേവുന്ന പ്രത്യാശകള്‍

ദിശയറിയാതെ കുതിച്ചു ചാടുന്നവൻ
നില വിട്ടു വീണു പോവാതിരിക്കാന്‍ 

ആയുസ്സുരുക്കി നെയ്തു തന്ന വലയെ 

കെണിയെന്നു പറഞ്ഞരുമ മകന്‍ 
പടിയിറങ്ങുമ്പോള്‍
സ്വന്തം വലയില്‍ ഒട്ടിപ്പിടിച്ചോ കെട്ടിത്തൂങ്ങിയോ
മരണം വരിക്കാന്‍ കഴിയാതെ പോകുന്ന 
എട്ടു കാലിയുടെ നിസ്സഹായതയുമായി 
മാറിയിരുന്നു മിഴി തുടച്ചൊരു ദൃഡ ഗാത്രമുണ്ട്
തണലു കൊടുത്ത് കാത്തു വെച്ചതൊക്കെയും
തരിശായി പോകുന്നത് കരളു പിടഞ്ഞു കണ്ടു നിന്ന്
വേരും ശിഖരവും തളര്‍ന്നു പോയ പടുമരം...

ഇലപ്പെരുമയുടെ ഭൂതകാല സ്മൃതികളെ ഊര്‍ജ്ജമാക്കി

ഉണക്കച്ചില്ലകള്‍ കാറ്റിനോട് മല്ലിടുന്ന 

വൃദ്ധ വൃക്ഷങ്ങള്‍ക്കൊരു  തണലായ്‌- 

പടരണമെന്ന വെളിപാടില്‍ 
മണലു ചുടുന്ന മരു വെയിലിലേക്ക്‌ 

മുതുക് നിവര്‍ത്തുമ്പോഴാണ് 

ഉച്ചി പതച്ച് ഉള്ളുരുകിയാണീ 

മരമായ മരങ്ങളൊക്കെയും

തണലിലെ തളിരിനു കുളിരു പകുക്കുന്നതെന്ന

കാണാ കാഴ്ചയില്‍ കരളൊരു 
ഉപ്പുകല്ലായി ചുരുങ്ങിപ്പോകുന്നത്..!!
--------------------------------Shaleer Ali---------------------------------

8 comments:

  1. നല്ല വരികൾ..

    ചില വരികൾ കൂടുതൽ ഇഷ്ടമായി..
    ആശംസകൾ സലീർ

    ReplyDelete
  2. എട്ടുകാലി വല ..അതെനിക്കേറെ ഇഷ്ടമായി !

    ReplyDelete
  3. പ്രവാസം എന്ന തണല്‍ മരത്തിന്റെ വേദനയും തീക്ഷ്ണതയും

    ReplyDelete